അശ്വിന്‍െറ വിശ്വരൂപം

ആന്‍റിഗ്വ: ആദ്യ ഇന്നിങ്സില്‍ ആര്‍. അശ്വിന്‍ വെറുമൊരു ബാറ്റ്സ്മാനായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഡബ്ള്‍ സെഞ്ച്വറി നേടിയപ്പോള്‍ അശ്വിന്‍ സെഞ്ച്വറിയുമായി ഒപ്പംനിന്നു. ബൗള്‍ ചെയ്യാനത്തെിയപ്പോള്‍ 17 ഓവര്‍ ആഞ്ഞ് പിടിച്ചിട്ടും ഒറ്റ വിക്കറ്റുപോലും സ്വന്തം പേരില്‍ കുറിക്കാനായില്ല.
പക്ഷേ, വെസ്റ്റിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിച്ച് വീണ്ടും പാഡ് കെട്ടിച്ചപ്പോള്‍ അശ്വിന്‍െറ വിശ്വരൂപം കണ്ടു. കറങ്ങിത്തിരിഞ്ഞ പന്തുകളും തന്‍െറ സ്പെഷല്‍ കാരം ബാളുകളുംകൊണ്ട് വിന്‍ഡീസ് നിരയിലെ ഏഴുപേരെയാണ് അശ്വിന്‍ അരിഞ്ഞുവീഴ്ത്തിയത്. ഇന്നിങ്സിനും 92 റണ്‍സിനും ഇന്ത്യ ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ മാച്ചിനായി കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. അശ്വിന്‍െറ പേരല്ലാതെ മറ്റൊരാള്‍ ചിത്രത്തിലുണ്ടായിരുന്നില്ല.

ഗോര്‍ഡന്‍ ഗ്രീനിഡ്ജിന്‍െറയും ഡസ്മണ്ട് ഹെയ്ന്‍സിന്‍െറയും വിവ് റിച്ചാര്‍ഡ്സിന്‍െറയും ബ്രയന്‍ ലാറയുടെയും ക്ളാസിലുള്ള ഒരാള്‍പോലുമില്ലാത്ത വിന്‍ഡീസ് നിരയെയാണ് ഇന്ത്യക്ക് നേരിടേണ്ടിവന്നതെങ്കിലും ആതിഥേയര്‍ എന്ന ആനുകൂല്യം വിന്‍ഡീസിനായിരുന്നു. സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയുമൊക്കെ കളിമതിയാക്കിയ ശേഷം യുവാക്കളുമായി ഇറങ്ങിയ ഇന്ത്യന്‍നിരക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഈ വിജയം. ഇന്നിങ്സിനെ മുന്നില്‍നിന്ന് നയിച്ച വിരാട് കോഹ്ലിക്കാണ് ഏറ്റവും അഭിമാനിക്കാവുന്നത്. ചെറിയ ടീമുകളോടു പോലും വിദേശ മണ്ണില്‍ പരാജയപ്പെടുന്ന കഴിഞ്ഞകാലം ഓര്‍മയില്‍ തള്ളിയാണ് കോഹ്ലിയും സംഘവും മുന്നേറുന്നത്. ശ്രീലങ്കയെ അവരുടെ നാട്ടില്‍ ചെന്ന് പരാജയപ്പെടുത്തിയതിന്‍െറ ആവേശം കരീബിയന്‍ ദ്വീപിലും കോഹ്ലിയും കൂട്ടരും ആഘോഷമാക്കുകയാണ്.

മുഖ്യ പരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍തന്നെ വിജയത്തില്‍ തൊടാന്‍ കഴിഞ്ഞുവെന്നത് കുംബ്ളെക്ക് ഏറെ ആഹ്ളാദമാകുന്നു.
അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി ടെസ്റ്റിന് ഇറങ്ങിയപ്പോള്‍ ബാറ്റിങ്ങ് നിരയില്‍ അര്‍പ്പിച്ച വിശ്വാസത്തിനു കൂടി കിട്ടിയ അംഗീകാരമായി ഒരു ദിവസം ശേഷിക്കെ കൈവന്ന ഈ വിജയം. ആദ്യ ഇന്നിങ്സില്‍ എട്ടു വിക്കറ്റിന് 566 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്ത ഇന്ത്യ വിന്‍ഡീസിന്‍െറ ഒന്നാമിന്നിങ്സ് 243ല്‍ അവസാനിപ്പിച്ച് അവരെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ മര്‍ലോണ്‍ സാമുവല്‍സും (50) ട്വന്‍റി20 ലോകകപ്പ് ഫൈനലിലെ ഹീറോ കാര്‍ലോസ് ബ്രാത്വെയ്റ്റും (51 നോട്ടൗട്ട്) ദേവേന്ദ്ര ബിഷുവും (45) നടത്തി ചെറുത്തുനില്‍പ്പും വിന്‍ഡീസിനെ തുണച്ചില്ല. ഒമ്പതാം വിക്കറ്റില്‍ ബ്രാത്വെയ്റ്റും ബിഷുവും ചേര്‍ന്ന് 95 റണ്‍സിന്‍െറ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.