ആദ്യം എറിഞ്ഞിട്ടു; പിന്നെ തകര്‍ത്തടിച്ചു

കാണ്‍പുര്‍: ആശങ്കനിറഞ്ഞ ആദ്യ രണ്ടു ദിവസത്തെ ക്ഷീണമത്രയും മൂന്നാം ദിനം എറിഞ്ഞുതീര്‍ത്തും അടിച്ചെടുത്തും ടീം ഇന്ത്യ. രവീന്ദ്ര ജദേജയും രവിചന്ദ്ര അശ്വിനും തുടങ്ങിവെച്ച ആക്രമണം മുരളി വിജയും ചേതേശ്വര്‍ പുജാരയും ഏറ്റെടുത്തപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. ഏഴു റണ്‍സെടുക്കുന്നതിനിടെ അവസാന അഞ്ചു വിക്കറ്റ് വലിച്ചെറിഞ്ഞ കിവീസ് 262 റണ്‍സിന് ഒടുങ്ങിയപ്പോള്‍ രണ്ടാംവട്ടം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ഒരു വിക്കറ്റ് മാത്രം നല്‍കി 159 റണ്‍സെടുത്തു. ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ 215 റണ്‍സിന്‍െറ ലീഡ്. പിരിയാത്ത കൂട്ടുകെട്ടില്‍ അര്‍ധശതകം തികച്ച് വിജയും (64) പുജാരയും (50) ക്രീസിലുണ്ട്. ലോകേഷ് രാഹുല്‍ (38) പുറത്തായി. കറങ്ങിത്തിരിയുന്ന പിച്ചില്‍ 73 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജദേജയും 93ന് നാലു വിക്കറ്റെടുത്ത അശ്വിനുമാണ് കിവിക്കൂട് തകര്‍ത്തത്. സ്കോര്‍: ഇന്ത്യ 318, ഒന്നിന് 159. ന്യൂസിലന്‍ഡ് 262.

ഗ്രീന്‍പാര്‍ക്കില്‍ പെയ്ത മഴയോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ചരിത്ര ടെസ്റ്റില്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി കിവീസ് നായകന്‍ വില്യംസണും ഓപണര്‍ ടോം ലതാമും നിലയുറപ്പിച്ചപ്പോഴാണ് രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ മഴയുടെ രൂപത്തില്‍ ഭാഗ്യമത്തെിയത്. താളം വീണ്ടെടുക്കാന്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിന് സ്റ്റേഡിയം ഉണരുംമുമ്പേ ലതാമിനെ (58) നഷ്ടമായി. ഒന്നിന് 152 എന്നനിലയില്‍ ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് നിരയില്‍ ഏഴു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അശ്വിന്‍ ആദ്യ വിള്ളല്‍ വീഴ്ത്തി. എല്‍.ബിയില്‍ കുരുങ്ങി പുറത്തായ ലതാമിന് പിന്നാലെ റോസ് ടെയ്ലര്‍ (പൂജ്യം) വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇത്തവണ എല്‍.ബിയില്‍ കുരുക്കിയത് ജദേജ. ആറു കിവി താരങ്ങളും പുറത്തായത് എല്‍.ബി.ഡബ്ള്യുവിലാണ്. സ്കോര്‍ 170ല്‍ എത്തിയപ്പോള്‍ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് വീണു. അശ്വിന്‍െറ പന്തില്‍ കുറ്റിതെറിച്ച് നായകന്‍ കെയ്ന്‍ വില്യംസണ്‍ (75) പുറത്ത്.

