ഹരാരെ: അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി സിംബാബ്വെയെ മൂന്നു റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യക്ക് ട്വന്‍റി20 പരമ്പര. 139 റണ്‍സെന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് പൊരുതിയ സിംബാബ്വെക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവര്‍ എറിയാന്‍ ബരീന്ദര്‍ സ്രാന്‍ എത്തുമ്പോള്‍ സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടത് 21 റണ്‍സ്. ആദ്യ പന്തുതന്നെ ടിമെയ്സന്‍ മറുമ സിക്സറിന് പറത്തി. തൊട്ടടുത്ത പന്ത് വൈഡ്. അടുത്ത പന്ത് നോ ബാള്‍ ആയെങ്കിലും മറുമ ബൗണ്ടറി കടത്തി. ലക്ഷ്യം അഞ്ചു പന്തില്‍ ഒമ്പതു റണ്‍സ്. ഒരു ഘട്ടത്തില്‍ സിംബാബ്വെ വിജയത്തിലേക്ക് അടുത്തെന്നു തോന്നിയ നിമിഷം. പക്ഷേ, അടുത്ത രണ്ടു പന്തിലും റണ്‍ വഴങ്ങാതെ നിയന്ത്രിച്ച സ്രാന്‍െറ നാലാം പന്തില്‍ മറുമ സിംഗ്ള്‍. അഞ്ചാം പന്ത് നേരിട്ട എല്‍റ്റണ്‍ ചിഗുംബുറ ബൗണ്ടറി കടത്തി. ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടത് വെറും നാലു റണ്‍സ്. ഓഫ് സൈഡിന് പുറത്തുകൂടി വന്ന താഴ്ന്ന ഫുള്‍ടോസ് ചിഗുംബുറ യുസ്വേന്ദ്ര ചാഹലിന്‍െറ കൈയിലത്തെിച്ചതോടെ ഇന്ത്യന്‍ വിജയം പൂര്‍ത്തിയായി. പുതുമുഖങ്ങളെ മാത്രം നിരത്തി പടനയിച്ച ക്യാപ്റ്റന്‍ ധോണിക്ക് ആശ്വാസമായി പരമ്പര വിജയം. ടോസ് നഷ്ടമായി പരമ്പരയില്‍ ഇതാദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 42 പന്തില്‍ ഒരു സിക്സറും ഏഴു ബൗണ്ടറിയുമായി 58 റണ്‍സ് നേടിയ കേദാര്‍ ജാദവ് മാത്രമായിരുന്നു ഭേദപ്പെട്ട കളി കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.