കൊല്‍ക്കത്ത: സ്വന്തം മണ്ണിലെ 250ാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തന്നെ ജയിച്ചു. അതും ഒന്നാം റാങ്കില്‍. പോരാത്തതിന് പരമ്പര ജയവും. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 178 റണ്‍സിന്‍െറ വമ്പന്‍ ജയമാണ് ഒരു ദിവസം ബാക്കിയിരിക്കെ കോഹ്ലിയും സംഘവും സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ ഒന്നാം റാങ്കില്‍ തിരിച്ചത്തെി. സ്പിന്നും പേസും ചേര്‍ന്ന ആക്രമണത്തിലൂടെയായിരുന്നു ഇന്ത്യ കളി വരുതിയിലാക്കിയത്. വൃദ്ധിമാന്‍സാഹയാണ് മാന്‍ ഓഫ് ദ മാച്ച്. സ്കോര്‍: ഇന്ത്യ 316, 263. ന്യൂസിലന്‍ഡ് 204, 197. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സിന്‍െറ വമ്പന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ കിവികള്‍ നല്ല നിലയില്‍ തുടങ്ങിയതാണ്. പരമ്പരയില്‍ ആദ്യമായി ന്യൂസിലന്‍ഡ് ഓപണര്‍മാര്‍ മികച്ച തുടക്കം കുറിച്ചതും ഈഡനിലെ രണ്ടാം ഇന്നിങ്സിലായിരുന്നു. ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് ചേര്‍ത്ത ശേഷം വമ്പനടിക്കാരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അശ്വിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. 24 റണ്‍സായിരുന്നു ഗുപ്റ്റിലിന്‍െറ സ്കോര്‍. മറുവശത്ത് ടോം ലാഥം പതര്‍ച്ചയില്ലാതെ ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടു. ഹെന്‍റി നിക്കോളാസിനൊപ്പം 36ാമത്തെ ഓവര്‍ വരെ വലിയ കുഴപ്പങ്ങളില്ലാതെ ലാഥം ഇന്നിങ്സ് നയിച്ചു.
സ്കോര്‍ 100 സുഗമമായി പിന്നിടുകയും ചെയ്തു. ഇന്ത്യക്കാരുടെ ചങ്കില്‍ തീയാളിയ നിമിഷം. പക്ഷേ, സ്കോര്‍ 104ല്‍ എത്തിയപ്പോള്‍ ജദേജയുടെ വക പ്രഹരം. 24 റണ്‍സെടുത്ത നിക്കോളാസ് രഹാനെയുടെ കൈകളില്‍ ഭദ്രം. പിന്നെ ഇടവേളകളില്‍ വിക്കറ്റു വീഴ്ചയായിരുന്നു. കളി അഞ്ചാം ദിവസത്തിലേക്ക് നീളില്ളെന്ന് ഏറെക്കുറെ ഉറപ്പായി. പരിക്കേറ്റ കെയ്ന്‍ വില്യംസണ് പകരം ക്യാപ്റ്റന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത റോസ് ടെയ്ലര്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. 28 പന്തില്‍ തട്ടിമുട്ടി നാല് റണ്‍സെടുത്തപ്പോഴേക്കും വീണ്ടും അശ്വിന്‍െറ ആക്രമണം. വിക്കറ്റിനു മുന്നില്‍ കുടുങ്ങി ടെയ്ലര്‍ പുറത്ത്. അതിനിടയില്‍ ലാഥം പരമ്പരയിലെ രണ്ടാമത്തെ അര്‍ധ ശതകം തികച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലുക് റോഞ്ചി പിടിച്ചുനില്‍ക്കുന്നതിനിടയില്‍ 141ല്‍ ലാഥം വീണത് ന്യൂസിലന്‍ഡിന്‍െറ അവശേഷിച്ച പ്രതീക്ഷകളും തകര്‍ത്തു. വിക്കറ്റിനു പിന്നില്‍ വൃദ്ധിമാന്‍ സാഹ പിടിച്ചു പുറത്താകുമ്പോള്‍ പൊരുതി നേടിയ 74 റണ്‍സായിരുന്നു ലാഥമിന്‍െറ സംഭാവന.