അഞ്ചാം വിക്കറ്റില്‍ ലൂക് റോഞ്ചിയും മിച്ചല്‍ സാന്‍റ്നറും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമം നടത്തി. പ്രതിരോധത്തിലൂന്നി കളിച്ച ഇരുവരും തരംകിട്ടുമ്പോള്‍ ബൗണ്ടറികളും പായിച്ചു. പരിശീലന മത്സരത്തില്‍ സെഞ്ച്വറിയടിച്ച റോഞ്ചിയെ (38) ജദേജ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഈ കൂട്ടുകെട്ടിന് അവസാനമായി. അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞ സാന്‍റ്നറായിരുന്നു (32) അടുത്ത ഇര. അശ്വിന്‍െറ പന്തില്‍ ഡിഫന്‍സിന് ശ്രമിച്ച സാന്‍റ്നര്‍ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈയിലത്തെി. സ്കോര്‍ 258ല്‍ എത്തിയപ്പോള്‍ വാലറ്റത്തെ നിരത്തിയടിച്ച് ജദേജയുടെ ഓവറത്തെി. ക്രെയ്ഗും (രണ്ട്) സോധിയും (പൂജ്യം) ബോള്‍ട്ടും (പൂജ്യം) ഈ ഓവറില്‍ തന്നെ വരിവരിയായി പവിലിയനിലത്തെി. ഈ സമയം ഒറ്റയാള്‍ പോരാട്ടവുമായി വിക്കറ്റ് കീപ്പര്‍ ബി.ജെ. വാട്ലിങ് (21) ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നു. ഒടുവില്‍  അശ്വിന് റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ച് വാട്ലിങ്ങും മടങ്ങിയതോടെ ഇന്ത്യന്‍ സ്കോറിന് 56 റണ്‍സ് അകലെ കിവികള്‍ കൂടണഞ്ഞു.

മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിന്‍െറ തനിയാവര്‍ത്തനമായിരുന്നു. ഒരറ്റത്ത് രാഹുല്‍ ആക്രമണമഴിച്ചുവിട്ടപ്പോള്‍ മറുതലക്കല്‍ നിശ്ശബ്ദനായി മുരളി വിജയ് സ്കോര്‍ ചെയ്തുകൊണ്ടിരുന്നു. ചായക്കു പിരിയുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ മടങ്ങി. സ്പിന്നിന്‍െറ വരവറിയിച്ച് ഇഷ് സോധിയാണ് രാഹുലിനെ പുറത്താക്കിയത്. ആക്രമിച്ച് തുടങ്ങിയ പുജാര അവസാന ഓവറുകളില്‍ മിതത്വം പാലിച്ചതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുത്തു.

