റാഞ്ചി: ചടങ്ങ് തീർക്കാൻ നല്ലൊരു മുഹൂർത്തത്തിനായുള്ള കാത്തിരിപ്പ് പോലെയായിരുന്നു റാഞ്ചിയിലെ കാഴ്ചകൾ. നാലാം ദിനം വെള്ളക്കുപ്പായത്തിൽ ഒരുങ്ങിയിറങ്ങിയ കോഹ്ലിപ്പട 15 മിനിറ്റിൽ, 12 പന്തുകൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു. ഐതിഹാസിക ജയത്തിന് സാക്ഷിയാവാൻ, റാഞ്ചിയുടെ ഓമനപുത്രൻ എം.എസ് ധോണി ഡ്രസിങ് റൂമിലെത്തി. നാലുദിനം മുമ്പ് അരങ്ങേറ്റംകുറിച്ച മറ്റൊരു റാഞ്ചിക്കാരൻ ഷഹബാസ് നദീമിെൻറ ഓവറിലെ അവസാന രണ്ട് പന്തിൽ ത്യൂനിസ് ഡിബ്രുയിനും (30) ലുൻഗി എൻഗിഡിയും (0) മടങ്ങിയതോടെ ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്ലിയും സംഘവും രചിച്ച തിരക്കഥ പൂർത്തിയായി. സന്ദർശകർ മൂന്നാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ 133ന് പുറത്തായതോടെ ഇന്നിങ്സിനും 202 റൺസിനും ജയമുറപ്പിച്ച് പരമ്പര 3-0ത്തിന് തൂത്തുവാരി.
രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെയും (212) അജിൻക്യ രഹാനെയുടെ സെഞ്ച്വറിയുടെയും (115) ബലത്തിൽ ഒമ്പതിന് 497 റൺസുമായി ഡിക്ലയർ ചെയ്ത പ്രോട്ടിയാസ് ഒന്നാം ഇന്നിങ്സിൽ 162ന് പുറത്തായാണ് ഫോളോ ഓൺ ചെയ്തത്. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ എട്ടിന് 132 എന്നനിലയിൽ ക്രീസ് വിട്ടവർ ചൊവ്വാഴ്ച രണ്ട് ഓവറിനിടെ അടിയറവ് പൂർണമാക്കി.
മൂന്നാം ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ചും പരമ്പരയുടെ താരവും രോഹിത് ശർമയായിരുന്നു. ഓപണറുടെ റോളിൽ ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച രോഹിത് മൂന്നു ടെസ്റ്റിൽ രണ്ട് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയുമായി സീറ്റിൽ ഇരിപ്പുറപ്പിച്ചു.
തലേദിനം ഉമേഷ് യാദവിെൻറ ബൗൺസറിൽ പരിക്കേറ്റ ഡീൻ എൽഗാറിന് പകരം കൺകഷൻ സബ് ആയി ക്രീസിലെത്തിയ ത്യൂനിസ് ഡിബ്രുയിനെ അതേ സ്കോറിൽ നദീം വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ എൻഗിഡിയുടെ പുറത്താവൽ കൗതുകമായി. സ്ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച എൻഗിഡിയുടെ ഷോട്ട് നോൺസ്ട്രൈക്കർ എൻഡിലെ അൻറിച് നോർയെയുടെ തോളിൽ തട്ടി ഉയർന്നപ്പോൾ കൈപ്പിടിയിലൊതുക്കി നദീം ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് കർട്ടