ഗുജറാത്ത് ലയണ്‍സിന് അഞ്ചുവിക്കറ്റ് ജയം

മൊഹാലി: സുരേഷ് റെയ്നയുടെ നായകത്വത്തില്‍ കന്നി മത്സരത്തിനിറങ്ങിയ പുത്തന്‍കൂറ്റുകാരായ ഗുജറാത്ത് ലയണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്‍െറ അനായാസ ജയം. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് സിംഹങ്ങള്‍ മറികടന്നത്. ആരോണ്‍ ഫിഞ്ചിന്‍െറ അര്‍ധ സെഞ്ച്വറിയും പുറത്താകാതെ ഉറച്ചുനിന്ന ദിനേശ് കാര്‍ത്തിക്കിന്‍െറ പ്രകടനവുമാണ് ഗുജറാത്തുകാരെ ആദ്യ മത്സരത്തില്‍ വിജയികളാക്കിയത്.

അനായാസ ജയം പ്രതീക്ഷിച്ച കാണികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് സിംഹങ്ങളുടെ തുടക്കം. കുറ്റനടി മാത്രം ശീലമുള്ള ബ്രണ്ടം മക്കല്ലം റണ്ണെടുക്കും മുമ്പ് പുറത്ത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ സന്ദീപ് ശര്‍മയെ കയറിയടിക്കാനുള്ള ശ്രമം പാളിയ മക്കല്ലത്തെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്റ്റമ്പ് ചെയ്തു പുറത്താക്കി. തുടര്‍ന്ന് ക്രീസിലത്തെിയ ക്യാപ്റ്റന്‍ റെയ്ന ആക്രമണ മൂഡില്‍ തന്നെയായിരുന്നു. മറുവശത്ത് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ഉത്തരവാദിത്തത്തോടെ ബാറ്റേന്തി. ഒമ്പത് പന്തില്‍ രണ്ട് സിക്സറും ഒരു ബൗണ്ടറിയുമായി കത്തിക്കയറുന്നതിനിടയില്‍ റെയ്നക്ക് കാലിടറി. മാര്‍കസ് സ്റ്റോണിസിന്‍െറ വേഗം കുറഞ്ഞ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച റെയ്നയെ മിച്ചല്‍ ജോണ്‍സണ്‍ മിഡ് ഓഫില്‍ പിടികൂടി.

പിന്നീട് തന്‍െറ തനതത് ശൈലിയിലേക്കുയര്‍ന്ന ഫിഞ്ച് ഗിയര്‍ മാറ്റിയതോടെ റണ്‍സ് ഇടതടവില്ലാതെ ഒഴുകി. 47 പന്തില്‍ 12 ബൗണ്ടറികളുമായി കളം വാണ ഫിഞ്ചിനെ ഒടുവില്‍  പ്രദീപ് സാഹുവിന്‍െറ പന്തില്‍ വൃദ്ധിമാന്‍ സാഹ സ്റ്റമ്പു ചെയ്തു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഫിഞ്ച് പവിലിയനിലത്തെി. പകരമത്തെിയ ദിനേശ് കാര്‍ത്തിക്ക് ഉറച്ചുനിന്നപ്പോള്‍ വിജയത്തിലേക്ക് വീണ്ടും ഗുജറാത്തുകാര്‍ മാര്‍ച്ചു ചെയ്തു. ഇടയ്ക്ക് രവീന്ദ്ര ജദേജയും ഇശാന്‍ കിഷനും വന്നുപോയെങ്കിലും കാര്യമായ നഷ്ടമൊന്നുമുണ്ടായില്ല. കളി ജയിക്കുമ്പോള്‍ 26 പന്തില്‍ 41 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും രണ്ട് റണ്‍സുമായി ഡൈ്വന്‍ ബ്രാവോയുമായിരുന്നു ക്രീസില്‍.

