ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തിൽ ഇരട്ടി വർധന

മുംബൈ: രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ.  മിന്നും ഫോമിലുള്ള ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ് എന്നിവർക്ക് സ്ഥാനക്കയറ്റവും ബോർഡ് നൽകി. ഇവരെ ഗ്രേഡ് എയിൽ ഉൾപെടുത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. 2016 ഒക്ടോബർ മുതലാണ് കരാർ തീയതി ആരംഭിക്കുന്നത്. പൂജാരയും വിജയും കഴിഞ്ഞ വർഷം ഗ്രേഡ് ബിയിൽ ആയിരുന്നു. 2015-16 കാലത്ത് മോശം ഫോമിനെതുടർന്ന് ജഡേജ ഗ്രേഡ് സിയിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു.

എല്ലാ ഗ്രേഡുകാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. ഗ്രേഡ് എ താരങ്ങൾക്ക് പ്രതിവർഷം 2 കോടിയാണ് ശമ്പളം. ഗ്രേഡ് ബിക്ക്  പ്രതിവർഷം 1 കോടി രൂപ.  ഗ്രേഡ് സി താരങ്ങൾക്ക് പ്രതിവർഷം 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ഉയർത്തിയത്. നേരത്തേയുള്ള ശമ്പളത്തേക്കാൾ ഇരട്ടിയാണിത്.

കഴിഞ്ഞ വർഷം ഗ്രേഡ് സിയിൽ ഉണ്ടായിരുന്ന കെ.എൽ. രാഹുലും വൃദ്ധിമാൻ സാഹയും ഗ്രേഡ് ബിയിലെത്തി. അതേസമയം മോശം ഫോം തുടരുന്ന ശിഖർ ധവാനെ ഗ്രേഡ് സിയിലേക്ക് തരംതാഴ്ത്തി. കളിക്കാരുടെ മാച്ച് ഫീയും ഉയർത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരം 15 ലക്ഷവും ഏകദിനത്തിന്  6 ലക്ഷവും ട്വന്റി 20ക്ക് 3 ലക്ഷവുമാണ് മാച്ച് ഫീ.

യുവരാജ് സിംഗ്, ആശിഷ് നെഹ്റ എന്നീ സീനിയർ താരങ്ങൾ യഥാക്രമം ഗ്രേഡ് ബി, ഗ്രേഡ് സി എന്നിവയിലാണ്. യുവതാരം റിഷാഭ് പാന്ത് ഗ്രേഡ് സി കരാറിൻെറ ഭാഗമായി. അതേസമയം ഇന്ത്യൻ ഏകദിന-ട്വൻറി20 ടീമിലെ സ്ഥിരം അംഗമായിരുന്ന സുരേഷ് റെയ്നയുടേ പേര് 32 അംഗ പട്ടികയിൽ ഇല്ല. ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ എന്നിവരും ലിസ്റ്റിലില്ല. ദേശീയ സെലക്ഷൻ കമ്മിറ്റിയുമായി കൂടിയാലോചിച്ച് കമ്മിറ്റി ഒാഫ് അഡ്മിനിസ്ട്രേറ്റസ് ആണ് താരങ്ങളുടെ ഗ്രേഡ് നിശ്ചയിക്കുന്നത്. 

ഗ്രേഡ് എ: വിരാട് കോഹ്ലി, എം.എസ് ധോണി, അശ്വിൻ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ്.

ഗ്രേഡ് ബി: രോഹിത് ശർമ, കെ.എൽ. രാഹുൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, വൃദ്ധിമാൻ സാഹ, ജസ്പ്രീത് ബുമ്ര, യുവരാജ് സിങ്.

ഗ്രേഡ് സി: ശിഖർ ധവാൻ, അമ്പാട്ടി റായിഡു, അമിത് മിശ്ര, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, കരുൺ നായർ, ഹർദിക് പാണ്ഡ്യ, ആശിഷ് നെഹ്റ, കേദാർ ജാദവ്, യുസ്വേന്ദ്ര ചാഹൽ, പാർഥിവ് പട്ടേൽ, ജയന്ത് യാദവ്, മൻദീപ് സിങ്, ധവാൽ കുൽക്കർണി, ശ്രാധുൽ താക്കൂർ, ശിഷാഭ് പന്ത്.

Tags:    
News Summary - Pujara, Jadeja, Vijay Promoted To Grade 'A' By Indian Cricket Board, Salary Hike For Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.