വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ദേശീയ ട്വൻറി20 ടൂർണമെൻറിൽ കേരളത്തിന് ആദ്യ മത്സര ത്തിൽ ജയം. ഗ്രൂപ് എയിൽ മണിപ്പൂരിനെ 83 റൺസിനാണ് കേരളം തകർത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 20 ഒാവറിൽ അഞ്ച് വിക്കറ്റിന് 186 റൺസടിച്ചപ്പോൾ മണിപ്പൂരിന് ഏഴ് വിക്കറ്റിന് 103 റൺസെടുക്കാനേ ആയുള്ളൂ.
46 പന്തിൽ 10 ബൗണ്ടറിയടക്കം 75 റൺസടിച്ച് പുറത്താവാതെനിന്ന നായകൻ സചിൻ ബേബിയുടെ ഇന്നിങ്സാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. സചിനും മുഹമ്മദ് അസ്ഹറുദ്ദീനും (26 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 47) അഞ്ചാം വിക്കറ്റിന് 46 പന്തിൽ 74 റൺസ് ചേർത്തു. ഒാപണർ വിഷ്ണു വിനോദ് 20 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 34 റൺസടിച്ചപ്പോൾ ഡാരിൽ ഫെരാറിയോ 19 പന്തിൽ രണ്ട് ബൗണ്ടറിയോടെ 22 റൺസെടുത്തു. അരുൺ കാർത്തിക് (ഒന്ന്), രോഹൻ പ്രേം (പൂജ്യം) എന്നിവർ എളുപ്പം പുറത്തായി. അഞ്ച് ഒാവറിൽ മൂന്നിന് 40 എന്ന നിലയിൽനിന്നാണ് കേരളം സചിെൻറ കരുത്തിൽ കരകയറിയത്. ശേഷിച്ച 90 പന്തിൽ കേരളം 146 റൺസടിച്ചു.
മറുപടി ബാറ്റിങ്ങിൽ മണിപ്പൂരിന് ഒരുഘട്ടത്തിലും വെല്ലുവിളിയുയർത്താനായില്ല. 40 റൺസുമായി പുറത്താവാതെനിന്ന യശ്പാൽ സിങ്ങാണ് ടോപ് സ്കോറർ. ഗ്രൂപ്പിൽ കേരളം, ജമ്മു-കശ്മീർ, ഝാർഖണ്ഡ് ടീമുകൾക്ക് നാല് പോയൻറ് വീതമായി. റൺ ശരാശരിയിൽ കേരളമാണ് മുന്നിൽ. കേരളത്തിെൻറ അടുത്ത കളി 24ന് ആന്ധ്രപ്രദേശുമായിട്ടാണ്. 25ന് ഡൽഹിയെയും 27ന് ജമ്മു-കശ്മീരിനെയും 28ന് നാഗാലാൻഡിനെയും മാർച്ച് രണ്ടിന് ഝാർഖണ്ഡിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.