മൊഹാലി: ദേശീയ ടീമില്‍ അപ്രതീക്ഷിതമായി ലഭിച്ച അവസരം വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ മനോഹരമായി ഉപയോഗപ്പെടുത്തിയപ്പോള്‍ അവസാന ദിനത്തിലേക്ക് കാത്തിരിക്കാതെ ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം. 103 റണ്‍സിന്‍െറ വിജയലക്ഷ്യം ഉയര്‍ത്തിയ ഇംഗ്ളണ്ടിനെ 20ട്വന്‍റി ശൈലിയില്‍ ബാറ്റുവീശിയ പാര്‍ഥീവ് പട്ടേലിന്‍െറ (53 പന്തില്‍ 67) നേതൃത്വത്തില്‍ ഇന്ത്യ അതിവേഗം എത്തിപ്പിടിക്കുകയായിരുന്നു. മുരളി വിജയുടെയും (പൂജ്യം) ചേതേശ്വര്‍ പുജാരയുടെയും (25) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി പുറത്താകാതെ ആറു റണ്‍സെടുത്തു.
രണ്ടിന്നിങ്സിലുമായി നാലു വിക്കറ്റ് വീഴ്ത്തുകയും ഒന്നാമിന്നിങ്സില്‍ നിര്‍ണായകമായ 90 റണ്‍സ് സ്കോര്‍ ചെയ്യുകയും ചെയ്ത രവീന്ദ്ര ജദേജയാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 ഇന്ത്യ മുന്നിലത്തെി. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞശേഷം രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയം നേടിയിരുന്നു. അഞ്ചു ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം അടുത്തമാസം എട്ടിന് മുംബൈയില്‍ തുടങ്ങും.
രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ടിന്‍െറയും (78) പുതുമുഖം ഹസീബ് ഹമീദിന്‍െറയും (59) ചെറുത്തുനില്‍പിലായിരുന്നു ഇംഗ്ളണ്ടിന് 103 റണ്‍സിന്‍െറ ലീഡ് നേടാനായത്. എന്നാല്‍, വിജയം ഉറപ്പിച്ച് ക്രീസിലിറങ്ങിയ ഇന്ത്യ പാര്‍ഥീവ് പട്ടേലിന്‍െറ ആക്രമണ ബാറ്റിങ്ങിലൂടെ 20.2 ഓവറില്‍ വിജയം മറികടക്കുകയായിരുന്നു. ഇംഗ്ളണ്ടിന്‍െറ സ്പിന്നര്‍മാരെയും പേസര്‍മാരെയും അടിച്ചുപരത്തിയ പട്ടേല്‍, 39 പന്തില്‍ അര്‍ധശതകം കടന്നു. 11 ഫോറും ഒരു സിക്സും പറത്തിയ താരം ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ സമ്മര്‍ദത്തിലാക്കാനുള്ള സന്ദര്‍ശകരുടെ തന്ത്രം മുളയിലെ നുള്ളിക്കളയുകയായിരുന്നു. ഇരു ഇന്നിങ്സുകളിലും മികച്ച കളി പുറത്തെടുത്തതോടെ (42, 67) പരിക്കുമാറി ലോകേഷ് രാഹുല്‍ മടങ്ങിയത്തെുന്നതുവരെ ഓപണിങ് സ്ഥാനത്തേക്ക് ഇനി മറ്റൊരു താരത്തെ കോച്ച് അനില്‍ കുംബ്ളെക്ക് ആലോചിക്കേണ്ടിവരില്ല.
നാലാം ദിനം നാലിന് 75 എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് ഇന്നിങ്സ് തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. കളി തുടങ്ങി തുടക്കത്തില്‍ തന്നെ ഗാരെത് ബാറ്റിയും (പൂജ്യം) ജോസ് ബട്ലറും (18) പെട്ടെന്നു പുറത്തായത് ഇന്ത്യക്ക് പ്രതീക്ഷയുളവാക്കി. എന്നാല്‍, ക്രീസില്‍ പിടിച്ചുനിന്ന ജോ റൂട്ടും പരിക്കുമൂലം ഓപണിങ്ങില്‍നിന്നുമാറി എട്ടാമനായി ഇറങ്ങിയ ഹസീബ് ഹമീദും റണ്‍സുയര്‍ത്തി. ഇരുവരും ഏഴാം വിക്കറ്റില്‍ 45 റണ്‍സിന്‍െറ കൂട്ടുകെട്ടുണ്ടാക്കി. റൂട്ടിനെ ജദേജ പുറത്താക്കിയപ്പോള്‍ ഇന്നിങ്സ് ജയം നേടാമെന്ന കോഹ്ലിയുടെ മോഹത്തിന് തിരിച്ചടിയായി ഹമീദ് പന്ത് പ്രതിരോധിക്കുകയായിരുന്നു. ഭാവിതാരമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച്, കഴിഞ്ഞ കളിയിലെ പോലെ 19കാരന്‍ പന്തുകളെ ക്ഷമയോടെ പ്രതിരോധിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിരാശരാവുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ക്രിസ് വോക്സുമായി 43 റണ്‍സിന്‍െറയും പത്താം വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്സണുമായി 41 റണ്‍സിന്‍െറയും കൂട്ടുകെട്ടില്‍ ഹമീദ് റണ്ണുയര്‍ത്തുകയായിരുന്നു. അവസാനം ആന്‍ഡേഴ്സണിനെ ജദേജ റണ്ണൗട്ടില്‍ കുടുക്കിയപ്പോഴും അര്‍ധ സെഞ്ച്വറിയുമായി ഹമീദ് ക്രീസിലുണ്ടായിരുന്നു. ബാറ്റിങ്ങില്‍ രക്ഷകരായി അവതരിച്ച ഇന്ത്യന്‍ സ്പിന്‍ ത്രയങ്ങളായ രവിചന്ദ്ര അശ്വിനും (മൂന്ന) ജദേജയും ജയന്ത് യാദവും (രണ്ടു വീതം) തന്നെയായിരുന്നു രണ്ടാം ഇന്നിങ്സില്‍ സന്ദര്‍ശകരുടെ വിക്കറ്റുകള്‍ എറിഞ്ഞുവീഴ്ത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.