കൊല്‍ക്കത്ത: ആരാണ് ടീം ഇന്ത്യ നായകന്‍? സംശയം വേണ്ട, ഒൗദ്യോഗികമായി വിരാട് കോഹ്ലി തന്നെ. പക്ഷേ, പത്തുവര്‍ഷം ആ കുപ്പായമണിഞ്ഞ എം.എസ്. ധോണി തന്നെയാണ് ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും നീലപ്പടയെ നയിക്കുന്നത്. ഫീല്‍ഡിങ് വിന്യാസം മുതല്‍ നിര്‍ണായക തീരുമാനങ്ങളും അമ്പയര്‍ റിവ്യൂകളുമെല്ലാം ധോണി വഴിതന്നെയെന്നതിന് കഴിഞ്ഞ രണ്ട് ഏകദിനങ്ങളും സാക്ഷി. ക്യാപ്റ്റന്‍ കോഹ്ലിക്കും മുകളിലെ സൂപ്പര്‍ ക്യാപ്റ്റനായി എം.എസ്. ധോണിയുണ്ടെന്ന് സാരം. കോഹ്ലികൂടി അംഗീകരിച്ച സൂപ്പര്‍ ക്യാപ്റ്റന്‍. സീനിയര്‍ പദവി, വിക്കറ്റിനു പിന്നിലെ സ്ഥാനം, പരിചയസമ്പത്ത് എന്നിവയെല്ലാം ധോണിക്ക് നായകനു തുല്യമോ അതിനു മുകളിലോ ഇടംനല്‍കുന്നു.
ക്യാപ്റ്റന്‍സ്ഥാനം നഷ്ടപ്പെടുന്ന സീനിയര്‍ താരങ്ങള്‍, പുതിയ ക്യാപ്റ്റന്‍െറ നിഴലില്‍ ഒതുങ്ങി മാറിനില്‍ക്കുകയായിരുന്നു ഇതുവരെ കണ്ടുപരിചയിച്ച ശീലം. എന്നാല്‍, ആ പതിവ് പൊളിച്ചെഴുതിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പുതിയ റോള്‍ ആസ്വാദ്യകരമാക്കുന്നത്. ടീമംഗം ഭുവനേശ്വര്‍ കുമാറിന്‍െറ വാക്കുകളില്‍ ഇങ്ങനെ -‘‘ഒരു വിക്കറ്റ് കീപ്പര്‍ കളിയോട് ഏറ്റവും അടുത്തുണ്ടാവും. ബാറ്റ്സ്മാന്‍െറയും ബൗളറുടെയും ഫീഡ്ബാക്കുകള്‍ ഏറ്റവും നന്നായി അദ്ദേഹത്തിനറിയാം.
സമീപത്തുതന്നെയായി ഫീല്‍ഡ് ചെയ്യുന്ന വിരാട് കോഹ്ലിയുമായി ഇക്കാര്യങ്ങളില്‍ ആശയവിനിമയം നടത്താനും തീരുമാനങ്ങളെടുക്കാനും എളുപ്പമാവും. വിക്കറ്റ് കീപ്പര്‍ കൂടുതല്‍ സജീവമാവുമ്പോള്‍ ടീമിനും കാര്യങ്ങള്‍ എളുപ്പമാവും’’. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ക്യാപ്റ്റന്‍െറ ജോലികളെല്ലാം ചെയ്തതും ധോണി തന്നെ. ശനിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനത്തിനിറങ്ങിയ ടീമിനെ കോഹ്ലിയുടെയും കോച്ച് അനില്‍ കുംബ്ളെയുടെയും അഭാവത്തില്‍ നയിച്ചത് ധോണിയായിരുന്നു. പിച്ച് പരിശോധനക്ക് സാധാരണ ക്യാപ്റ്റനും കോച്ചിനും മാത്രമാണ് അനുമതി. ശനിയാഴ്ച പരിശീലനം കഴിഞ്ഞ് പിച്ച് പരിശോധിച്ച ധോണി, ക്യുറേറ്ററുമായും ദീര്‍ഘനേരം സംസാരിച്ചു. ദേശീയ സെലക്ടര്‍ കൂടിയായ ദേവാംഗ് ഗാന്ധിയും നായകനൊപ്പമുണ്ടായിരുന്നു. പദവിയൊഴിഞ്ഞെങ്കിലും പത്തുവര്‍ഷംകൊണ്ട് ഒരുപിടി നേട്ടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച അനുഭവസമ്പത്തുതന്നെ ഇന്നും നീലപ്പടയെ നയിക്കുന്നതെന്ന് സാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.