സെഞ്ചൂറിയൻ: കേപ്ടൗണിലെ ന്യൂലാൻഡ്സ് പിച്ച് നൽകിയ പാഠങ്ങളുമായി വിരാട് കോഹ്ലിയും സംഘവും ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റിന്. പേസർമാരുടെ മറ്റൊരു പറുദീസയിലാണ് ഇന്നു മുതൽ പോരാട്ടം. അതും ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ജയം ശീലമാക്കിയ സൂപ്പർസ്പോർട് പാർക് സ്റ്റേഡിയത്തിൽ. ഏഷ്യൻ വൻകരയിൽനിന്നുള്ള സന്ദർശകർക്കെല്ലാം ഇൗ മണ്ണിൽ ഇന്നിങ്സിനായിരുന്നു തോൽവി. 2010ൽ ഇന്ത്യ കളിച്ചപ്പോഴും കഥ മാറിയില്ല. എം.എസ്. ധോണി നയിച്ച, സചിനും ദ്രാവിഡും ലക്ഷ്മണും സെവാഗും അടങ്ങിയ ടീം അന്ന് കീഴടങ്ങിയത് ഇന്നിങ്സിനും 25 റൺസിനും. അതേ മണ്ണിലാണ് വിരാട് കോഹ്ലിയുടെ സംഘം ജീവന്മരണ പോരാട്ടത്തിനെത്തുന്നത്. കേപ്ടൗണിൽ ബൗളർമാർ നിറഞ്ഞാടിയെങ്കിലും ബാറ്റ്സ്മാൻമാർ കീഴടങ്ങിയതിെൻറ ഭയപ്പെടുത്തുന്ന ഒാർമകളുടെ പരിഹാരത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ കളി ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ഇന്ത്യക്ക് സെഞ്ചൂറിയനിൽ തിരിച്ചുവരവ് അനിവാര്യമാണ്.
മാറ്റങ്ങൾ കാത്ത് ഇന്ത്യ
മാറ്റങ്ങളെക്കുറിച്ച് സൂചനകളൊന്നുമില്ലാതെയായിരുന്നു വിരാട് കോഹ്ലിയുടെ വാർത്തസമ്മേളനം. അജിൻക്യ രഹാനെയും ലോകേഷ് രാഹുലും കഴിഞ്ഞ ദിനങ്ങളിൽ പരിശീലനം സജീവമാക്കിയിരുന്നു. എന്നാൽ, ഒരു ടെസ്റ്റിലെ മാത്രം പ്രകടനം വിലയിരുത്തി രോഹിത് ശർമയെ കൈവിടാൻ കോഹ്ലി തയാറല്ല. നിലവിലെ ഫോമിൽ രോഹിതിെൻറ സെലക്ഷനെ ന്യായീകരിച്ച ക്യാപ്റ്റൻ അജിൻക്യ രഹാനെയും സ്ഥിരതയുള്ള ബാറ്റ്സ്മാനാണെന്നു പറഞ്ഞു.
വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ പുറത്തിരുത്തി പാർഥിവ് പേട്ടലിനും ശിഖർ ധവാന് പകരം ലോകേഷ് രാഹുലിനും ഇടം നൽകിയേക്കും. ബൗളിങ്ങിൽ മാറ്റമൊന്നുമില്ലെന്നാണ് കോഹ്ലി ആവർത്തിക്കുന്നത്. ഭുവനേശ്വർകുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ നന്നായി പന്തെറിയുന്നുണ്ട്. ഇവർക്ക് പിന്തുണയുമായി ഹാർദിക് പാണ്ഡ്യയും അശ്വിെൻറ സ്പിൻ ആക്രമണവും. അതേസമയം, ഡെയ്ൽ സ്റ്റെയ്നിെൻറ അസാന്നിധ്യം ഇന്ത്യൻ ബാറ്റിങ് നിരക്ക് ആശ്വാസമാവും. എങ്കിലും വെർനോൺ ഫിലാൻഡർ, മോർനെ മോർകൽ, കഗിസോ റബാദ കൂട്ട് ആ വിടവ് നികത്താൽ കെൽപുള്ളവരാണ്. സ്റ്റെയ്നിന് പകരമായി ക്രിസ് മോറിസോ ലുൻഗി നിഡിയോ ഇടംപിടിക്കും. മറ്റു മാറ്റങ്ങളൊന്നും ആതിഥേയ നിരയിലുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.