ഇത് കാലം നിനക്കായി കാത്തുവെച്ച ദൃശ്യ വിരുന്ന്

രണ്ടര വർഷക്കാലം കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു. ആ കാത്തിരിപ്പ് ഇന്ന് പര്യവസാനിക്കുന്നു. വരണ്ട കണ്ണുകൾ ഇന്ന് സുവർണശോഭയാൽ വെട്ടിത്തിളങ്ങുന്നു. കുത്തുവാക്കുകൾ കേട്ട കാതിൽ ഇന്ന് വിസിൽ നാദം മുഴങ്ങുന്നു. എട്ടുവർഷം ഐ.പി.എൽ അടക്കിവാണ സിംഹസൈന്യം സടകുടഞ്ഞെഴുന്നേൽക്കുന്നു. നൂറുകോടി മനസ്സുകൾ കീഴടക്കിയ അതേമണ്ണിൽ, മഹിയെന്ന നായകൻ വീണ്ടും ചെന്നൈയുടെ ചെങ്കോലും ക്യാപ്റ്റന്റെ കിരീടവുമണിയുന്നു. ഒരു നിമിഷം കണ്ണൊന്നടച്ചാൽ ആ ഇരുണ്ട നാളുകൾ മനസ്സിനെ വേട്ടയാടും. ഇടനെഞ്ചൊന്ന് പിടക്കും. ആ വെറുക്കപ്പെട്ട നാളുകൾ ഇനി ജീവിതത്തിൽ ഉണ്ടാവരുതേയെന്ന് പ്രാർത്ഥിച്ചുപോകും.

ഓർമയില്ലേ ആ ദിവസം? 999 നാളുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2015 ജൂലൈ 14...മഹേന്ദ്രസിങ് ധോണിയുടെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ചതിന്റെ ഏഴാം നാൾ കടന്നുവന്ന വിധി പ്രസ്താവന. കണ്ണുകളെയോ കാതുകളെയോ വിശ്വസിക്കാതിരുന്ന നാൾ. എട്ട് വർഷങ്ങളായി നെഞ്ചോട് ചേർത്തുപിടിച്ച ടീമിനെ ആരൊക്കെയോ ചേർന്ന് പടിയിറക്കിയ ദിവസം. എങ്ങനെ മറക്കും, ആ ദിവസത്തെ??


ഇന്ത്യയിലെ പരമോന്നത നീതിപീഠം രണ്ട് വ്യത്യസ്ത കേസുകൾക്ക് ഒരുമിച്ച്, ഒരേ വിധി നടപ്പിലാക്കിയിരിക്കുന്നു. യുക്തിബോധമുള്ളവർ ചോദിച്ചുകൊണ്ടിരുന്നു.
"അതെങ്ങനെ ശരിയാകും? മൂന്ന് കളിക്കാർ കോഴ വാങ്ങി കളിച്ചതിന് ഒരു ടീമിനും സഹയുടമ വാതുവെപ്പ് നടത്തിയത്തിന് മറ്റൊരു ടീമിനും ചേർന്ന് ഒരേ വിധിയോ?"
രണ്ടും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത കുറ്റങ്ങളല്ലേ എന്ന് ചിലർ ചോദിച്ചു. അവരോട് ഞങ്ങൾ തിരിച്ചു ചോദിച്ചു..."ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം, മോഷണവും കൊലയും കുറ്റകൃത്യങ്ങൾ തന്നെയാണ്. എന്നുകരുതി ഈ രാജ്യത്ത് എപ്പോഴെങ്കിലും ഒരു മോഷ്ടാവിനും കൊലയാളിക്കും ഒരേ ശിക്ഷ വിധിച്ചിട്ടുണ്ടോ?"പറയാൻ അവർക്ക് ഉത്തരമില്ലായിരുന്നു...

