ധാംബുല്ല: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യയുടെ അശ്വമേധം തുടരുന്നു. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ശിഖർ ധവാെൻറ സെഞ്ച്വറിയും (90 പന്തിൽ 132) വിരാട് കോഹ്ലിയുടെ (82) അർധ സെഞ്ച്വറിയും ഒന്നിച്ചപ്പോൾ, ഇന്ത്യക്ക് ഒമ്പത് വിക്കറ്റിെൻറ സൂപ്പർ ജയം. ആക്രമണോത്സുക ബാറ്റിങ്ങുമായി ധവാൻ ബൗളർമാരെ അടിച്ചുപരത്തിയതോടെ, ലങ്കയുടെ 216 റൺസ് ഇന്ത്യ അനായാസം മറികടന്നു. 28.5 ഒാവറിലാണ് ഇന്ത്യ ലങ്കൻ വിജയലക്ഷ്യം മറികടക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ വിദേശമണ്ണിൽ 200നുമുകളിലുള്ള വിജയലക്ഷ്യം 28.5 ഒാവറിൽ പിന്തുടർന്ന് വിജയിക്കുന്നത്. വിരാട് കോഹ്ലി 82 റൺസുമായി ധവാന് മികച്ച പിന്തുണനൽകി. രോഹിത് ശർമയുടെ (4) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ധവാനാണ് കളിയിലെ താരം.
ആദ്യം ബാറ്റുചെയ്ത ലങ്കയെ ഇന്ത്യൻ ബൗളർമാർ 216ന് ഒതുക്കുകയായിരുന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രോഹിത് ശർമയെ (4) ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. റണ്ണിനായുള്ള ഒാട്ടത്തിൽ ക്രീസിനരികെ കൈയിൽ നിന്ന് ബാറ്റുവീണതോടെ നിർഭാഗ്യം റൗൺഒൗട്ടിലൂടെ ശർമയെ പുറത്താക്കി. പിന്നാലെയാണ് ധവാൻ-കോഹ്ലി സഖ്യംവരുന്നത്. 197 റൺസിെൻറ കൂട്ടുകെട്ടാണ് ഇരുവരും രണ്ടാം വിക്കറ്റിൽ നേടിയത്. ട്വൻറി20 ശൈലിയിൽ ബാറ്റുവീശിയ ഇരുവരും സ്കോർ അതിവേഗം ചലിപ്പിച്ചു. 71 പന്തിലാണ് ധവാൻ സെഞ്ച്വറി കുറിച്ചത്.
ധവാെൻറ 11ാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. പിന്നാലെ, കോഹ്ലി അർധ സെഞ്ച്വറിയും കുറിച്ചു. നേരത്തെ, ലങ്കക്കെതിരായ ആദ്യ ടെസ്റ്റിലും ധവാൻ സെഞ്ച്വറി നേടിയിരുന്നു. ഒാപണർമാരായ നിരോശൻ ഡിക്വെല്ലയും ധനുഷ്ക ഗുണതിലകയും ലങ്കക്ക് മികച്ച തുടക്കമാണ് നൽകിയിരുന്നത്. 74 റൺസിെൻറ കൂട്ടുകെട്ടുമായി മുന്നേറുന്നതിനിടയിൽ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യക്ക് ആദ്യ വഴിത്തിരിവ് നൽകുന്നത്. ഗുണതിലകയെ (35) ലോകേഷ് രാഹുലിെൻറ കൈകളിലെത്തിച്ച് ചഹൽ തുടക്കമിട്ട വിക്കറ്റ് വേട്ട മറ്റുള്ളവരും ഏറ്റെടുത്തു. അർധ സെഞ്ച്വറിയും കഴിഞ്ഞ് പിടിച്ചുനിന്ന ഡിക്വെല്ലയെ (64) കേദാർ ജാദവ് എൽ.ബിയിൽ കുരുക്കി പുറത്താക്കി.
പിന്നാലെ, മെൻഡിസിനെ(36) അക്സർ പേട്ടലും ക്യാപ്റ്റൻ ഉപുൽ തരംഗയെ (13) ജാദവും മടക്കിയതോടെ ലങ്ക അപകടം മണത്തു. ചമരകപ്പുഗേദര(1), വാനിഡു ഹസരങ്ക (2), തിസേരു െപരേര (0), ലക്ഷൻ സന്ദാകൻ (5), ലസിത് മലിങ്ക (8), വിശ്വാ ഫെർണാണ്ടോ (0) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കായി അക്സർ പേട്ടൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, കേദാർ ജാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
24ന് പല്ലേക്കലെയിലാണ് രണ്ടാം ഏകദിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.