ഹാമിൽട്ടൺ: സൂപ്പർ താരം വിരാട് കോഹ്ലിയില്ലാത്ത ഇന്ത്യയുടെ നട്ടും ബോൾട്ടുമിളക്കി ന്യൂസിലൻഡ്. സ്വിങ് ബൗളിങ്ങിെൻറ മനോഹാരിതയുമായി ഇടങ്കയ്യൻ പേസർ ട്രെൻറ് ബോൾട്ട് മിന്നിത്തിളങ്ങിയപ്പോൾ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ന്യൂസിലൻഡിന് ആദ്യ ജയം. എട്ട് വിക്കറ്റിനായിരുന്നു കിവീസിെൻറ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ ലീഡ് 3-1 ആയി കുറഞ്ഞു. അവസാന കളി ഞായറാഴ്ച വെലിങ്ടണിൽ നടക്കും.
ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സമ്മാനിച്ച് കോഹ്ലി നാട്ടിലേക്ക് മടങ്ങിയപ്പോൾ നായകസ്ഥാനം ഏറ്റെടുത്ത് 200ാം ഏകദിനത്തിനിറങ്ങിയ രോഹിത് ശർമ എല്ലാ അർഥത്തിലും മറക്കാനാഗ്രഹിക്കുന്ന കളിയായി സെഡൻ പാർക്കിലേത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.5 ഒാവറിൽ വെറും 92 റൺസിന് പുറത്തായപ്പോൾ 14.4 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കിവീസ് ലക്ഷ്യം കണ്ടു. മത്സരം ആകെ നീണ്ടത് 45.3 ഒാവർ മാത്രം. ഇൗ മൈതാനത്തെ ഏറ്റവും ചെറിയ ടീം ടോട്ടലാണ് ഇന്ത്യയുെടത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏഴാമത്തെ ചെറിയ ടോട്ടലും.
21 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ബോൾട്ടാണ് ഇന്ത്യൻ മുൻനിരയുടെ നെട്ടല്ലൊടിച്ചത്. 26 റൺസിന് മൂന്നു വിക്കറ്റ് പിഴുത് മീഡിയം പേസർ കോളിൻ ഡി ഗ്രാൻഡ്ഹോം മികച്ച പിന്തുണ നൽകി. പുറത്താവാതെ 18 റൺസെടുത്ത ബൗളർ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ഹർദിക് പാണ്ഡ്യ (16), കുൽദീപ് യാദവ് (15), ശിഖർ ധവാൻ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. നായകൻ രോഹിത് ശർമ (7), അരങ്ങേറ്റക്കാരൻ ശുഭ്മൻ ഗിൽ (9), അമ്പാട്ടി റായുഡു (0), ദിനേശ് കാർത്തിക് (0), കേദാർ ജാദവ് (1), ഭുവനേശ്വർ കുമാർ (1), ഖലീൽ അഹ്മദ് (5) എന്നിവരൊക്കെ എളുപ്പം പുറത്തായി.
വിക്കറ്റ് നഷ്ടമില്ലാതെ 20 എന്ന നിലയിൽനിന്ന് എട്ടിന് 55 എന്ന അവസ്ഥയിലേക്ക് ദ്രുതഗതിയിലായിരുന്നു ഇന്ത്യയുടെ കൂപ്പുകുത്തൽ. ഒടുവിൽ ഒമ്പതാം വിക്കറ്റിന് 25 റൺസ് ചേർത്ത ചഹലും കുൽദീപുമാണ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ടുയർത്തിയത്. രോഹിത്-ധവാൻ-കോഹ്ലി ത്രയം നിറംമങ്ങിയാൽ ഇന്ത്യൻ ബാറ്റിങ് ശുഷ്കമാണ് എന്ന ആക്ഷേപം ശരിവെക്കുന്നതായി ഇൗ മത്സരം.
ചെറിയ ലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരുടെ ഒാപണർ മാർട്ടിൻ ഗപ്റ്റിലിനെയും (14) ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെയും (11) ഭുവനേശ്വർ മടക്കിയെങ്കിലും മോശം ഫോം കാരണം ടീമിൽനിന്ന് പുറത്തായ കോളിൻ മൺറോയുടെ സ്ഥാനത്ത് ഒാപണറായി സ്ഥാനക്കയറ്റം കിട്ടിയ ഹെൻറി നികോൾസും (30) റോസ് ടെയ്ലറും (37) ചേർന്ന് ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.