ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. മനോഹര സെഞ്ചുറിയുമായി ഹിറ്റ്മാൻ രോഹിത് (129) മുന്നിൽ നിന്നും നയിച്ചപ്പോൾ വിരാട് കോഹ്ലി 75 റൺസുമായി ശക്തമായ പിന്തുണ നൽകി. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 269 റൺസെന്ന വിജയലക്ഷ്യം അനായാസമാണ് ഇന്ത്യൻ നിര മറികടന്നത്. 54 പന്തില്‍ അർധ സെഞ്ചുറി നേടിയ രോഹിത് 82 പന്തിലാണ് ശതകം പൂർത്തിയാക്കിയത്. ശിഖര്‍ ധവാന്‍ 27 പന്തില്‍ 40 റണ്‍സെടുത്തു.
നേരത്തെ 10 ഒാവറിൽ 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് പിഴുത ഇടങ്കയ്യൻ സ്പിന്നർ കുൽദീപ് യാദവാണ് ഇംഗ്ലണ്ട് സ്കോർ 268ൽ ഒതുക്കിയത്. തെൻറ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് നോട്ടിങ്ഹാമിൽ കുൽദീപ് കുറിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് (50) ജോസ് ബട്ലർ (53) എന്നിവർ പൊരുതിയിരുന്നില്ലെങ്കിൽ ടീം ചെറിയ സ്കോറിന് ഒതുങ്ങുമായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്റ്റോ എന്നിവർ 38 റൺസ് വീതമെടുത്ത് ടീമിനെ വൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ് പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട് തകരാൻ തുടങ്ങിയിരുന്നു. തുടർന്ന് ഒമ്പത് റൺസെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ.
ഇന്ത്യൻ നിരയിൽ സിദ്ധാർഥ് കൗൾ ഇന്നത്തെ മൽസരത്തിലൂടെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. പരുക്കുള്ള ഭുവനേശ്വർ കുമാറിന് പകരക്കാരനായാണ് കൗൾ ടീമിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.