ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഏകദിന ടീമിലേക്ക് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിനെയും പേസ് ബൗളർ ശർദുൽ ഠാകുറിനെയും തിരിച്ചുവിളിച്ചപ്പോൾ, സ്പിൻ ജോടികളായ രവീന്ദ്ര ജദേജക്കും രവിചന്ദ്ര അശ്വിനും ഇത്തവണയും സ്ഥാനമില്ല. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം അവസരം നൽകാതെ ഇരുവരെയും സെലക്ടർമാർ തഴഞ്ഞിരുന്നു.
ചാമ്പ്യൻസ് േട്രാഫിയിൽ ടീമിലുണ്ടായിരുന്ന കാർത്തിക് ജൂലൈയിൽ വിൻഡീസ് പര്യടനത്തിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ആസ്േട്രലിയക്കെതിരായ ട്വൻറി20 മത്സരങ്ങൾക്ക് കാർത്തിക് ടീമിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയിരുന്നില്ല.
ശ്രീലങ്കൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ശർദുൽ ഠാകുറിനെ ഒാസീസിനെതിരായ പര്യടനത്തിൽ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. ഉമേഷ് യാദവിനു പകരമായാണ് ഠാകുർ ടീമിലേക്ക് തിരിച്ചെത്തുന്നത്. ലോകേഷ് രാഹുലിനും ഇത്തവണ അവസരമില്ല. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അക്സർ പേട്ടൽ എന്നിവരാണ് സ്പിൻ സ്പെഷലിസ്റ്റുകൾ. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ ആസ്േട്രലിയക്കെതിരായ ഏകദിന മത്സരത്തിലില്ലാതിരുന്ന ശിഖർ ധവാനെ ടീമിലെടുത്തിട്ടുണ്ട്. ആസ്േട്രലിയക്കെതിരായ ടീമിൽനിന്നും മറ്റു മാറ്റങ്ങളൊന്നുമില്ല.
മൂന്ന് ഏകദിനവും മൂന്ന് ട്വൻറി20യുമടങ്ങിയ പരമ്പരക്കാണ് ന്യൂസിലൻഡ് ഇന്ത്യയിലെത്തിയത്. 22ന് മുംബൈയിലാണ് ആദ്യ ഏകദിനം.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പേട്ടൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ശർദുൽ ഠാകുർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.