മഹിയുടെ നിഴൽ കണ്ടാൽ പേടിച്ച് മാളത്തിലൊളിക്കുന്ന മൂഷികന്മാർക്ക് ആഘോഷരാവായിരുന്നു അന്ന്. സ്വബോധവും അന്തസ്സും തിരിച്ചറിവും അവർ നാലായി മടക്കി പെട്ടിയിലാക്കി വെച്ചു. ഗജരാജവിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നീട് കണ്ടത്...സസ്‌പെന്റ് എന്നുച്ചരിക്കാൻ അവർ പഠിച്ചിട്ടില്ലായിരുന്നു. ബാൻ എന്നാണ് അവർ പറഞ്ഞു നടന്നത്. രണ്ട് പദങ്ങളും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ മാത്രമുള്ള വിവരമോ വിദ്യാഭ്യാസമോ ആ പാവങ്ങൾക്ക് ഇല്ലായിരുന്നു. വാതുവെപ്പിനെ അവർ കോഴയെന്ന് വിളിച്ചു. ഇന്നും വിളിച്ചുകൊണ്ടിരിക്കുന്നു. അറിവില്ലായ്മ ഒരു തെറ്റല്ല, തിരിച്ചറിവാണ് മുഖ്യം എന്ന് വിശ്വസിച്ച സമൂഹം, മനഃപൂർവം മണ്ടന്മാരാകരുത് എന്നുവരെ ഉപദേശിച്ചു. ഒരു പുച്ഛഭാവത്തോടെ അവർ പറഞ്ഞു..."ഞങ്ങൾ ധോണി വിരോധികളാണ്. ഞങ്ങൾ ഇങ്ങനെയാണ്..."അറിവുണ്ടെങ്കിലല്ലേ സഹോദരാ തിരിച്ചറിവുണ്ടാകൂ. സ്പോട് ഫിക്സിങ്ങിന്റേയും മാച്ച് ഫിക്സിങ്ങിന്റേയും വ്യത്യാസമറിയാത്തവർക്കാണോ ഫിക്‌സിങ്ങും ബെറ്റിങ്ങും തമ്മിലുള്ള വ്യത്യാസം മനസ്സിലാവുക? മർക്കടന്മാരും മനുഷ്യരെ പോലെ ചിന്തിക്കണമെന്ന് വാശിപിടിക്കാൻ പറ്റുമോ?


അജിത് ചാന്ദില, അങ്കിത് ചവാൻ എന്നീ പേരുകൾ അവർക്ക് കേട്ടുകേൾവി പോലുമില്ലായിരുന്നു. അവരുടെ കൺകണ്ട ദൈവം മെയ്യപ്പനായിരുന്നു. ആ കറകളഞ്ഞ ഭക്തി, മെയ്യപ്പനാണ് ചെന്നൈ ടീമുടമ എന്നുവരെ അവരെക്കൊണ്ട് പറയിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് കോഴ വാങ്ങിയാണ് ഐ.പി.എൽ ഫൈനൽ കളിച്ചത് എന്നവർ ഉറക്കെ വിളിച്ചു പറഞ്ഞു. അങ്ങനെയെങ്കിൽ ചെന്നൈ തോറ്റുതരാൻ വേണ്ടി മുംബൈ അവർക്ക് കോഴ നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. സി.എസ്.കെ കോഴ ടീമാണെന്ന് അവർ ഇന്നലെയും പറഞ്ഞിരുന്നു. ഇന്ന് ജയിച്ചാലും തോറ്റാലും അവർ അതുതന്നെ ആവർത്തിക്കും. കോഴ ആര് കൊടുത്തു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മുംബൈ ജനതയുടെ മാനം കാക്കാൻ, ദൈവം ധോണിക്ക് കോഴ നൽകുന്നു. മഹാമനസ്കതയുടെ പര്യായപദമായ മഹി, മറ്റുള്ളവരുടെ മുന്നിൽ സ്വയം തോറ്റുകൊടുക്കുന്നു.. എത്ര മനോഹരമായ സാമാന്യബോധം...!!! ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ചാകരയായിരുന്നു പിന്നീട്... എന്തും പ്രചരിപ്പിക്കാൻ പൂർണ സ്വാതന്ത്ര്യമുള്ള നാട്ടിൽ, കേട്ട വാർത്തയുടെ മുന്നും പിന്നും നോക്കാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന ബുദ്ധിശൂന്യർ ഉള്ളിടത്തോളം കാലം, എന്തും വിലപോകും എന്നവർ മനസ്സിലാക്കി. ശേഷം കണ്ടത്, രാജ്യം അതുവരെ കാണാത്ത വ്യാജവാർത്തകളുടെ പ്രവാഹമായിരുന്നു. 

