ന്യൂഡല്‍ഹി: വെള്ളംകുടി മുട്ടിനില്‍ക്കുന്ന ഐ.പി.എല്ലില്‍ കൊച്ചിക്ക് നറുക്കു വീഴുമോ..? സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലായിരിക്കെ പിച്ചും മൈതാനവും നനക്കാന്‍ ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നടത്തുന്നതിനെതിരെ കോടതിപോലും വിമര്‍ശമുന്നയിച്ചിരിക്കെ മത്സരവേദികള്‍ മാറ്റുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ് ബോര്‍ഡിന്‍െറ കണ്ണില്‍ കൊച്ചി പതിയുന്നത്. മഹാരാഷ്ട്രയില്‍ നടത്താനിരുന്ന മത്സരങ്ങളുടെ വേദി മാറ്റിയാല്‍ പകരം പരിഗണിക്കുന്ന സ്റ്റേഡിയങ്ങളില്‍ കൊച്ചിയുമുണ്ട്.
മുംബൈ വാംഖഡെ, നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോ. സ്റ്റേഡിയം, പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി 20 ഐ.പി.എല്‍ ട്വന്‍റി20 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത് വാംഖഡെയിലാണ്. രൂക്ഷമായ ജലക്ഷാമത്തിന്‍െറ സാഹചര്യത്തില്‍ പിച്ചും മൈതാനവും നനക്കാന്‍ വന്‍തോതില്‍ വെള്ളം വേണ്ടിവരുന്നതിനാല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായ ‘ലോക്സത്ത’ എന്ന സന്നദ്ധ സംഘടനയാണ് ഹൈകോടതിയെ സമീപിച്ചത്.
ഉദ്ഘാടനവും ഫൈനലുമടക്കം എട്ട് മത്സരങ്ങളുടെ വേദിയാണ് വാംഖഡെ. ഒമ്പത് മത്സരങ്ങള്‍ പുണെയില്‍ നടക്കും. മൂന്നു മത്സരങ്ങള്‍ക്ക് വേദി നിശ്ചയിച്ചത് നാഗ്പുരിലാണ്. വേദി മാറ്റുന്നതിനെക്കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, നവാഗതരായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ് എന്നീ ടീമുകളുടെ ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാകുര്‍ അറിയിച്ചു. കേസ് കോടതിയില്‍ സമര്‍പ്പിച്ചത് വൈകിയായതിനാല്‍ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരം തടയാന്‍ കഴിയില്ളെന്ന് ഹൈകോടതി നേരത്തെ അറിയിച്ചിരുന്നു. ഈ മാസം 12ലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ മുന്നില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ വേദി മാറ്റുക. അല്ളെങ്കില്‍ പിച്ച് നനക്കാന്‍ ആവശ്യമായ വെള്ളം വിലകൊടുത്തു വാങ്ങുക. വില കൊടുത്തു വാങ്ങിയാല്‍ പോലും വരള്‍ച്ചയുടെ സാഹചര്യത്തില്‍ വിവാദം അവസാനിക്കില്ളെന്നിരിക്കെ മിക്കവാറും വേദി മാറ്റാനാണ് സാധ്യത.
വരള്‍ച്ചയുടെ സാഹചര്യത്തില്‍ മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ പ്രശ്നമില്ളെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍നിന്ന് രൂക്ഷമായ വരള്‍ച്ചയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനായി കലാപങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യരും പക്ഷിമൃഗാദികളും വെള്ളം കിട്ടാതെ പിടഞ്ഞുവീഴുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പിച്ച് നനക്കാന്‍ ഉപയോഗിക്കുന്നതെങ്ങനെയാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഈ പശ്ചാത്തലത്തില്‍ വേദി മാറ്റാന്‍ തീരുമാനിച്ചാല്‍ ചെന്നൈ, റാഞ്ചി, കട്ടക്ക്, കാണ്‍പുര്‍, കൊച്ചി എന്നിവിടങ്ങളെ പരിഗണിക്കാനാണ് സാധ്യത. കൊച്ചി ടസ്കേഴ്സ് കേരള ഐ.പി.എല്ലില്‍ കളിച്ച 2011ലെ ഏക സീസണു ശേഷം കൊച്ചിയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തിയിട്ടില്ല. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെ സസ്പെന്‍ഡ് ചെയ്തതിനാല്‍ ചെന്നൈയിലും ഇത്തവണ കളി നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.