വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുറമുഖ നഗരമായ വിശാഖപട്ടണത്ത് ബുധനാഴ്ച തുടക്കം. വിൻഡീസിനെതിരെ ഫോം കണ്ടെത്താൻ വിഷമിച്ച ഋഷഭ് പന്തിനെ പുറത്തിരുത്തി വൃദ്ധിമാൻ സാഹയെ തിരിച്ചുവിളിച്ചും ഓപണറുടെ റോളിൽ ഏകദിന സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് സ്ഥാനക്കയറ്റം നൽകിയുമാണ് കോഹ്ലിയുടെ സംഘം ഇന്ന് ഇറങ്ങുന്നത്. ഒരു വർഷത്തിലേറെയായി പരിക്കുമൂലം പുറത്തിരുന്ന വൃദ്ധിമാൻ സാഹയായിരിക്കും ടെസ്റ്റിൽ വിക്കറ്റിനു പിന്നിലെന്ന് ക്യാപ്റ്റൻ കോഹ്ലി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ കളിച്ച ശേഷം പുറത്തിരിക്കുന്ന 34കാരനായ സാഹ വിൻഡീസ് പര്യടനത്തിനിടെയും ടീമിലുണ്ടായിരുന്നെങ്കിലും അവസാന ഇലവനിൽ ഇടം കണ്ടെത്തിയിരുന്നില്ല. ആസ്ട്രേലിയക്കെതിരെയും പിന്നീട് ഇംഗ്ലണ്ടിനെതിരെയും മികച്ച ഫോമിലായിരുന്ന ഋഷഭ് പന്തിന് അവസരം നൽകാനായിരുന്നു സെലക്ടർമാരുടെ തീരുമാനം. ഇരു ടീമുകൾക്കുമെതിരെ ഓരോ സെഞ്ചുറി കുറിച്ച പന്ത് നിർണായക ഘട്ടങ്ങളിൽ മികച്ച ഇന്നിങ്സുകളുമായി ടീമിെൻറ രക്ഷകവേഷവുമണിയുകയും ചെയ്തു. പക്ഷേ, വിൻഡീസ് പരമ്പരയിലെ രണ്ടു ടെസ്റ്റുകളിൽ 58 റൺസ് മാത്രമായി പന്തിെൻറ സമ്പാദ്യം. റൺസ് എടുക്കുന്നതിലേറെ അനാവശ്യ ഷോട്ടുകളുമായി തുടരെ വിക്കറ്റ് കളഞ്ഞുകുളിച്ചതാണ് വളരെ പെട്ടെന്ന് ഡൽഹി താരത്തെ മാനേജ്മെൻറിനും ക്യാപ്റ്റനും അനഭിമതനാക്കിയത്. എന്നാൽ, ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണെന്നു പറഞ്ഞാണ് സാഹയെ കോഹ്ലി തിരിച്ചുവിളിക്കുന്നത്. മുമ്പ്, ഇന്ത്യൻ ക്രിക്കറ്റിെൻറ ഭാവിതാരം എന്നു വിശേഷിപ്പിച്ചായിരുന്നു പന്തിനെ ടീമിലെത്തിച്ചിരുന്നത്.
ഓപണറുടെ റോളിൽ ഏകദിനങ്ങളിൽ എണ്ണമറ്റ റെക്കോഡുകൾ സ്വന്തമായുള്ള രോഹിതിെൻറ സ്ഥാനക്കയറ്റത്തിലും നായകൻ ഏറെ പ്രതീക്ഷയിലാണ്. സന്നാഹ മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ലെന്നത് കല്ലുകടിയായെങ്കിലും അവസരം വരുേമ്പാൾ രോഹിത് മോശമാക്കാറില്ലെന്നതാണ് ആശ്വാസം. ടെസ്റ്റിൽ ഓപൺ ചെയ്യാൻ രോഹിതിന് നേരത്തെ അവസരം നൽകേണ്ടതായിരുന്നുവെന്ന് യുവരാജ് സിങ് ഉൾപെടെ നിരവധി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോകേഷ് രാഹുൽ കാര്യമായ സംഭാവനകളില്ലാതെ പുറത്തേക്ക് വഴിതുറന്നതാണ് രോഹിതിന് അവസരമായത്. ഇതുവരെ 27 ടെസ്റ്റുകൾമാത്രം കളിച്ച രോഹിത് 29.62 ശരാശരിയിൽ 1585 റൺസ് എടുത്തിട്ടുണ്ട്. ഏകദിനത്തിലാകട്ടെ, 10,000 ലേറെ റൺസുമായി ബഹുദൂരം മുന്നിലാണ്. പ്രഹരശേഷി കൂടുതലുള്ള, അനായാസമായി ബാറ്റുവീശുന്ന രോഹിത് പുതിയ റോളിൽ ക്ലിക്കായാൽ ഇന്ത്യൻ ബാറ്റിങ്ങിന് മൂർച്ച കൂടുമെന്ന് കോഹ്ലി പറഞ്ഞു.
വിൻഡീസ് ടെസ്റ്റിൽ ടീമിലില്ലാതിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിെൻറ തിരിച്ചുവരവാണ് ശ്രദ്ധേയമായ മറ്റൊന്ന്. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമായിരിക്കും സ്പിന്നിൽ അശ്വനിന് കൂട്ട്. ബുംറ പരിക്കുമുലം പുറത്തിരിക്കുന്നതിനാൽ ഇശാന്ത് ശർമയും മുഹമ്മദ് ഷമിം പേസിൽ ഇന്ത്യൻ ആക്രമണം നയിക്കും. സ്വന്തം നാട്ടിൽ നാലു വർഷം മുമ്പ് മൂന്നും ജയിച്ച് പരമ്പര അടിച്ചെടുത്ത ഓർമകളുമായാണ് ഇന്ത്യ വീണ്ടും ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.