കയ്യിൽ കിട്ടിയ ഏതൊരു വാർത്തയിലും അവർ ധോണിയെ അനാവശ്യമായി വലിച്ചിഴച്ചു. വാർത്തകൾക്ക് നേരെ എന്നും കണ്ണടക്കാറുള്ള മഹിയുടെ മൗനത്തെ അവർ ആയുധമാക്കി. അതോടെ ചിലർ ധോണിയെ കോഴക്കാരനായി ചിത്രീകരിച്ചു. ധോണിയെ രാജ്യദ്രോഹിയെന്ന് വരെ അവർ മുദ്രകുത്തി. തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന രാജ്യസ്‌നേഹം, ആരുടെ മുന്നിലും തെളിയിച്ചു കാണിക്കാൻ മഹി ഒരുക്കമല്ലായിരുന്നു. ഒന്നിനോടും പ്രതികരിക്കാത്ത ആ മനുഷ്യനെ ഒരിക്കലെങ്കിലും പ്രതികരിച്ചു കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. അത്രയ്ക്കും ഞങ്ങൾ അനുഭവിച്ചിരുന്നു. ഒടുവിൽ, ധോണിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തുവെന്നും കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തുവെന്ന വ്യാജ പ്രചാരണം നടത്തി, സീ ന്യൂസ് എല്ലാ അതിരുകളും ലംഘിച്ചു. ആ വാർത്ത മഹിയുടെ ക്ഷമയുടെ അതിരും ഭേദിച്ചു. അദ്ദേഹം കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്ത്യൻ സമൂഹത്തിൽ മഹേന്ദ്രസിങ് ധോണിക്കുള്ള നിലയുടെ അടിസ്ഥാനത്തിൽ, കോടതി സീ മീഡിയയ്ക്ക് നൂറുകോടി രൂപ പിഴ വിധിച്ചു. അപഹാസ്യങ്ങളാൽ തീർത്ത കൂരമ്പുകൾക്ക് മുന്നിൽ ആശ്വസിക്കാനെങ്കിലും ആ വർഷം മറ്റൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല.


വിധിപ്രസ്താവനയിൽ പുനഃപരിശോധനയോ അപ്പീലോ സ്റ്റേയോ ഉണ്ടാവും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ടി.വിയിൽ വാർത്തകൾ അധികമായി കാണാൻ തുടങ്ങി. ചാനലുകൾ മാറി മാറി നോക്കാൻ തുടങ്ങി. കായികം പേജിന് പകരം മുൻപേജുകൾ വായിക്കാൻ തുടങ്ങി. നിരാശയായിരുന്നു ഫലം. അതോടെ ഞങ്ങൾ മനസ്സിലാക്കി. ഇനി രണ്ടുവർഷക്കാലം ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉണ്ടാവില്ല. ആ വസ്തുത, സ്വന്തം മനഃസാക്ഷിയെ ബോധ്യ‌പ്പെടുത്താൻ തന്നെ ഞങ്ങൾ പാടുപെട്ടു. തമിഴകത്തിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കൂടെ നിന്നാൽ കരള് പറിച്ചു നൽകുന്ന തമിഴ് ജനതയെ അത്രമേൽ ആ സംഭവം ബാധിച്ചിരുന്നു. തമിഴനല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി തമിഴ്നാട് ഒരുമിച്ച് തെരുവിലിറങ്ങിയ ഒരു സംഭവം ഒരുപക്ഷേ ചരിത്രത്തിന് പോലും ആദ്യത്തെ അനുഭവമായിരുന്നിരിക്കണം. സി.എസ്.കെയുടെ നായകൻ എന്ന നിലയ്ക്കാണ് അവർ ധോണിയെ സ്നേഹിച്ചു തുടങ്ങുന്നത്. എന്നാൽ പിന്നീട് ചെന്നൈ മഹാനഗരം ധോണിയെ ദത്തെടുക്കുകയായിരുന്നു. ഒരൊറ്റ ഐ.പി.എൽ സീസ്സൺ കൊണ്ട് ധോണി, തമിഴ്നാടിന്റെ 'തല'യായി മാറുകയായിരുന്നു. ഹൃദയം പൊട്ടിയ വേദന കടിച്ചമർത്തി തൊണ്ട പൊട്ടുമാറുച്ചത്തിൽ അവർ വിളിച്ചു പറഞ്ഞു...

