സൂറത്ത്: ലാൽഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വിക്കറ്റ് മഴയുടെ ദിനമായിരുന്നു. രഞ്ജി ട്രോഫിയിൽ സെമി ഫൈനൽ സ്വപ്നവുമായിറങ്ങിയ കേരളം വിദർഭക്കെതിരെ പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ച് കൈയടി നേടിയതിനു പിന്നാലെ എതിരാളികളും വിക്കറ്റ്കൊയ്തു തുടങ്ങി. ഇനി, മൂന്നാം ദിനമായ ശനിയാഴ്ച കാറ്റ് മാറിവീശി, റൺമഴയാവെട്ടയെന്ന് പ്രാർഥിക്കാം.
കേരളം കൊതിച്ചപോലെ വിക്കറ്റുകൾ പെരുമഴയായി വീണപ്പോൾ വിദർഭയുടെ ഒന്നാം ഇന്നിങ്സ് 246ൽ അവസാനിച്ചു. പ്രതീക്ഷയോടെ മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് നൈറ്റ്വാച്ച്മാൻ ഉൾപ്പെടെ രണ്ടു പേരെ ഏഴ് ഒാവറിനിടയിൽ നഷ്ടമായി. ഒാപണർ മുഹമ്മദ് അസ്ഹറുദ്ദീൻ (8), സന്ദീപ് വാര്യർ (0)എന്നിവർ പുറത്തായപ്പോൾ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ്. അതിഥി താരം ജലജ് സക്സേനയും (13), രോഹൻ പ്രേമുമാണ് (5) ക്രീസിൽ. ഇനി മൂന്നാം ദിനത്തിൽ പിടിച്ചുനിന്ന് ബാറ്റ് വീശി ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാവും കേരളത്തിെൻറ ശ്രമം.
പിച്ചിലെ നനവ് മൂലം ആദ്യ ദിനം മുക്കാൽ സമയവും കളി മുടങ്ങിയെങ്കിൽ വെള്ളിയാഴ്ച മാനവും മണ്ണും മികച്ച ഫോമിലായി. മൂന്നിന് 45 എന്ന നിലയിൽ ക്രീസിലെത്തിയ വിദർഭയെ അഞ്ചുവിക്കറ്റ് പ്രകടനവുമായി അക്ഷയ് കെ.സി. പിടിച്ചുകെട്ടി. സീസണിൽ അക്ഷയിെൻറ രണ്ടാം അഞ്ചുവിക്കറ്റ് പ്രകടനമാണിത്. ഒമ്പതിന് 193 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിദർഭ 200നുള്ളിൽ പുറത്താവുമെന്ന് കേരള ക്യാമ്പ് സ്വപ്നം കണ്ടെങ്കിലും വാലറ്റം തിരിഞ്ഞുകുത്തി. വഖാരെ (27 നോട്ടൗട്ട്), ലളിത് യാദവ് (24) എന്നിവർ നടത്തിയ ചെറുത്തുനിൽപിൽ പത്താം വിക്കറ്റിൽ പിറന്നത് 53 റൺസ്. വിക്കറ്റ്കീപ്പർ അക്ഷയ് വഡ്കർ ( 53) ടോപ് സ്കോററായപ്പോൾ, കരൺ ശർമയും (31), ആദിത്യ സർവാതെയും (36) നിർണായക സംഭാവന നൽകി. അക്ഷയ് കെ.സിക്ക് പുറമെ ജലജ് സക്സേന മൂന്നും ബേസിൽ തമ്പി, എം.ഡി. നിധീഷ് എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.
മറ്റു ക്വാർട്ടർ സ്കോർ
മുംബൈ 173, കർണാടക 395/6;
മധ്യപ്രദേശ് 338, ഡൽഹി 180/2;
ബംഗാൾ 354, ഗുജറാത്ത് 180/6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.