മിച്ചല്‍ സാന്‍റ്നര്‍ ഒമ്പത് റണ്‍സെടുത്ത് മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. രണ്ടു റണ്‍സു കൂടി ചേര്‍ക്കേണ്ട താമസം ഷമിയുടെ റിവേഴ്സ് സ്വിങ് ബി.ജെ. വാറ്റ്ലിങ്ങിന്‍െറ കുറ്റി തെറിപ്പിച്ചു. ഏഴാമനായി ലുക് റോഞ്ചി പുറത്തായത് 60 പന്തില്‍ സാഹസപ്പെട്ടു നേടിയ 32 റണ്‍സുമായായിരുന്നു. നാലാം തവണയും ജദേജയാണ് റോഞ്ചിയെ പുറത്താക്കിയത്. ഓഫ് സ്റ്റമ്പില്‍ നിന്ന് വെട്ടിത്തിരിഞ്ഞ പന്ത് ബാറ്റിലുരുമ്മി റോഞ്ചിയുടെ സ്റ്റംപ് പിഴുതെടുത്തു.
ആദ്യ ഇന്നിങ്സില്‍ വാലറ്റത്ത് ചെറുത്തുനിന്ന ജീതന്‍ പട്ടേല്‍ അധികം സാഹസത്തിനൊന്നും മുതിരാതെ ഭുവനേശ്വര്‍ കുമാറിന്‍െറ പന്തില്‍ കുറ്റി തെറിച്ചു രണ്ടു റണ്ണിന് പുറത്തായി. സ്കോര്‍ 190ല്‍ 18 റണ്‍സെടുത്ത മാറ്റ് ഹെന്‍റി വീണു. ഷോര്‍ട്ട് കവറില്‍ ഒറ്റക്കൈയില്‍ കോഹ്ലിയാണ് മനോഹരമായി ഹെന്‍റിയെ കൈപ്പിടിയില്‍ ഒതുക്കിയത്. നാലാം ദിവസത്തേക്കു കളി നീട്ടാതെ ചടങ്ങു തീര്‍ക്കുന്ന ജോലി മാത്രമേ പിന്നെ ബാക്കിയുണ്ടായിരുന്നുള്ളൂ. പുതിയ ബാളെടുത്ത ശേഷം ഏഴ് പന്തുകൂടിയേ എറിയേണ്ടിവന്നുള്ളൂ. ഷമിയുടെ പന്ത് അടിച്ചുയര്‍ത്താനുള്ള ട്രെന്‍റ് ബോള്‍ട്ടിന്‍െറ ശ്രമം ഒന്നാം സ്ലിപ്പില്‍ നിന്ന മുരളി വിജയ് പിന്നിലേക്ക് ഓടിയെടുത്ത ക്യാച്ചില്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ പരമ്പര ജയവും ഒന്നാം റാങ്കും സ്വന്തമാക്കി.
മൂന്നുവീതം വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമിയും അശ്വിനും ജദേജയും ഇന്ത്യന്‍ വിജയം ഗംഭീരമാക്കി. സ്പിന്നിനും ഫാസ്റ്റ് ബൗളിങ്ങിനും ഒരേപോലെ അനുയോജ്യമായ പിച്ചില്‍ പരിചയക്കുറവാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്. രാവിലെ രണ്ടു വിക്കറ്റുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 37 റണ്‍സുകൂടി കൂട്ടിച്ചേര്‍ത്തായിരുന്നു ന്യൂസിലന്‍ഡിനെ വെല്ലുവിളിക്കാന്‍ ഇറങ്ങിയത്. തലേന്നത്തെ സ്കോറായ എട്ടു റണ്‍സുമായി ബാറ്റിങ്ങിനിറങ്ങി ഭുവനേശ്വര്‍ 23 റണ്‍സെടുത്തു വാഗ്നര്‍ക്ക് വിക്കറ്റു സമ്മാനിച്ചപ്പോള്‍ ഷമി ഒരു റണ്‍സു മാത്രമെടുത്തു പുറത്തായി.
263ന് ഇന്ത്യ പുറത്താകുമ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി (58) വൃദ്ധിമാന്‍ സാഹ പുറത്താകാതെ നിന്നു. ഈ മാസം എട്ടിന് ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായര്‍ ടീമിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.