ബ്രിസ്ബേന്‍: ഒന്നാം ഏകദിനത്തിന്‍െറ സമാന തിരക്കഥ. ചില ചെറിയ മാറ്റങ്ങള്‍ വന്നുവെന്നല്ലാതെ കാര്യമായ വ്യത്യാസമില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ (124) ബലത്തില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തപ്പോള്‍ വെറും മൂന്നുവിക്കറ്റ് നഷ്ടത്തില്‍ കങ്കാരുപ്പട ജയം എത്തിപ്പിടിച്ചു. 

രോഹിത് ഷോ
ആസ്ട്രേലിയയില്‍ രോഹിത് ശര്‍മയുടെ ദിനങ്ങളാണ്. തുടര്‍ച്ചയായി രണ്ടാമത്തെ സെഞ്ച്വറിയോടെ രോഹിത് തന്നെയായിരുന്നു ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്‍െറ കപ്പിത്താന്‍. ക്രീസില്‍ കാലുറച്ചതിനുശേഷം ബൗളര്‍മാര്‍ക്കുമേല്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറി. 61 പന്തില്‍ അര്‍ധ സെഞ്ച്വറിയും112 പന്തില്‍ സെഞ്ച്വറിയും കുറിച്ച് മുന്നേറിയ രോഹിത് കൂറ്റനടികള്‍ക്ക് കോപ്പുകൂട്ടുന്നതിനിടെ നിര്‍ഭാഗ്യകരമായി പുറത്താവുകയായിരുന്നു. ഫോക്നര്‍ എറിഞ്ഞ 42ാം ഓവറിലെ രണ്ടാം പന്തില്‍ അജിന്‍ക്യ രഹാനെയുടെ സ്ട്രൈറ്റ് ഡ്രൈവ് ഫോക്നറിന്‍െറ കൈയില്‍തട്ടി നോണ്‍സ്ട്രൈക്ക് എന്‍ഡിലെ സ്റ്റംപില്‍ പതിക്കുമ്പോള്‍ ക്രീസിനു പുറത്തായിരുന്നു രോഹിത്. 127 പന്തില്‍ 11 ഫോറിന്‍െറയും മൂന്നു സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ആ ഇന്നിങ്സ്. 

പതിവുപോലെ
വാക്കയിലേതുപോലെ ശിഖര്‍ ധവാന്‍ തുടക്കത്തില്‍ പവലിയനിലേക്ക് മാര്‍ച്ച് നടത്തുന്നതുകണ്ടാണ് ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിയത്. ആറു റണ്‍സെടുത്ത ഡല്‍ഹിക്കാരനെ ജോള്‍ പാരിസ് വിക്കറ്റ് കീപ്പറുടെ കൈകളിലത്തെിച്ചു. മൂന്നാമനായി ക്രീസിലത്തെിയ വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്ന് രോഹിത് ഇന്നിങ്സ് കെട്ടിപ്പടുത്തു. മൂന്നാം ഓവറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന രോ-കോ സഖ്യം 125 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. 67 പന്തില്‍ 59 റണ്‍സെടുത്ത കോഹ്ലിയെ റിച്ചാഡ്സണ്‍ റണ്ണൗട്ടാക്കി. കോഹ്ലി നിര്‍ത്തിയിടത്തുനിന്ന് തുടങ്ങിയ രഹാനെ രോഹിത്തിന് പറ്റിയ കൂട്ടാളിയായി. 110 പന്തില്‍ 121 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്താണ് ഈ സഖ്യം പിരിഞ്ഞത്. ക്യാപ്റ്റന്‍ ധോണി വീണ്ടും പരാജയമായി. 10 പന്തില്‍ 11 റണ്‍സെടുത്ത ധോണിയെ ബൊലാന്‍ഡ് മാക്സ്വെല്ലിന്‍െറ കൈകളിലത്തെിച്ചു. കൂറ്റനടിക്ക് ശ്രമിച്ച് 89 റണ്‍സെടുത്ത രഹാനെയും പുറത്തായതോടെ 320ന് മുകളില്‍ ടോട്ടലുയര്‍ത്താമെന്ന ഇന്ത്യയുടെ മോഹത്തിനുമേല്‍ കരിനിഴല്‍ വീണു. 

രഹാനെ എവിടെയും പവര്‍ഫുള്‍ 
അജിന്‍ക്യ രഹാനയെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നായിരുന്നു പരമ്പര തുടങ്ങുന്നതിനുമുമ്പ് ക്യാപ്റ്റന്‍ ധോണിയുടെ ആശയക്കുഴപ്പം. കോഹ്ലി പുറത്തായതിനുശേഷം ധോണി സ്വയം താഴോട്ടിറങ്ങി രഹാനയെ ബാറ്റേല്‍പിച്ചു. രഹാനെ അതു ഭംഗിയാക്കി നിറവേറ്റി. 80 പന്തില്‍ ആറു ഫോറും ഒരു സിക്സും പറത്തി 89 റണ്‍സെടുത്ത രഹാനെ തലയുയര്‍ത്തിപ്പിടിച്ചാണ് മടങ്ങിയത്. 

ബൗളിങ് തലവേദന
ആസ്ട്രേലിയന്‍ പിച്ചുകളില്‍ അവര്‍ക്കെതിരെ 300നു മുകളില്‍ മോശപ്പെട്ട ടോട്ടലല്ല. പക്ഷേ, സ്കോര്‍ പ്രതിരോധിക്കുന്നതില്‍ ബൗളിങ് ഡിപ്പാര്‍ട്മെന്‍റ് ദയനീയമായി പരാജയപ്പെടുന്നത് ക്യാപ്റ്റന് തലവേദനയാണ്. ആദ്യ മത്സരത്തില്‍ ബരീന്ദര്‍ സ്രാന്‍ പ്രതിഭയുടെ മിന്നലാട്ടം കാണിച്ചെങ്കിലും ഓസീസിന്‍െറ ഹോംവര്‍ക്കിനുമുന്നില്‍ സ്രാന്‍ നയിക്കുന്ന പേസ് നിരയും അശ്വിന്‍ നയിച്ച സ്പിന്‍ നിരയും അമ്പേ പരാജയമായി. ബാറ്റു ചെയ്ത അഞ്ചില്‍ മൂന്നു പേര്‍ 70ന് മുകളില്‍ സ്കോര്‍ ചെയ്തു.എക്സ്ട്രാസ് ഇനത്തില്‍ 19 റണ്‍സ് ഇന്ത്യ ദാനം നല്‍കി. 

സിമ്പ്ള്‍
ഇന്ത്യന്‍ സ്കോറിനെതിരെ ഒരു സമ്മര്‍ദവുമില്ലാതെയാണ് ഓസീസ് നേരിട്ടത്. ആരോണ്‍ ഫിഞ്ചും ഷോണ്‍ മാര്‍ഷും ആദ്യ വിക്കറ്റില്‍ 145 റണ്‍സ് ചേര്‍ത്ത് നയം വ്യക്തമാക്കി.  58 പന്തില്‍ 76 റണ്‍സെടുത്ത ജോര്‍ജ് ബെയ്ലി കാര്യങ്ങള്‍ എളുപ്പമാക്കി. ക്യാപ്റ്റന്‍ സ്മിത്ത് 47 പന്തില്‍ 46 റണ്‍സെടുത്ത് നിര്‍ണായകമായി. 26 റണ്‍സുമായി മാക്സ്വെല്‍ പുറത്താകാതെ നിന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.