മഴ കാക്കുമോ വിന്‍ഡീസിനെ...?

കിങ്സ്റ്റണ്‍: തുടര്‍ച്ചയായ രണ്ടാം പരാജയം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വെസ്റ്റിന്‍ഡീസിനെ കാലാവസ്ഥ കാക്കുമോ...? ഒന്നാമിന്നിങ്സില്‍ ഇന്ത്യ നേടിയ 304 റണ്‍സിന്‍െറ ലീഡ് വിന്‍ഡീസ് എങ്ങനെ ചെറുക്കുമെന്നതാണ് ഇനിയത്തെ ചോദ്യം. അതിനിടയില്‍ മോശം കാലാവസ്ഥ കാരണം നാലാം ദിവസം വൈകി തുടങ്ങിയ കളി മഴ കാരണം പിന്നെയും നിര്‍ത്തിവെച്ചു. അജിന്‍ക്യ രഹാനെയും സെഞ്ച്വറി നേടിയപ്പോള്‍ ഒന്നാമിന്നിങ്സ് ഇന്ത്യ ഒമ്പത് വിക്കറ്റിന് 500 എന്ന നിലയില്‍ മൂന്നാം ദിവസംതന്നെ ഡിക്ളയര്‍ ചെയ്തിരുന്നു. പെട്ടെന്ന് മഴ പെയ്തതിനാല്‍ മൂന്നാം ദിവസം തന്നെ വിന്‍ഡീസിന് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നില്ല.

237 പന്തില്‍ 13 ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം രഹാനെ 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 42 പന്തില്‍ 21 റണ്‍സുമായി അമിത് മിശ്ര രഹാനെയെ വാലറ്റത്ത് പിന്തുണച്ചു. 14 പന്തില്‍ ഉമേഷ് യാദവ് നാല് ബൗണ്ടറി സഹിതം 19 റണ്‍സെടുത്തു പുറത്തായ ഉടന്‍ കോഹ്ലി ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. 121 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റിട്ട റോസ്റ്റണ്‍ ചേസിന്‍െറ പ്രകടനമായിരുന്നു വെസ്റ്റിന്‍ഡീസിന് എടുത്തു പറയാവുന്നതായി ശേഷിച്ചത്.

തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങാതെ മഴ വിന്‍ഡീസിനെ കാത്തു. ഗ്രൗണ്ടിലെയും പിച്ചിലെയും ഈര്‍പ്പം കാരണം നാലാം നാള്‍ കളി തുടങ്ങാന്‍ വൈകി. ഒടുവില്‍ പ്രാദേശിക സമയം 10.30ന് കളി പുനരാരംഭിച്ച ഉടന്‍തന്നെ വെസ്റ്റിന്‍ഡീസിന് ആദ്യ വിക്കറ്റും നഷ്ടമായി. സ്കോര്‍ അഞ്ചില്‍ എത്തിയ ഉടന്‍ ഇശാന്ത് ശര്‍മയുടെ പന്തില്‍ കുറ്റി തെറിച്ച് രാജേന്ദ്ര ചന്ദ്രിക പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്ത് ലീവ് ചെയ്യുന്നതിനിടയില്‍ കുത്തിപ്പൊങ്ങി ചന്ദ്രികയുടെ കൈമുട്ടില്‍ തട്ടി സ്റ്റംപിലേക്ക് പതിക്കുകയായിരുന്നു. ഒരു റണ്‍കൂടി ചേര്‍ക്കുമ്പോഴേക്കും വീണ്ടും വില്ലനായി മഴയത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.