ലണ്ടൻ: കെന്നിങ്ടൺ ഒാവലിലെ ഇതേ ഗ്രൗണ്ടിൽ 1948 ആഗസ്റ്റിലായിരുന്നു സർ ഡോൺ ബ്രാഡ്മാൻ കണ്ണീരോടെ മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിൽ നൂറു ശതമാനം ശരാശരി മോഹിച്ച ഇതിഹാസതാരം എറിക് ഹോളിസ് എന്ന ഇംഗ്ലീഷ് സ്പിൻ ബൗളറുടെ ഗൂഗ്ലിക്കു മുന്നിൽ അടിപതറി പൂജ്യം റൺസുമായി കണ്ണീരോടെ പവിലിയനിലേക്ക് മടങ്ങിയ അതേ ഗ്രൗണ്ട്. 99.94 ശരാശരിക്കാരനായി ബ്രാഡ്മാൻ കരിയറിന് അന്ത്യംകുറിച്ച് മടങ്ങിയ അതേ ഒാവൽ 70 വർഷങ്ങൾക്കിപ്പുറം മറ്റൊരു ചരിത്രത്തിന് സാക്ഷ്യംവഹിച്ചു.
ഇംഗ്ലണ്ടിെൻറ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ അലസ്റ്റയർ കുക്കിെൻറ വിടവാങ്ങൽ മത്സരം. പക്ഷേ, ബ്രാഡ്മാനെപ്പോലെ കണ്ണീരിനോ നഷ്ടസ്വപ്നങ്ങൾക്കോ അവിടെ ഇടമില്ലായിരുന്നു.
നിലക്കാത്ത കൈയടികൾക്കിടയിൽ, പുഞ്ചിരിയും തൂകി കരിയറിലെ 33ാം സെഞ്ച്വറി തികച്ച് കുക്കിെൻറ മടക്കം കണ്ട ദിനം. അരങ്ങേറ്റത്തിലെന്ന പോലെ, വിടവാങ്ങൽ മത്സരത്തിലും സെഞ്ച്വറി നേടി കുക്ക് ഇംഗ്ലീഷ് ആരാധകർക്ക് റൺസുകൊണ്ട് മനോഹരമായൊരു അത്താഴമൊരുക്കി. പേരിലെ ‘കുക്ക്’ സൂചിപ്പിക്കുന്നപോലെ, ഇംഗ്ലണ്ടുകാർക്ക് ക്രിക്കറ്റിലെ ‘ഷെഫ്’ ആണ് അലസ്റ്റയർ. കഴിഞ്ഞ 12 വർഷമായി അദ്ദേഹം ബാറ്റുകൊണ്ട് തങ്ങളെ അത്താഴമൂട്ടുകയായിരുന്നുവെന്ന് ഇംഗ്ലീഷുകാർ പറയും.
അതുകൊണ്ട് തന്നെ ക്രീസിലെ മനോഹരമായ പാചകക്കാരെൻറ അവസാനത്തെ വിരുന്നൂട്ട് കാണാൻ ഗാലറിയും ‘ഷെഫിെൻറ’ കോട്ടണിഞ്ഞു വന്നു.
അവരെയൊന്നും കുക്ക് നിരാശപ്പെടുത്തിയില്ല. 2006 മാർച്ചിൽ നാഗ്പുരിൽ 22ാം വയസ്സിൽ ഇന്ത്യക്കെതിരെ സെഞ്ച്വറിയോടെ അരങ്ങേറിയവൻ, അതേ ആവേശത്തോടെ മറ്റൊരു സെഞ്ച്വറി വിരുന്നൊരുക്കി രാജ്യാന്തര ക്രിക്കറ്റിെൻറ പടിയിറങ്ങി.
ഒന്നാം ഇന്നിങ്സിൽ 71 റൺസും രണ്ടാം ഇന്നിങ്സിൽ 147 റൺസും അടിച്ചെടുത്താണ് ആരെയും കൊതിപ്പിക്കുന്ന യാത്രയയപ്പ്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ കുക്കിന് മുമ്പ് നാലുപേർ മാത്രമേ സമാനമായ നേട്ടത്തോടെ വിരമിച്ചിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.