"സി.എസ്.കെ നാ എങ്കളുക്ക് ഉയിർ, ധോണി നാ കടവുൾ.."
അന്ന് ചെന്നൈയിൽ വെച്ച് അവർ പറഞ്ഞ അതേ കാര്യം മുംബൈയിൽ വെച്ച് സച്ചിൻ ആവർത്തിച്ചു...
"സി.എസ്.കെ ഇല്ലാത്ത ഒരു ഐ.പി.എല്ലിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല..."

അങ്ങനെയിരിക്കെയായിരുന്നു ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകൾ വരുന്നത്. അവർക്ക് വേണ്ടി ചെന്നൈ - രാജസ്ഥാൻ ടീമുകളിലെ കളിക്കാരെ വിലയടിസ്ഥാനമായുള്ള വിവിധ തസ്തികകളിൽ പകുത്തു നൽകാൻ തീരുമാനമായി. അധിക നിക്ഷേപത്തിന്റെ ആനുകൂല്യത്തിൽ 12.5കോടിയുടെ തസ്തികയ്ക്കായി ആദ്യ താരത്തെ സ്വന്തമാക്കാനുള്ള അവകാശം പുണെക്ക് ലഭിച്ചു. പ്രവചനങ്ങളോ പ്രതീക്ഷകളോ തെറ്റിക്കാതെ ധോണിയെ പൂനെ ടീം സ്വന്തമാക്കി. അവിടെ നിലച്ചത് ഒരു ജനതയുടെ ജീവവായുവായിരുന്നു. മനസ്സുകൊണ്ടും ഹൃദയം കൊണ്ടും താൻ ഇപ്പോഴും സി.എസ്.കെയുടെ കൂടിയാണെന്ന് തല പറഞ്ഞപ്പോൾ തമിഴകം ഒന്നടങ്കം വിതുമ്പി കരഞ്ഞു. ഹൃദയഭേദകമായിരുന്നു അടുത്ത സംഭവം. 12.5 കോടിയുടെ അടുത്ത തസ്തികയിൽ രാജ്കോട്ട് ടീമുടമ സുരേഷ് റെയ്നയുടെ പേര് എഴുതിച്ചേർത്തു. ഒരേ കുടുംബത്തിലെ സഹോദരങ്ങൾ നേർക്കുനേർ വരേണ്ടിയിരിക്കുന്നു. ഈയൊരു ഐ.പി.എൽ ഞങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന് ചിന്തിച്ചുപോയി.


ദേശവേഷവർണവൈവിധ്യങ്ങളൊന്നുമില്ലാതെ ഒരൊറ്റ മനസ്സോടെ ഇക്കാലമത്രയും ചെന്നൈയുടെ നെടുംതൂണായി നിന്ന റെയ്‌നയും ജഡേജയും ബ്രാവോയും മക്കല്ലവും സ്മിത്തും ഒരറ്റത്ത്. മറ്റേ അറ്റത്ത് സി.എസ്.കെയുടെ എല്ലാമെല്ലാമായ ധോണിയും ഡുപ്പ്ലെസിയും അശ്വിനും. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നു. സി.എസ്.കെ കുടുംബത്തിലെ പകുതിയിലധികം പേരും ഗുജറാത്ത് ടീമിലായിട്ടും, ധോണി എന്ന ഒറ്റ കാരണത്താൽ 90% സി.എസ്.കെ ഫാൻസും പുണെയോടൊപ്പം നിന്നു. അപ്പോഴും സി.എസ്.കെയെ അല്ലാതെ ഐ.പി.എല്ലിൽ മറ്റൊരു ടീമിനെ പിന്തുണക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ലായിരുന്നു.

