കറാച്ചി: തുടർതോൽവികളുടെ ആഘാതവും സൂപ്പർ താരങ്ങളെ പുറത്താക്കലുമടക്കം പ്രശ്നങ്ങളിൽ നീറുന്ന പാക് ക്രിക്കറ്റിന് ആശ്വാസവും തിരിച്ചുവരവുമായി ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ജയം. ആദ്യ ടെസ്റ്റിൽ തോറ്റമ്പിയ ആതിഥേയർ 152 റൺസിന്റെ ജയത്തോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്. ഇതോടെ, റാവൽപിണ്ടിയിൽ അടുത്തയാഴ്ച നടക്കുന്ന മത്സരം നിർണായകമാകും. പൊടിനിറഞ്ഞ മുൽത്താനിലെ പിച്ചിൽ 297 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ നൊമാൻ അലിയുടെ മാരക സ്പിന്നിന്റെ മികവിൽ പാകിസ്താൻ നാലാം ദിനം 144ന് പുറത്താകുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ 366 റൺസടിച്ച പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 221 റൺസാണ് നേടിയത്. ഒന്നാം ഇന്നിങ്സിൽ 291 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെ പാകിസ്താൻ 150 തികയും മുമ്പ് കറക്കിവീഴ്ത്തുകയായിരുന്നു. ആതിഥേയ നിരയിൽ രണ്ടുപേർ മാത്രമാണ് പന്തെറിഞ്ഞത്. നൊമാൻ അലി 16.3 ഓവറിൽ 46 റൺസ് വഴങ്ങി എട്ടുപേരെ തിരിച്ചയച്ചപ്പോൾ ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ സാജിദ് ഖാൻ സ്വന്തമാക്കി. ഇംഗ്ലീഷ് ബാറ്റിങ്ങിൽ 37 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ടോപ് സ്കോറർ. ബ്രൈഡൻ കാഴ്സ് (27), ഒലീ പോപ് (22), ജോ റൂട്ട് (18), ഹാരി ബ്രൂക് (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
തുടർച്ചയായി ആറ് തോൽവികളും അത്രത്തോളം സമനിലകളുമായി 11 കളികളിൽ ഒന്നുപോലും ജയിക്കാതെ അസ്തിത്വപ്രതിസന്ധിയിൽ നിൽക്കുകയായിരുന്നു പാക് ടീം. ബാബർ അഅ്സം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നീ കൊമ്പന്മാരെ അടുത്തിടെ ടീം പുറത്താക്കിയിരുന്നു. കടുത്ത ആരോപണങ്ങൾ ടീമിനെ വിഴുങ്ങുമെന്നനിലയിൽ നിൽക്കെയാണ് തിരിച്ചുവരവ്. ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ പരമ്പര ജയിക്കാനായാൽ ടീമിന് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.