ബുംറയും നെഹ്റയും രക്ഷകരായി; ഇന്ത്യന്‍ ജയം അഞ്ച് റണ്‍സിന്

നാഗ്പുര്‍: ഒറ്റപ്പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. പക്ഷേ, ഒറ്റ റണ്ണുപോലും വഴങ്ങാതെ ജസ്പ്രീത് ബുംറയുടെ പന്ത് മുഈന്‍ അലിയുടെ ഓഫ് സ്റ്റംപിനു പുറത്തുകൂടി ധോണിയുടെ ഗ്ളൗസില്‍ നിന്നപ്പോള്‍ ഇന്ത്യ ജയിച്ചത് അഞ്ചു റണ്‍സിന്. 145 റണ്‍സെന്ന ലക്ഷ്യം ഇംഗ്ളണ്ട് അനായാസം മറികടക്കുമെന്നു കരുതിയിടത്തുനിന്ന് അവസാന പന്തുവരെ കളിനീട്ടിയെടുത്തതിന്‍െറ ക്രെഡിറ്റ് ബുംറക്കും ആശിഷ് നെഹ്റക്കും. മൂന്നു മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമത്തെി. ഇതോടെ, ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ നടക്കുന്ന മത്സരം ഫൈനലായി. വരിഞ്ഞുകെട്ടിയ ബൗളിങ്ങിലൂടെ ഇന്ത്യയെ 144 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയ ഇംഗ്ളണ്ട് ഒരു ഘട്ടത്തില്‍ അനായാസജയം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവസാനത്തെ നാലോവര്‍ ഒയിന്‍ മോര്‍ഗന്‍െറ പ്രതീക്ഷകള്‍ തകര്‍ത്തു. 16ാമത്തെ ഓവര്‍ അവസാനിക്കുമ്പോള്‍ ഇംഗ്ളണ്ടിന് ജയിക്കാന്‍ 24 പന്തില്‍ വേണ്ടത് 32 റണ്‍സ്. ഏഴു വിക്കറ്റ് കൈയില്‍. 
 

27 പന്തില്‍ 38 റണ്‍സെടുത്ത ബെന്‍ സ്റ്റോക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി നെഹ്റ ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. അടുത്ത ഓവറില്‍ ബുംറ വഴങ്ങിയത് വെറും നാലു റണ്‍സ്. 19ാം ഓവറില്‍ ജോസ് ബട്ലര്‍ നെഹ്റയെ ഫോറിനും സിക്സിനും പായിപ്പിച്ചപ്പോള്‍ വീണ്ടും കളി ഇംഗ്ളണ്ടിന്‍െറ വഴിയിലായി. ആറു പന്തില്‍ വെറും എട്ടു റണ്‍സ് ലക്ഷ്യം.പക്ഷേ, അവസാന ഓവറിലെ ആദ്യ പന്തില്‍ അമ്പയറുടെ കാരുണ്യത്തില്‍ ജോ റൂട്ടിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ മുഈന്‍ അലി സിംഗ്ള്‍ എടുത്തു. ഇന്ത്യയെ തളക്കാന്‍ ഇംഗ്ളണ്ട് പ്രയോഗിച്ച സ്ലോവര്‍ തന്ത്രം സമര്‍ഥമായി പയറ്റിയ ബുംറ അടുത്ത പന്തില്‍ റണ്‍ വഴങ്ങിയില്ല. ഉഗ്രനൊരു ലെഗ് കട്ടറില്‍ തൊട്ടടുത്ത പന്തില്‍ ബുംറ ബട്ലറുടെ കുറ്റി തെറിപ്പിച്ചു. രണ്ടു പന്തില്‍ ഏഴു റണ്‍സ് എന്ന ആകാംക്ഷനിറഞ്ഞ നിമിഷം. ജോര്‍ദന്‍ ബൈ ഓടി മുഈന്‍ അലിക്ക് സ്ട്രൈക്ക് കൈമാറി. എന്നാല്‍, ആശിഷ് നെഹ്റ ബുംറയുടെ ചെവിയില്‍ ഓതിയ തന്ത്രം വിജയിച്ചു. അവസാന പന്ത് ഫുള്‍ ടോസ് ആയി ഓഫ് സ്റ്റംപിനു പുറത്തുകൂടി അലിയെ മറികടന്നു ധോണിയുടെ ഗ്ളൗസില്‍ കയറുമ്പോള്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആയിരങ്ങള്‍ ഇന്ത്യന്‍ ജയം ആഘോഷിച്ചുതുടങ്ങി.
 
ലോകേഷ് രാഹുലിൻെറ ബാറ്റിങ്
 

നേരത്തേ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ 47 പന്തില്‍ 71 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ മാത്രമാണ് തിളങ്ങിയത്. ഓപണറായി വീണ്ടുമിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ തകര്‍ച്ചക്ക് തുടക്കമിട്ടു. 15 പന്തില്‍ 21 റണ്‍സെടുത്ത് അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ നായകന്‍ വീണു. പിന്നെ വിക്കറ്റ് പൊഴിച്ചിലായി. റെയ്നയും (ഏഴ്) യുവരാജും (നാല്) തികഞ്ഞ പരാജയമായി. മറുവശത്ത് ലോകേഷ് രാഹുല്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് ആശ്വാസമായി. ഒടുവില്‍ 47 പന്തില്‍ 71 റണ്‍സെടുത്ത് ജോര്‍ദന്‍െറ പന്തില്‍ ബൗണ്ടറി ലൈനില്‍ പിടികൊടുത്ത് ലോകേഷ് രാഹുലിന്‍െറ ഒറ്റയാന്‍ പോരാട്ടം അവസാനിച്ചു. രണ്ടു കൂറ്റന്‍ സിക്സറും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രാഹുലിന്‍െറ ഇന്നിങ്സ്. മനീഷ് പാണ്ഡെയുടെ 30 റണ്‍സായിരുന്നു ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. ധോണി (അഞ്ച്) അവസാന പന്തില്‍ കുറ്റിതെറിച്ചു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ എട്ടിന് 144 ല്‍ ഒതുങ്ങി. ബുംറയാണ് മാന്‍ ഓഫ് ദ മാച്ച്. 

 

Tags:    
News Summary - India vs England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.