മനസ്സുകൊണ്ട് പൂണെയെയോ ഗുജറാത്തിനെയോ പിന്തുണക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. ധോണിക്കുള്ള ഫാൻ ബേസിന്റെ ഒരു ശതമാനം ആരാധകർ പോലും പൂണെ ടീമിന് ഇല്ലായിരുന്നു എന്നോർക്കുക. ഇന്ത്യയിലെ ഓരോ നഗരത്തിലും ധോണീരവമുയർന്നു. പൂണെയുടെ എവേ ഗ്രൗണ്ട് പോലും ധോണിയുടെ ഹോം ഗ്രൗണ്ടായി മാറി. പൂണെയെ പിന്തുണച്ചുകൊണ്ടുള്ള ആരവങ്ങളോ പ്ലക്കാർഡുകളോ ഒന്നും തന്നെ ഞങ്ങൾ കണ്ടില്ലായിരുന്നു. മുക്കിലും മൂലയിലും ധോണീമയം. മുംബൈയോടുള്ള ആദ്യ മത്സരത്തിലെ വിജയം ഞങ്ങളെ കുറച്ചൊന്നുമല്ല ആവേശരാക്കിയത്. 

ഈ ഐ.പി.എല്ലിൽ ധോണിയുടെ ബാറ്റിങ് മാത്രം കണ്ടാൽ മതി എന്ന് തീരുമാനിച്ച ഞങ്ങളെ, തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ആ മാന്ത്രികഹസ്തങ്ങൾ തകർപ്പൻ ക്യാച്ചുകൾ കൊണ്ടും മിന്നൽ സ്റ്റമ്പിങ്ങുകൾ കൊണ്ടും ആവേശഭരിതരാക്കി. ടീമിനോട് അല്പം പോലും ആത്മാർത്ഥത തോന്നിയില്ലെങ്കിലും ധോണിക്ക് വേണ്ടി, ഞങ്ങൾ പൂണെയുടെ മത്സരങ്ങൾക്കായി കാത്തിരുന്നു. ഓരോ ധോണി ആരാധകനും മറക്കാൻ ആഗ്രഹിക്കുന്ന ഐ.പി.എൽ ആയിരുന്നു അത്. വിദേശ താരങ്ങൾ പരിക്കുകൾ മൂലം സ്വന്തം നാട്ടിലേക്ക് ഒന്നിനു പിറകെ ഒന്നായി ഘോഷയാത്ര നടത്തിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ധോണിയോടൊപ്പം ഞങ്ങളും പകച്ചു നിന്നു. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പോലും പരിക്കേറ്റപ്പോൾ ആരുടെയൊക്കെയോ ശാപം പിന്തുടരുന്നത് പോലെ തോന്നി. ജയിക്കാവുന്ന പല മത്സരങ്ങളും അവസാന നിമിഷം തോൽവിയിലേക്ക് വഴുതിവീണു.