500 കഴിഞ്ഞാല്‍ 250ാം ടെസ്റ്റ്

ന്യൂസിലന്‍ഡിനെതിരായ അടുത്ത ടെസ്റ്റ് ഇന്ത്യന്‍ മണ്ണിലെ 250ാം മത്സരം  

കൊല്‍ക്കത്ത: 500 ടെസ്റ്റെന്ന നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെ മറ്റൊരു ചരിത്രത്തിലേക്ക് കാലെടുത്തുവെക്കും. 1933ല്‍ ഇംഗ്ളണ്ടിനെതിരെ മുംബൈയില്‍ തുടങ്ങിയ ഇന്ത്യയുടെ ഹോം ടെസ്റ്റ് പ്രയാണം ഈഡന്‍ ഗാര്‍ഡനിലത്തെുമ്പോള്‍ 250 മത്സരങ്ങള്‍ പിന്നിടും. ഇന്ത്യന്‍ മണ്ണിലെ 250ാം മത്സരം ആഘോഷമാക്കാനുള്ള ഒരുക്കം തുടങ്ങിയതായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 250ാം മത്സരം സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചത്്. ന്യൂസിലന്‍ഡിനെതിരെ ഈ മാസം 30 മുതലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
നാട്ടിലെ പുലികളായ ഇതുവരെ കഴിഞ്ഞ ഇന്ത്യ 248 മത്സരത്തില്‍ 87ലും വിജയം നുകര്‍ന്നിട്ടുണ്ട്. 51 എണ്ണം തോറ്റപ്പോള്‍ 109 മത്സരം സമനിലയിലായി. ഒരെണ്ണം ടൈ. ഏറ്റവും കൂടുതല്‍ മത്സരം നാട്ടില്‍ കളിച്ചത് ഇംഗ്ളണ്ടിനെതിരായാണ്-55. എന്നാല്‍, ബംഗ്ളാദേശിനെതിരെ ഇതുവരെ ഇന്ത്യ നാട്ടില്‍ കളിച്ചിട്ടില്ല. ഈ പോരായ്മക്ക് ഫെബ്രുവരിയില്‍ നടക്കുന്ന ടെസ്റ്റോടെ പരിഹാരമാകും.  
250ാം മത്സരത്തില്‍ ഇന്ത്യന്‍ ജഴ്സി അണിയുന്ന ബംഗാള്‍ താരങ്ങളായ മുഹമ്മദ് ഷമിയെയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെയും ആദരിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള പാവപ്പെട്ട 4000 കുട്ടികള്‍ക്ക് ആദ്യ ദിവസം കളികാണാന്‍ അവസരമൊരുക്കും.
ഇതിനുപുറമെ ഇന്‍റര്‍ സ്കൂള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന 44 സ്കൂളുകള്‍ക്ക് 16 സൗജന്യ പാസുകള്‍ വീതം നല്‍കും. ക്രിക്കറ്റ് കോച്ചിങ് സെന്‍ററുകള്‍ക്കും സൗജന്യ പാസ് നല്‍കി കൂടുതല്‍ കുട്ടികള്‍ക്ക് മത്സരം കാണാന്‍ അവസരമൊരുക്കും. 1965നുശേഷം ആദ്യമായാണ് കിവീസ് ഈഡന്‍ ഗാര്‍ഡനില്‍ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്.

സ്കോര്‍ ബോര്‍ഡ്: ന്യൂസിലന്‍ഡ്ഗുപ്റ്റില്‍ എല്‍.ബി.ഡബ്ള്യു ബി യാദവ് 21, ലതാം എല്‍.ബി.ഡബ്ള്യു ബി അശ്വിന്‍ 58, വില്യംസണ്‍ ബി അശ്വിന്‍ 75, ടെയ്ലര്‍ എല്‍.ബി.ഡബ്ള്യു ബി ജദേജ പൂജ്യം, റോഞ്ചി എല്‍.ബി.ഡബ്ള്യു ബി ജദേജ 38, സാന്‍റ്നര്‍ സി സാഹ ബി അശ്വിന്‍ 32, വാട്ലിങ് സി ആന്‍ഡ് ബി അശ്വിന്‍ 21, ക്രെയ്ഗ് എല്‍.ബി.ഡബ്ള്യു ബി ജദേജ രണ്ട്, സോധി എല്‍.ബി.ഡബ്ള്യു ബി ജദേജ പൂജ്യം, ബോള്‍ട്ട് സി ശര്‍മ ബി ജദേജ പൂജ്യം, വാഗ്നര്‍ നോട്ടൗട്ട് പൂജ്യം. എക്സ്ട്ര 15. ആകെ 95.5 ഓവറില്‍ 262 ഓള്‍ഒൗട്ട്.

ബൗളിങ്: ഷമി: 111350, ഉമേഷ്: 155331, ജദേജ 34773 5, അശ്വിന്‍ 30.57934, വിജയ് 40100, ശര്‍മ 1050.
ഇന്ത്യരാഹുല്‍ സി ടെയ്ലര്‍ ബി. സോധി 38, വിജയ് 64 നോട്ടൗട്ട്, പുജാര 50 നോട്ടൗട്ട്, എക്സ്ട്ര ഏഴ്, ആകെ 47 ഓവറില്‍ ഒരു വിക്കറ്റിന് 159
ബൗളിങ്: ബോള്‍ട്ട് 50110, വാഗ്നര്‍ 83170, സാന്‍റ്നര്‍ 135330, ക്രെയ്ഗ് 111480, സോധി 72291, ഗുപ്റ്റില്‍ 30140.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.