ക്രൈസ്റ്റ്ചര്‍ച്ച്: ‘ബസ്, ഇതിലും മനോഹരമായൊരു വിടവാങ്ങല്‍ സ്വപ്നങ്ങളില്‍ മാത്രം’ -ഓരോ ക്രിക്കറ്റ് പ്രേമിയും ബ്രണ്ടന്‍ മക്കല്ലം എന്ന അതികായനു മുന്നില്‍ ശിരസ്സുനമിച്ച് പറയുന്നു. ഒപ്പം നഷ്ടബോധംകൊണ്ട് അവരുടെ മനസ്സു പിടയുന്നു, ഇനിയൊരു ഇന്നിങ്സിനപ്പുറം ആ ക്രിക്കറ്റ് വസന്തമില്ല. അവസാന ടെസ്റ്റിലും അസാമാന്യനെന്നു തെളിയിച്ച് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ആരാധകര്‍ക്ക് നല്‍കിയത് ചരിത്ര വിരുന്ന്. ഓരോ പന്തിനെയും ബൗണ്ടറിയോട് പ്രണയമറിയിക്കാന്‍ പറത്തിവിട്ട് മക്കല്ലം നടത്തിയ സെഞ്ച്വറി വിരുന്ന് ഇതിഹാസതാരത്തിനൊത്ത വിടവാങ്ങല്‍ കുറിക്കുന്നു. അതിവേഗ സെഞ്ച്വറിക്കാരനെന്ന ചരിത്രകുപ്പായവുമണിഞ്ഞ് ഇങ്ങനെ യാത്രപറയാന്‍ മറ്റാര്‍ക്കാണ് കഴിയുക.
ട്രാന്‍സ്-ടാസ്മാന്‍ ട്രോഫിക്കായി സ്വന്തം നാട്ടില്‍ ചിരവൈരികളായ ആസ്ട്രേലിയയോട് ഏറ്റുമുട്ടുന്ന പരമ്പരയില്‍ തന്നെ വിരമിക്കാന്‍ തീരുമാനമെടുത്ത മക്കല്ലത്തിന് കരിയറിലെ 100ാം ടെസ്റ്റ് കൂടിയായിരുന്ന ആദ്യ ടെസ്റ്റ് കയ്പേറിയതായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഡെക്കായും രണ്ടാം ഇന്നിങ്സില്‍ 10 റണ്‍സുമായും മടക്കം. എന്നാല്‍, 101ാം ടെസ്റ്റിനായി ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലെ ഓവലിലേക്കത്തെിയപ്പോള്‍ മക്കല്ലം ആരാണെന്നും ആ ബാറ്റിന്‍െറ കരുത്ത് എന്താണെന്നും വീണ്ടും ലോകം കണ്ടു, 54 പന്തില്‍ പിറന്ന ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയിലൂടെ.ഓരോ പന്തും ഫോറിനോ സിക്സിനോ പറത്താനായിരുന്നു തന്‍െറ ശ്രമമെന്നാണ് സെഞ്ച്വറിയെക്കുറിച്ച് കൂട്ടുകാരുടെ പ്രിയപ്പെട്ട ബസ് പറഞ്ഞത്. താന്‍ ആരാധിച്ചുവളര്‍ന്ന വിവിയന്‍ റിച്ചാര്‍ഡ്സിനെ മറികടന്നതില്‍ അല്‍പം നാണക്കേടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭാഗ്യത്തിന്‍െറ അകമ്പടിക്കൊപ്പമാണ് കിവീസ് ക്യാപ്റ്റന്‍ സെഞ്ച്വറിക്കുതിപ്പ് നടത്തിയത്. 39 റണ്‍സില്‍ നില്‍ക്കെ ജെയിംസ് പാറ്റിന്‍സണിന്‍െറ പന്തില്‍ മിച്ചല്‍ മാര്‍ഷ് മക്കല്ലത്തെ കൈപ്പിടിയിലൊതുക്കിയിരുന്നു. എന്നാല്‍, അമ്പയര്‍ വിഡിയോ റീപ്ളേ ആവശ്യപ്പെട്ടപ്പോള്‍ കണ്ടത് പാറ്റിന്‍സണിന്‍െറ നോബാളും.
മൂന്നിന് 32 എന്നനിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെ മക്കല്ലത്തിന്‍െറ ഇന്നിങ്സാണ് താങ്ങിയത്. 20ാം ഓവറില്‍ ക്രീസിലത്തെി രണ്ടാം പന്തില്‍ ബൗണ്ടറി അടിച്ചുതുടങ്ങിയ താരം, രണ്ട് ഓവറുകള്‍ക്കുശേഷം മിച്ചല്‍ മാര്‍ഷിനെ 21 റണ്‍സുകള്‍ക്ക് ശിക്ഷിച്ചാണ് തച്ചുതകര്‍ക്കലിലേക്ക് തിരിഞ്ഞത്. ആ ഓവറില്‍ രണ്ടു വീതം ഫോറും സിക്സും പറന്നു. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷമുള്ള നാലാം ഓവര്‍ മുതലായി ബൗണ്ടറി പറത്തല്‍. ഇതിനിടെ, മികച്ച കൂട്ടായി കൊറി ആന്‍ഡേഴ്സണെയും കിട്ടിയതോടെ പിന്നീട് എല്ലാ ഓവറുകളിലും 48 ബൗണ്ടറിയായി. ഹാസ്ല്‍വുഡ് എറിഞ്ഞ 36ാം ഓവര്‍ 82ല്‍ റണ്‍സില്‍ തുടങ്ങിയ മക്കല്ലത്തിന് ആദ്യ രണ്ടു പന്തിലും റണ്‍സെടുക്കാനായില്ല. എന്നാല്‍, പിന്നീട് ഒരു സിക്സും നാലു ഫോറുമായി സെഞ്ച്വറിയിലേക്ക് മക്കല്ലം കുതിച്ചത് ക്രിക്കറ്റ് ലോകവും ആരാധകവൃന്ദവും അവിശ്വസനീയമായി കണ്ടിരുന്നു. ഒടുവില്‍ 46ാം ഓവറില്‍ 78 പന്തില്‍ 145 റണ്‍സുമായി പാറ്റിന്‍സണിന്‍െറ ബൗളിങ്ങില്‍ തന്നെ മക്കല്ലം വീണു.
മക്കല്ലത്തിന്‍െറയും ആന്‍ഡേഴ്സണിന്‍െറയും (72) വാറ്റ്ലിങ്ങിന്‍െറയും (58) ബാറ്റിങ് കരുത്തില്‍ 370 റണ്‍സാണ് ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്സില്‍ നേടിയത്.
വാലറ്റത്തിന്‍െറ പ്രകടനവും നിര്‍ണായകമായി. നഥാന്‍ ലിയോണ്‍ മൂന്നും ഹാസ്ല്‍വുഡ്, പാറ്റിന്‍സണ്‍, ബേര്‍ഡ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സുമായാണ് ആദ്യ ദിനത്തില്‍ കളി നിര്‍ത്തിയത്. ഡേവിഡ് വാര്‍ണര്‍ (12) പുറത്തായി. ജോ ബേണ്‍സും (27) ഉസ്മാന്‍ ഖ്വാജയുമാണ് (18) ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.