മറുവശത്ത് ഗുജറാത്ത് റെയ്‌നയുടെ ചിറകിൽ തേരോട്ടം നടത്തുകയായിരുന്നു. ധോണിയെ കളിയാക്കാൻ തക്കം പാർത്തിരുന്നവർ ഗുജറാത്തിന്റെ വിജയങ്ങൾ ഉത്സവങ്ങളെ പോലെ കൊണ്ടാടി. സ്റ്റേഡിയമൊട്ടാകെ നിറഞ്ഞു നിന്ന അനന്തമൂകതയിൽ ഞങ്ങളുടെ സ്വന്തം തല, തല താഴ്ത്തി നിന്നു. പരിഹാസങ്ങളും പാഴ് വാക്കുകളും നേരിടേണ്ടി വന്ന ആ സീസണിലും ഞങ്ങൾക്കായി കരുതി വെച്ച ഒരു മത്സരമുണ്ടായിരുന്നു. ജയിക്കാൻ രണ്ട് പന്തുകളിൽ പന്ത്രണ്ട് റൺസ് വേണ്ടിവരികയും, ആ രണ്ടുപന്തിലും നായകൻ സിക്സറടിച്ച് ടീമിനെ ജയിപ്പിക്കുന്നത് അന്നുവരെ സ്വപ്നങ്ങളിലും സിനിമകളിലും മാത്രമായിരുന്നു ഞങ്ങൾ കണ്ടിരുന്നത്. ഐ.പി.എൽ ചരിത്രത്തിലാദ്യമായി സ്വന്തം ടീം പ്ളേ ഓഫിൽ കടക്കാതെ പുറത്തായപ്പോഴും ധോണിയെന്ന ധീരനായകൻ തന്നെ പിന്തുണച്ചവരുടെ തലയുയർത്തിപ്പിടിച്ചു. രണ്ടാം ഐ.പി.എല്ലിന് ശേഷം രണ്ടാമത്തെ തവണയാണ് ഒരു ഐ.പി.എൽ ഫൈനൽ ഞങ്ങൾ കാണാതെയിരിക്കുന്നത് എന്നോർത്തുപോയി. സി.എസ്.കെ ഇല്ലാത്ത ഐ.പി.എൽ ശ്മശാനം പോലെ തോന്നിച്ചു. ആ വർഷം ആഘോഷിക്കാൻ ഞങ്ങൾക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സെപ്റ്റംബർ അവസാനം പുറത്തിറങ്ങിയ ധോണിയുടെ സിനിമ ഞങ്ങൾ ആഘോഷമാക്കി. ഓരോ തീയറ്ററും ധോനീരവങ്ങളാൽ ചെപ്പോക്കിന് സമമായി..


അടുത്ത വർഷവും ഐ.പി.എല്ലിന് ആവേശം പകരാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. 2017നെയല്ല, 2018നെയായിരുന്നു ഞങ്ങൾ കാത്തിരുന്നത്. എന്നാൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു 2017ന്റെ വരവ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകപദവി ധോണി രാജിവെച്ചിരിക്കുന്നു. ഇരുട്ട് കയറിയ ഒരു വലിയ മുറിയിൽ ഒറ്റക്കിരുന്ന് പൊട്ടിക്കരഞ്ഞ നിമിഷങ്ങൾ. മഹിയുടെ ചാണക്യതന്ത്രങ്ങളെ നഷ്ടപ്പെട്ട നാളുകൾ. ധോനിയെ വീണ്ടും നായകസ്ഥാനത്ത് കാണാൻ വല്ലാതെ ആഗ്രഹിച്ചുപോയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം ഞങ്ങൾ പത്താം ഐ.പി.എല്ലിനായി കാത്തിരുന്നു. എന്നാൽ കൂനിന്മേൽ കുരുവെന്ന പോലെ ധോണിക്ക് പകരം സ്റ്റീവ് സ്മിത്തിനെ പൂണെ ഉടമ നായകനാക്കുന്നു. സ്വന്തം ടീം ജയിച്ചു കയറിയപ്പോൾ പൂണെ ഉടമയുടെ സഹോദരന് അമിതാവേശം കൂടി. "കാട്ടിലെ യഥാർത്ഥ സിംഹം ആരാണെന്ന് മനസ്സിലായി" എന്നും, "ധോണിക്ക് പകരം സ്മിത്തിനെ നായകനാക്കിയത് വളരെ ഉചിതമായി" എന്നുമൊക്കെ അയാൾ കൊട്ടിഘോഷിച്ചു. 

