ഹരാരെ: മുന്‍നിര താരങ്ങളെയൊക്കെ വീട്ടിലിരുത്തി പിള്ളേരെയും കൂട്ടി സിംബാബ്വെ പര്യടനത്തിനിറങ്ങിയ ധോണിക്ക് ഏകദിന പരമ്പരയില്‍ അനായാസ വിജയം. ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനം എട്ട് വിക്കറ്റിന് ജയിച്ചാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ ഇതിനകം സ്വന്തമാക്കിയത്. മൂന്നാം ഏകദിനം ബുധനാഴ്ച ഹരാരെയില്‍ നടക്കും.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 34.3 ഓവറില്‍ നേടിയ 126 റണ്‍സ് ഇന്ത്യക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. കഴിഞ്ഞ കളിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി റെക്കോഡിട്ട ലോകേശ് രാഹുലും കരുണ്‍ നായരും നല്‍കിയത് മികച്ച തുടക്കമായിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് പടുത്തുയര്‍ത്തി. രാഹുല്‍ 33ഉം കരുണ്‍ നായര്‍ 39 ഉം റണ്‍സെടുത്ത് പുറത്തായി. 41 റണ്‍സുമായി അമ്പാട്ടി റായ്ഡുവും നാല് റണ്‍സുമായി മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നപ്പോള്‍ 26.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. രണ്ടിന് 129. നേരത്തെ, ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ടോസ് കിട്ടിയിട്ടും ആദ്യം ബാറ്റിങ്ങിനിറങ്ങാതെ ധോണി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ സിംബാബ്വെയെ അനങ്ങാന്‍ വിട്ടില്ല. 53 റണ്‍സെടുത്ത വുസി സിബന്‍ഡയും 21 റണ്‍സെടുത്ത ചാമു ചിബാബയും മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.
25 റണ്‍സ് വഴങ്ങി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബരീന്ദര്‍ സ്രാനും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി. യുസ്വേന്ദ്ര ചാഹലാണ് മാന്‍ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.