നേരത്തേ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്ന പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വമ്പന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന പഞ്ചാബിനെ 162ല്‍ പിടിച്ചുനിര്‍ത്തിയത് നാല് വിക്കറ്റ് വീഴ്ത്തിയ ഡൈ്വന്‍ ബ്രാവോയാണ്.
ഓപണ്‍ ചെയ്യാനിറങ്ങിയ മുരളി വിജയും മനന്‍ വോറയും ഉശിരന്‍ തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഒമ്പത് റണ്‍സിനു മുകളില്‍ ശരാശരിയില്‍ ഇരുവരും ചേര്‍ന്ന് ഒമ്പതാമത്തെ ഓവറില്‍ 78 റണ്‍സ് അടിച്ചുചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. വോറയാണ് (23 പന്തില്‍ 38) ആദ്യം വീണത്.  34 പന്തില്‍  42 റണ്‍സുമായി മുരളിയും മടങ്ങി. ഇരുവരും തീര്‍ത്ത അടിത്തറയില്‍ അതേ ആവേശത്തില്‍ കത്തിക്കയറാന്‍ പിന്നാലെ വന്നവര്‍ക്കാകാതെ പോയതാണ് 200 കടക്കുമെന്ന് കരുതിയ സ്കോര്‍ 161ല്‍ ഒതുങ്ങിയത്. മുരളി വീണതിന് പിന്നാലെ എത്തിയ കൂറ്റനടിക്കാരായ ഡേവിഡ് മില്ലറിനോ ഗ്ളെന്‍ മാക്സ്വെല്ലിനോ കാര്യമായൊന്നും ചെയ്യാനായില്ല. ഒരു സിക്സറൊക്കെ അടിച്ചുനോക്കിയെങ്കിലും മില്ലറുടെ ആയുസ്സ് ബ്രാവോയുടെ പന്തില്‍ അവസാനിച്ചു. ബ്രാവോയുടെ യോര്‍ക്കറിനു മുന്നില്‍ മില്ലര്‍ പകച്ചുപോയി. ഒരു പന്തിന്‍െറ ഇടവേളയില്‍ ബ്രാവോ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ മാക്സ്വെല്ലിന്‍െറ കഥകഴിഞ്ഞു. ഇത്തവണ വേഗംകുറഞ്ഞ യോര്‍ക്കറാണ് പണി പറ്റിച്ചത്. സ്കോര്‍ അപ്പോള്‍ നാല് വിക്കറ്റിന് 102.

പിന്നീട് ഇന്നിങ്സ് തകരാതെ നോക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയും മാര്‍കസ് സ്റ്റോണിസും ചേര്‍ന്ന് നടത്തിയ അറ്റകുറ്റപ്പണിയിലാണ് പഞ്ചാബ് കരകയറിയത്. ഒറ്റ ബൗണ്ടറിപോലും പായിക്കാതെ 25 പന്തില്‍ സാഹ 20 റണ്‍സ് ചേര്‍ത്തപ്പോള്‍ നാല് ബൗണ്ടറിയോടെ സ്റ്റോണിസ് 22 പന്തില്‍ 33 റണ്‍സെടുത്തു. അവസാന ഓവറില്‍ ബ്രാവോയുടെ വാഴ്ചയായിരുന്നു. സാഹയെയും സ്റ്റോണിസിനെയും പറഞ്ഞയച്ച ബ്രാവോ മറ്റൊരു വിക്കറ്റുകൂടി നേടേണ്ടതായിരുന്നു. അക്ഷര്‍ പട്ടേല്‍ ഉയര്‍ത്തിയടിച്ച പന്ത് സരബ്ജിത് ലദ്ദ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ ബ്രാവോ നൃത്തത്തിന് കൊഴുപ്പേറിയേനെ.
കഴിഞ്ഞ വര്‍ഷത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായ ബ്രാവോ നാല് ഓവറില്‍ 22 റണ്‍സിനാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ജദേജ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.