ആ ട്വീറ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വിപ്ലവത്തിന് തന്നെ വഴിവെച്ചു. ധോണി ആരാധകർ രൂക്ഷമായി പ്രതികരിച്ചതോടെ അയാൾ പരസ്യമായി മാപ്പ് പറഞ്ഞു. അതിന്റെ കർമഫലം എന്നോണം അടുത്ത മത്സരങ്ങളിൽ പൂണെ സമ്പൂർണ പരാജയമറിഞ്ഞു. ഒടുവിൽ ഹൈദരാബാദിനെതിരായ നിർണായക മത്സരത്തിൽ മഹി, തന്റെ വിശ്വരൂപം പുറത്തെടുത്തു. ഐ.പി.എൽ അന്നേവരെ കണ്ട ഒരു ബ്രത്ടേക്കിങ് നെയിൽബൈറ്റിങ് ഫിനിഷിങ്ങിലൂടെ ധോണി പൂണെയെ കരകയറ്റി. ആക്ഷേപങ്ങളും പരിഹാസങ്ങളും മാത്രം വശമുണ്ടായിരുന്ന ഗോയെങ്ക സഹോദരന്മാർക്ക് കുമ്പസാരം നടത്തേണ്ടത് എങ്ങനെയെന്ന് മഹി പഠിപ്പിച്ച് കൊടുത്തു. പുണെ പ്ളേ ഓഫിൽ കടന്നതോടെ, ധോണിയുടെ കൂടുതൽ മത്സരങ്ങൾ കാണാൻ ഞങ്ങൾ കാത്തിരുന്നു. ഫൈനലിൽ പുണെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ നാല് തവണ ഉണ്ടായതുപോലൊരു വേദനയൊന്നും അനുഭവപ്പെട്ടില്ല. ടീം പൂണെ ആയതുകൊണ്ടും നായകൻ ധോണി അല്ലാത്തത് കൊണ്ടുമായിരിക്കാം, ഞങ്ങൾക്ക് വിഷമമൊന്നും തോന്നിയില്ല. ആ ഫൈനലിൽ, പുണെ ജയിച്ചിരുന്നുവെങ്കിൽ, ധോണി പഠിച്ച കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു സ്മിത്ത് എന്ന് വരെ പറയാൻ ചില നാലാം കൂലികൾ നിരന്നുനിന്നിരുന്നേനെ...

ധോണിയെ ഇനിയൊരിക്കൽ നായകനായി കാണുന്നുണ്ടെങ്കിൽ അത് സി.എസ്.കെയുടെ മഞ്ഞ ജേഴ്‌സിയിലായിരിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ്, സ്വന്തം പൈജാമ വിറ്റും, ധോണിയെ സ്വന്തമാക്കും എന്ന് ഷാരൂഖ് ഖാൻ പ്രസ്താവിക്കുന്നത്. നിരാശക്ക് ഒരു അറുതിയില്ലേ ദൈവമേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോയി. ഷാരൂഖ് ഖാന്റെ വസ്ത്രം മാത്രമല്ല, അദ്ദേഹം സ്വന്തം പുരയിടം തന്നെ വിൽക്കാൻ തയ്യാറായാലും ധോണിയെ ചെന്നൈ ടീമിൽ വീണ്ടും കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. ആ ടീമും ആ ജേഴ്സിയും അത്രമാത്രം ഞങ്ങളുടെ മനസ്സിൽ ആഴ്ന്നിറങ്ങിയിരുന്നു. 


ഒടുവിൽ, ധോണിക്ക് വേണ്ടി, മുഴുവൻ നിക്ഷേപ തുക ചിലവഴിക്കാനും തങ്ങൾ തയ്യാറാണെന്ന് സി.എസ്.കെ ഫ്രാഞ്ചൈസി വ്യക്തമാക്കിയപ്പോഴാണ് ഞങ്ങൾക്ക് ആശ്വാസമായത്. ഒടുവിൽ സി.എസ്.കെയുടെ സസ്‌പെൻഷൻ കാലാവധി തീർന്ന ദിവസം, "തല" എന്നെഴുതിയ മഞ്ഞ ജേഴ്സി ധരിച്ച ധോനിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. ആ ദിവസം ഞങ്ങൾ ഉറപ്പിക്കുകയായിരുന്നു. ഇനി കൊടുങ്കാറ്റ് വന്നാലും ധോണി സി.എസ്.കെയിൽ തന്നെ...തമിഴ്നാട് പ്രീമിയർ ലീഗിന് മുന്നോടിയായി മഹി വീണ്ടും മഞ്ഞ ജേഴ്‌സിയണിഞ്ഞ് ചെന്നൈയിലെത്തിയപ്പോൾ ചെപ്പോക് പ്രകമ്പനം കൊണ്ട് നടുങ്ങി. നെറ്റ്സിൽ നേരിട്ട മൂന്ന് പന്തുകളും ധോണി ഗാലറിയിലെത്തിച്ചു. ആ ദൃശ്യം കോടിക്കണക്കിന് ആരാധകരുടെ മനസ്സ് നിറച്ചു. ഞങ്ങളുടെ കണ്ണുകളും...

