ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ 41 ഡിഗ്രി ചൂടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ബാറ്റും ബാളും നിന്നുതിളച്ചപ്പോള്‍ ഹോംഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എട്ടു വിക്കറ്റിന്‍െറ തോല്‍വി. ഹൈദരാബാദുയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ക്യാപ്റ്റന്‍ ഗംഭീറിന്‍െറ അത്യുഗ്രന്‍ ഇന്നിങ്സിന്‍െറ മികവില്‍ കൊല്‍ക്കത്ത മറികടന്നു. 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗംഭീര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ഈ ജയത്തോടെ കൊല്‍ക്കത്ത വിജയവഴിയില്‍ തിരിച്ചത്തെിയപ്പോള്‍ സണ്‍റൈസേഴ്സിന്‍െറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായി.
സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ഏഴിന് 142, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.2 ഓവറില്‍ രണ്ടു വിക്കറ്റിന് 146.
താരതമ്യേന കുറഞ്ഞ സ്കോറിനു മുന്നില്‍ ആത്മവിശ്വാസത്തോടെയാണ് കൊല്‍ക്കത്ത ബാറ്റുവീശിയത്. ഓപണര്‍മാരായ ഗംഭീറും ഉത്തപ്പയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കം നല്‍കിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഒന്നാം വിക്കറ്റില്‍ ഇരുവരും 92 റണ്‍സ് ചേര്‍ത്തു. ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കം സ്വപ്നംകണ്ടു നില്‍ക്കുന്ന ഗംഭീറിന്‍െറ ഇന്നിങ്സായിരുന്നു എടുത്തുപറയേണ്ടത്. വിക്കറ്റിന് നാലുപാടും ബൗണ്ടറികള്‍ പായിച്ച ഗൗതം ഗംഭീര്‍ 60 പന്തില്‍നിന്ന് 13 ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് 90 റണ്‍സ് വാരിക്കൂട്ടിയത്. ആദ്യ വിക്കറ്റ് വീഴ്ത്താനായി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് 13ാം ഓവര്‍ വരെ കാത്തുനില്‍ക്കേണ്ടിവന്നു. 34 പന്തില്‍നിന്ന് 38 റണ്‍സെടുത്ത് ആദ്യ വിക്കറ്റായി ഉത്തപ്പ പുറത്താകുമ്പോള്‍ കൊല്‍ക്കത്ത വിജയം ഏതാണ്ടുറപ്പിച്ചിരുന്നു. ഉത്തപ്പക്ക് തൊട്ടുപിറകെ ആന്ദ്രേ റസല്‍ (2) വീണെങ്കിലും പിന്നീടത്തെിയ മനീഷ് പാണ്ഡേ (11 നോട്ടൗട്ട്) ക്യാപ്റ്റന് അടിയുറച്ച പിന്തുണ നല്‍കിയതോടെ കൊല്‍ക്കത്ത അനായാസം ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ ബംഗളൂരുവിനോട് നടത്തിയ ചെറുത്തുനില്‍പിന്‍െറ നിഴല്‍പോലും സണ്‍റൈസേഴ്സില്‍നിന്ന് കാണാന്‍ കഴിഞ്ഞില്ല. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചില്‍ ടോസിന്‍െറ ഭാഗ്യവും സണ്‍റൈസേഴ്സിനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനത്തിന് മൂന്നാം ഓവറില്‍ തിരിച്ചടി കിട്ടി. ക്രീസില്‍ നിരന്തരമായി പരാജയപ്പെടുന്ന ശിഖര്‍ ധവാന്‍ (6) തന്നെയായിരുന്നു ആദ്യം പുറത്തായത്.
ധവാനു പിറകെ ശീട്ടുകൊട്ടാരംപോലെ തകര്‍ന്ന സണ്‍റൈസേഴ്സ് ബാറ്റിങ് നിരയില്‍ കൊല്‍ക്കത്തയുടെ ബൗളിങ് ആക്രമണത്തെ ചെറുത്തുനിന്നത് മോര്‍ഗനും നമാന്‍ ഓജയും മാത്രം. 43 പന്തില്‍ രണ്ട് സിക്സറും മൂന്നു ഫോറും അടക്കം 51 റണ്‍സെടുത്ത മോര്‍ഗനും 28 പന്തില്‍ 37 അടിച്ചെടുത്ത നമാന്‍ ഓജയുമാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ചെറിയ മാറ്റവുമായാണ് ഇരു ടീമുകളും ഇന്നലെയിറങ്ങിയത്. സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്കുവേണ്ടി ഇറങ്ങിയപ്പോള്‍ ഹൈദരാബാദിനുവേണ്ടി പരിക്കേറ്റ നെഹ്റക്ക് പകരം ബാരിന്ദര്‍ സ്രാണ്‍ ടീമില്‍ ഇടംനേടി. ബൗളിങ്ങില്‍ കൊല്‍ക്കത്തക്കായി ഉമേഷ് യാദവ് മൂന്നും മോര്‍ക്കല്‍ രണ്ടും ആന്ദ്രേ റസല്‍ ഒരു വിക്കറ്റും നേടി. അതേസമയം, സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മുസ്തഫിസുര്‍ റഹ്മാനും ആശിഷ് റെഡ്ഡിയുമാണ് വിക്കറ്റുകള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.