പുണെ: ഇംഗ്ളീഷ് ടെസ്റ്റ് പരീക്ഷ അനായാസം പാസായ ഇന്ത്യക്ക് ഇനി ഏകദിനത്തിന്‍െറ കടുപ്പമേറിയ പരീക്ഷക്കാലം. ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പോരാട്ടങ്ങൾക്ക് പുണെ എം.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 4-0ത്തിന് ഇന്ത്യക്കു മുന്നില്‍ അടിയറവു പറഞ്ഞതാണെങ്കിലും ഏകദിനത്തില്‍ ഇംഗ്ലണ്ട് കരുത്തരാണ്. ടെസ്റ്റില്‍നിന്ന് അടിമുടി മാറിയിറങ്ങുന്ന ഇംഗ്ളീഷ് സംഘത്തിനു മുന്നില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
കോഹ്ലിയുടെ നാളുകള്‍ ജൂണില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനു മുന്നോടിയായി ഇന്ത്യയുടെ ഏക ഏകദിന പരമ്പരയാണിത്. അതാവട്ടെ, തലമുറകൈമാറ്റത്തിന്‍െറ പിരിമുറുക്കത്തിനിടയിലും. ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച എം.എസ്. ധോണി നായകസ്ഥാനം വിരാട് കോഹ്ലിയെ ഏല്‍പിച്ച്, ആദ്യമായി കളിക്കാരില്‍ ഒരാളായി കളത്തിലിറങ്ങുകയാണ്. ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോഹ്ലിമികവ് നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലും തുടരുമോയെന്നറിയാനുള്ള കാത്തിരിപ്പാണ് ആരാധകര്‍ക്ക്. അതേസമയം, പടനായകന് തണല്‍വിരിക്കാന്‍ ധോണിയും ടീമില്‍ തിരിച്ചത്തെുന്ന സീനിയര്‍ താരം യുവരാജ് സിങ്ങുമുണ്ടെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ധോണി, യുവരാജ് എന്നിവരുടെ സാന്നിധ്യം മധ്യനിര ബാറ്റിങ്ങില്‍ ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കും. 4-7 വരെ ഏത് പൊസിഷനിലും ക്രീസിലിറങ്ങുമെന്നറിയിച്ചാണ് മുന്‍ ക്യാപ്റ്റന്‍െറ വരവ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുണ്ടായിരുന്ന യുവരാജ് ബാറ്റിങ്ങിലും ബൗളിങ്ങിലും കോഹ്ലിയുടെ ആയുധമാണ്. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, രവീന്ദ്ര ജദേജ, ഹാര്‍ദിക് പാണ്ഡ്യ ഇവരില്‍ ആരെ, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുമെന്ന് കാത്തിരുന്നു കാണാം. ബൗളിങ്ങില്‍ സ്പിന്‍ ഡിവിഷനാണ് ഇന്ത്യയുടെ കരുത്ത്. ആര്‍. അശ്വിനൊപ്പം ജദേജയും യുവരാജും പാര്‍ട്ടൈം ബൗളര്‍മാരായുണ്ടാവും. പേസില്‍ ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവോ ഭുവനേശ്വര്‍ കുമാറോ. സമീപകാല പ്രകടനം പരിഗണിച്ചാല്‍ ഉമേഷിനുതന്നെ നറുക്കു വീണേക്കും. മറ്റു മത്സരങ്ങള്‍ 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലുമായി നടക്കും. തുടര്‍ന്ന് മൂന്ന് ട്വന്‍റി20 പോരാട്ടങ്ങളും.
മോര്‍ഗന്‍െറ ഇംഗ്ളണ്ട് ടെസ്റ്റിലെ തോല്‍വിക്ക് ഏകദിനത്തില്‍ കണക്കു തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ളണ്ട്. ഇതിന്‍െറ സൂചനകള്‍ ആദ്യ വാംഅപ് മാച്ചില്‍ കാണിക്കുകയും ചെയ്തു. ബിഗ്ബാഷിലെ തകര്‍പ്പന്‍ ഫോമുമായാണ് മോര്‍ഗന്‍െറ വരവ്. മൂന്നാം നമ്പറില്‍ ജോ റൂട്ടിന്‍െറ സാന്നിധ്യം, ഓപണിങ്ങില്‍ ജാസണ്‍ റോയ്-അലക്സ് ഹെയ്ല്‍സ്. ബൗളിങ്ങില്‍ മുഈന്‍ അലിയും റാഷിദും സ്പിന്‍ നിര ഭദ്രമാക്കുമ്പോള്‍ ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ജേക്കബ് ബാള്‍ എന്നിവര്‍ പേസിനെ ശക്തമാക്കും.
ടീം ഇവരില്‍നിന്ന് ഇന്ത്യ: ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എം.എസ്. ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിന്‍ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, അമിത് മിശ്ര, ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്. ഇംഗ്ളണ്ട്: മുഈന്‍ അലി, ജോണി ബെയര്‍സ്റ്റോ, ജെയ്ക് ബാള്‍, സാം ബില്ലിങ്സ്, ജോസ് ബട്ലര്‍, ലിയാം ഡോസന്‍, അലക്സ് ഹെയ്ല്‍സ്, ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം പ്ളങ്കറ്റ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ജാസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.