ആകെ അറിയാൻ ബാക്കിയുണ്ടായിരുന്നത് ആ പഴയ സി.എസ്.കെ ടീം അതേപടി തിരിച്ചു വരുമോ എന്നായിരുന്നു. ചെന്നൈയുടെ ദ്രോണാചാര്യരായി സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനമേറ്റപ്പോൾ അഭ്യൂഹങ്ങൾക്ക് വിരാമമായി. തിരിച്ചു വരുന്ന രണ്ട് ടീമുകൾക്ക് അവരുടെ പഴയ താരങ്ങളെ സ്വന്തമാക്കാൻ പാകത്തിൽ പരിഷ്കരിച്ച നിയമങ്ങൾക്ക് നന്ദി. ലോകത്തിന്റെ നെറുകയിൽ എത്തിയപ്പോൾ വന്ന വഴി മറന്ന ആർ. അശ്വിൻ എന്ന അഴകിയ തമിഴ് മകനെ അവഗണിച്ചുകൊണ്ട് ചെന്നൈ മാനേജ്മെന്റ് സി.എസ്.കെയുടെ പഴയ പ്രതാപം വീണ്ടെടുത്തു. പൂർവാധികം ശക്തിയോടെ ഐ.പി.എൽ രാജാക്കന്മാർ തിരിച്ചുവന്നിരിക്കുന്നു. ടീമിന്റെ പരിശീലനം തുടങ്ങുന്നതിന് മുമ്പേ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. ചെന്നൈയിലെ ആരാധകർ മുംബൈയിലുള്ളതിനേക്കാൾ എത്രയോ അധികമാണ് എന്ന് അമ്പാട്ടി റായുഡു പറയുന്നു. കൃത്യമായ ഇടവേളകളിൽ ധോണിക്കെതിരെ ഒളിയമ്പുകൾ എയ്ത ഹർഭജൻ സിങ്, ഈ ഐ.പി.എല്ലിൽ ധോണി സെഞ്ച്വറി നേടുമെന്ന് പറയുന്നു. കാട്ടിലെ സിംഹം, ഓസ്‌ട്രേലിയൻ കാടുകളിൽ ഗതികിട്ടാതെ അലയുന്നു. കാലം കുറിക്കുന്ന കാവ്യനീതി എത്രയോ മധുരമാണ്, മനോഹരമാണ്...

മറ്റൊരു മാമാങ്കത്തിനായി ചെന്നൈ അണിഞ്ഞൊരുങ്ങുന്നു. വർഷങ്ങളായി ഒഴിഞ്ഞു കിടന്ന രണ്ട് സ്റ്റാന്റുകളിലെ ശേഷിച്ച പണി പൂർത്തീകരിച്ച് ചിദംബരം സ്റ്റേഡിയം തലയുയർത്തി നിൽക്കുന്നു. ചെന്നൈ മഹാനഗരം ബംഗാൾ ഉൾക്കടലിനേക്കാൾ ഉച്ചത്തിൽ ആർത്തിരമ്പുന്നു. ഹെലികോപ്റ്റർ ഷോട്ടുകൾ ചുംബിച്ച ചെപ്പോക്കിലെങ്ങും ധോനീരവങ്ങൾ അലയടിക്കുന്നു...

കാത്തിരിപ്പിന്റെ വേദനയാൽ പിടഞ്ഞ ഹൃദയമേ,
ഇത് കാലം നിനക്കായി കാത്തുവെച്ച ദൃശ്യ വിരുന്ന്...
 

Tags:    
News Summary - chennai super kings back in ipl -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.