അവസാനപന്തിൽ ഇന്ത്യക്ക് നാടകീയ ജയം 

ബംഗളൂരു: ഇതാണ് ജയം, ഇങ്ങനെ വേണം ജയിക്കാന്‍. അവസാന പന്ത് കഴിഞ്ഞിട്ടും വിധി നിര്‍ണയിക്കാന്‍ മൂന്നാം അമ്പയര്‍ കണ്ണുതുറക്കേണ്ടിവന്ന അത്രയും ഉദ്വേഗജനകമായ മത്സരത്തില്‍ വെറും ഒരു റണ്ണിന് ബംഗ്ളാദേശിനെ കീഴടക്കി ഇന്ത്യ ട്വന്‍റി20 ലോകകപ്പിന്‍െറ സെമിഫൈനലിലേക്ക് ഒരു ചുവടുകൂടി.
അവസാന ഓവര്‍ എറിയാന്‍ നിയോഗിക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യക്ക് നന്ദി. നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കളി ഇന്ത്യന്‍ വരുതിയിലാക്കിയത് പാണ്ഡ്യയായിരുന്നു. ഇന്ത്യ കുറിച്ച 147 റണ്‍സ് ലക്ഷ്യത്തിലേക്ക് ആറ് പന്തില്‍ ബംഗ്ളാദേശിന് ജയിക്കാന്‍ 11 റണ്‍സ്. സംഭവബഹുലമായ 20ാം ഓവറിലെ ആദ്യ പന്തില്‍ മഹമൂദുല്ല വക സിംഗ്ള്‍. അടുത്ത പന്ത് നേരിട്ട മുഷ്ഫിഖുര്‍ റഹ്മാന്‍ പാണ്ഡ്യയുടെ ഷോര്‍ട്ട്പിച്ച് പന്ത് എക്സ്ട്രാ കവര്‍ ബൗണ്ടറിയിലേക്ക്. അടുത്ത പന്ത് മുഷ്ഫിഖ് ധോണിയുടെ തലക്കു മുകളിലൂടെ കട്ട് ചെയ്ത് പിന്നെയും ബൗണ്ടറി. ജയിക്കാന്‍ മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ്. നാല് വിക്കറ്റ് കൈയിലിരിക്കെ ബംഗ്ളാദേശ് ജയം ഉറപ്പിച്ച നിമിഷം. പാണ്ഡ്യ എറിഞ്ഞ നാലാം പന്ത് ഫുള്‍ടോസ്. മുഷ്ഫിഖ് സിക്സറിന് പറത്തിയ പന്ത് ബൗണ്ടറിക്കരികില്‍ ധവാന്‍െറ കൈയില്‍ തൂവല്‍കണക്കെ താഴ്ന്നിറങ്ങുമ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. വമ്പന്‍ അടിക്കാരനായ മഹമൂദുല്ലക്ക് നേരെ തൊട്ടുമുമ്പത്തെപോലെ അഞ്ചാം പന്തും ഫുള്‍ടോസ്. കൂറ്റന്‍ അടി. ഇക്കുറി രവീന്ദ്ര ജദേജയുടെ കൈകളില്‍ സുന്ദരമായ ക്യാച്ച്.

അവസാന പന്ത്. കാണികള്‍ വിരല്‍ത്തുമ്പില്‍ എഴുന്നേറ്റുനിന്ന നിമിഷം. ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്.  ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിങ് ചെയ്ത പാണ്ഡ്യയുടെ അവസാന പന്തില്‍ ബാറ്റുരുമ്മാന്‍പോലുമാകാതെ ഷുവഗത ഹേം. പന്ത് നേരെ ധോണിയുടെ ഗ്ളൗവില്‍. ഇല്ലാത്ത റണ്ണിനായി നോണ്‍ സ്ട്രൈക് എന്‍ഡില്‍നിന്ന് കുതിക്കുന്ന മുസ്തഫിസുര്‍ റഹ്മാനും സ്റ്റംപിന് നേരെ ഓടിയടുക്കുന്ന ധോണിയും തമ്മിലൊരു ഓട്ടപ്പന്തയം. ധോണി സ്റ്റംപ് ചെയ്തെങ്കിലും വിക്കറ്റ് വീണോ സ്കോര്‍ സമനിലയിലായോ എന്നറിയാന്‍ മൂന്നാം അമ്പയറുടെ വിധി വരുന്നതുവരെ കാത്തിരിപ്പ്. ഒടുവില്‍ സ്ക്രീനില്‍ ഒൗട്ട് എന്ന് തെളിയുമ്പോള്‍ ആഹ്ളാദത്തില്‍ പൊട്ടിത്തെറിക്കുന്ന സ്റ്റേഡിയം. ഗാലറിയില്‍ ഹോളി ആഘോഷത്തിന്‍െറ അമിട്ടുകള്‍.

