ബംഗളൂരു: തുടർച്ചയായ പത്ത് ഏകദിന ജയമെന്ന റെക്കോഡ് ലോകക്രിക്കറ്റിലെ പ്രമുഖ ശക്തികളെല്ലാം സ്വന്തമാക്കിയപ്പോഴും കാഴ്ചക്കാരായി നോക്കിനിൽക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്ത്യൻ ടീം. ഇപ്പോഴിതാ, ആ റെക്കോഡും സ്വന്തം പേരിലെഴുതിച്ചേർക്കാൻ ഇന്ത്യൻ ക്രിക്കറ്റിന് സുവർണാവസരം കൈവന്നിരിക്കുന്നു.
തുടർച്ചയായി ഒമ്പത് ജയങ്ങളുമായി തകർപ്പൻ ഫോമിൽ മുന്നേറുന്ന ഇന്ത്യ പത്താം ജയം തേടി ഇന്ന് ആസ്ട്രേലിയയെ നേരിടും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30നാണ് നാലാം ഏകദിനം. രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മാത്രമാണ് ഇന്ത്യയുടെ ആശങ്ക. മഴമൂലം ബുധനാഴ്ച പരിശീലന സമയം വെട്ടിച്ചുരുക്കിയിരുന്നു.
ബംഗ്ലാദേശും സിംബാബ്വെയും ഒഴികെയുള്ള ടെസ്റ്റ് ടീമുകളെല്ലാം ഒരു തവണയെങ്കിലും തുടർച്ചയായ പത്ത് ഏകദിന മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. ആസ്ട്രേലിയ ആറ് തവണയും ദക്ഷിണാഫ്രിക്ക അഞ്ച് തവണയും പത്ത് ജയം സ്വന്തമാക്കിയിരുന്നു. പാകിസ്താനും വെസ്റ്റിൻഡീസും ശ്രീലങ്കയും രണ്ട് തവണ വീതം പത്താം ക്ലബിൽ ഇടം നേടിയപ്പോൾ ന്യൂസിലൻഡ് ഒരു തവണ കഴിവ് തെളിയിച്ചു. തുടർച്ചയായ 21 ജയങ്ങൾ നേടിയ ആസ്ട്രേലിയയാണ് മുന്നിൽ. ഇക്കാലമത്രയും പത്താം ക്ലബ്ബിെൻറ പുറത്തുനിന്ന ഇന്ത്യ ജൂലൈയിൽ വെസ്റ്റിൻഡീസിനോട് തോറ്റതിൽപിന്നെ പരാജയമറിഞ്ഞിട്ടില്ല. ഇതിനിടയിൽ ശ്രീലങ്കക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ഒാസീസിനെതിരെ മൂന്ന് ജയവും. നേരെ തിരിച്ചാണ് ഒാസീസിെൻറ അവസ്ഥ. വിദേശത്ത് തുടർച്ചയായ 11 തോൽവികളുടെ ഭാരവുമായാണ് ഒാസീസ് ഇന്നിറങ്ങുന്നത്. ജനുവരി 26ന് പാകിസ്താനെ തോൽപിച്ച ശേഷം അവർക്ക് വിദേശ മണ്ണിൽ ജയം നേടാനായിട്ടില്ല.
മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിെൻറ ആത്മവിശ്വാസമുള്ളതിനാൽ ഇന്ത്യ ബാറ്റിങ്ങിൽ പരീക്ഷണത്തിന് മുതിരാൻ സാധ്യതയുണ്ട്. മനീഷ് പാണ്ഡേക്ക് പകരം ലോകേഷ് രാഹുലിന് അവസരം നൽകിയേക്കും. ഒാൾറൗണ്ടറുടെ മികവിലേക്ക് ഹാർദിക് പാണ്ഡ്യ ഉയർന്നുവന്നത് ഇന്ത്യക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. പരിക്കിൽനിന്ന് തിരിച്ചെത്തി ആരോൺ ഫിഞ്ച് ഫോമിലായത് മാത്രമാണ് ഒാസീസിെൻറ ആശ്വാസം. മാക്സ്വെൽ ഉൾപ്പെടെയുള്ള മധ്യനിര തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ആഷസ് കളിക്കാൻ ഇംഗ്ലണ്ടിലേക്ക് വണ്ടികയറുന്നതിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാനെങ്കിലും ഒരു ജയം ലഭിക്കണമെന്ന പ്രാർഥനയിലാണ് നായകൻ സ്റ്റീവ് സ്മിത്ത്. ഇനിയും തോറ്റാൽ ലോക റാങ്കിങ്ങിൽ താഴേക്ക് പോകുമെന്ന ഭയവും ആസ്ട്രേലിയയെ വേട്ടയാടുന്നുണ്ട്.
നൂറിൽ നൂറ് കോഹ്ലി
ബംഗളൂരു: നൂറിനോട് കോഹ്ലിക്ക് പ്രത്യേക അടുപ്പമുണ്ട്. 30ാം ശതകം നേടിയത് കഴിഞ്ഞ ദിവസമാണ്. കോഹ്ലിയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സ്ട്രൈക്ക് റേറ്റ് നോക്കിയാലും കിട്ടും നൂറ്. 2016-17 കാലയളവിൽ കോഹ്ലി നേരിട്ടത് 1876 പന്ത്. നേടിയത് 1876 റൺസ്. കഴിഞ്ഞ വർഷം കോഹ്ലി നേരിട്ട 739 പന്തിൽ 739 റൺസ് നേടി. ഇൗ വർഷം ഇതുവരെ നേരിട്ടത് 1137 പന്ത്. നേടിയതാകെട്ട 1137 റൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.