സർ​ഫറാസിന് സെഞ്ച്വറി; ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ തിരിച്ചുകയറുന്നു

ബംഗളൂരു: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഉശിരൻ സെഞ്ച്വറിയുമായി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്ന് സർഫറാസ് ഖാൻ. മൂന്നാം ദിനം 70 റൺസുമായി ക്രീസിലുണ്ടായിരുന്ന താരം ഏകദിന ശൈലിയിൽ റണ്ണടിച്ച് അതിവേഗം ശതകത്തിലേക്ക് കുതിക്കുകയായിരുന്നു. നാലാം ടെസ്റ്റ് കളിക്കുന്ന താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. നേരത്തെ മൂന്ന് അർധ സെഞ്ച്വറി നേടിയിട്ടുള്ള സർഫറാസ് ന്യൂസിലാൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയിരുന്നു.

മൂന്നാംദിനം കിവീസിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 59 ഓവർ പിന്നിടുമ്പോൾ മൂന്നിന് 280 റൺസെന്ന നിലയിലാണ്. 119 പന്ത് നേരിട്ട് മൂന്ന് സിക്സും 14 ഫോറുമടക്കം 106 റൺസുമായി ക്രീസിലുള്ള സർഫറാസിന് കൂട്ടായി 11 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്താണുള്ളത്. ഇപ്പോഴും ന്യൂസിലാൻഡിനേക്കാൾ 76 റൺസ് പിറകിലാണ് ഇന്ത്യ. ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52), സൂപ്പർ താരം വിരാട് കോഹ്ലി (70) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.

ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായി നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ വിക്കറ്റ് വീണത് 72 റൺസിലാണ്. 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രോഹിത് വീണെങ്കിലും മൂന്നാം വിക്കറ്റിൽ കോഹ്‍ലി - സർഫറാസ് സഖ്യം 136 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വെള്ളിയാഴ്ച എറിഞ്ഞ അവസാന പന്തിൽ കോഹ്‍ലി പുറത്തായത് ഇന്ത്യക്ക് നിരാശയായിരുന്നു.

മധ്യനിര താരം രചിൻ രവീന്ദ്രയുടെ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയത്. 157 പന്തിൽ നാല് സിക്സും 13 ഫോറും സഹിതം 134 റൺസാണ് താരം അടിച്ചെടുത്തത്. ഡെവൺ കോൺവെ (91), ടിം സൗത്തി (65) എന്നിവരുടെ അർധ സെഞ്ച്വറിയും ന്യൂസിലൻഡിന് കരുത്തായി. എട്ടാം വിക്കറ്റിൽ രചിനൊപ്പം സെഞ്ച്വറിക്കൂട്ടുകെട്ട് സൃഷ്ടിക്കാനും സൗത്തിക്ക് കഴിഞ്ഞു. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജദേജയും മൂന്ന് വീതം വിക്കറ്റ് നേടി.

Tags:    
News Summary - Century for Sarfaraz; India bounce back in Bengaluru Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.