ഹോളി ആഘോഷത്തലേന്ന്   മണ്ണു നുള്ളിയിടാന്‍ ഇടമില്ലാത്തവിധം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്നില്‍ വമ്പന്‍ സ്കോര്‍ നേടി റണ്‍റേറ്റില്‍ മുന്നിലത്തെുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു. രോഹിതും ധവാനും ചേര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്നിങ്സില്‍ പതിവിന് വിപരീതമായി ആദ്യ വിക്കറ്റ് വീണത് ആറാമത്തെ ഓവറിലാണെന്ന് മാത്രം. പതിവുപോലെ രോഹിത് ശര്‍മ. പക്ഷേ, കാര്യമായ പ്രയോജനം എന്നിട്ടുമുണ്ടായില്ല. പെരുമപ്പെട്ട ഇന്ത്യന്‍ ബാറ്റിങ് നിര 20 ഓവറില്‍ ഒപ്പിച്ചെടുത്തത് 146 റണ്‍സ്. അതും ഏഴു വിക്കറ്റ് ബലികഴിച്ച്.
മുന്‍ മത്സരങ്ങളില്‍ ആദ്യംതന്നെ തകര്‍ന്ന ഓപണിങ്ങില്‍ പിടിച്ചുനിന്ന് റണ്‍ സ്കോര്‍ ചെയ്യാനായിരുന്നു രോഹിത് ശര്‍മയും ശിഖര്‍ ധവാനും മുതിര്‍ന്നത്. പവര്‍പ്ളേ ഓവറുകളില്‍ ചെറിയ ടീമുകള്‍പോലും തകര്‍ത്തടിക്കുമ്പോള്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന ഇന്ത്യയെയാണ് ഇതുവരെ കണ്ടത്. ബംഗ്ളാ ബൗളിങ്ങിന്‍െറ കുന്തമുനയായ മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ആറാമത്തെ ഓവറിലെ രണ്ടാം പന്ത് രോഹിതും നാലാം പന്ത് ധവാനും സിക്സറിന് പറത്തിയപ്പോള്‍ ഇന്ത്യ ടോപ്ഗിയറില്‍ എത്തിയെന്ന് കരുതിയതാണ്. പക്ഷേ, ആറാമത്തെ പന്തില്‍ കൂറ്റന്‍ ഷോട്ട് ഉതിര്‍ക്കാനുള്ള രോഹിതിന്‍െറ ശ്രമം പാഴായപ്പോള്‍ ഉയര്‍ന്നുപൊന്തിയ പന്ത് അനായാസം സബ്ബിര്‍ റഹ്മാന്‍െറ കൈയിലൊതുങ്ങി.ധവാന് കൂട്ടായി കോഹ്ലി എത്തിയെങ്കിലും മൂന്ന് റണ്‍സ് പിന്നിട്ടപ്പോഴേക്കും തപ്പിത്തടഞ്ഞ ധവാനും മടങ്ങി. ശക്കീബുല്‍ ഹസന്‍െറ പരിചയസമ്പത്ത് ധവാനെ വിക്കറ്റിനുമുന്നില്‍ കുടുക്കി.

പിന്നീട് ഒത്തുചേര്‍ന്ന റെയ്ന  കഴിഞ്ഞ കളികളിലെ പരാജയത്തില്‍നിന്ന് പാഠം പഠിച്ച് ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചത് ഇന്ത്യക്ക് തുണയായി. റണ്‍സെടുക്കല്‍ അനായാസമാകുന്നതിനിടയില്‍ സ്കോര്‍ 95ല്‍ നില്‍ക്കെ 24 റണ്‍സെടുത്ത കോഹ്ലി ഷുവാഗത ഹോമിനെ അടിച്ചുപറത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കുറ്റി തെറിച്ച് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. കഴിഞ്ഞ കളിയില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ വിജയമുറപ്പിച്ച കോഹ്ലിയുടെ പുറത്താകല്‍ സ്റ്റേഡിയം അമ്പരപ്പോടെയാണ് നോക്കിയിരുന്നത്. പകരം ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ അടിച്ചുപറത്താനുള്ള മൂഡിലായിരുന്നു. സിക്സും ഫോറും പറത്തി പാണ്ഡ്യ ബാറ്റിങ് ആഘോഷമാക്കുന്നതിനിടെ റെയ്ന സ്കൂള്‍കുട്ടികളെ ഓര്‍മിപ്പിക്കുന്ന ഷോട്ടിലൂടെ പുറത്തായി. പാണ്ഡ്യ ബൗണ്ടറിയുറപ്പിച്ച പന്ത് ബൗണ്ടറിക്കരികെ സൗമ്യ സര്‍ക്കാര്‍ അവിശ്വസനീയമായ രീതിയില്‍ പറന്ന് ക്യാച്ചാക്കുകയും ചെയ്തു. യുവരാജ് അനാവശ്യ ഷോട്ടിലൂടെ പുറത്താവുകയും ചെയ്തു. അവസാന പന്തുകളില്‍ ധോണി ആഞ്ഞടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചുമില്ല. സ്കോര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146ല്‍ ഒതുങ്ങി.
ബംഗ്ളാദേശിനുവേണ്ടി അല്‍അമീന്‍ ഹുസൈനും മുസ്തഫിസുര്‍ റഹ്മാനും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.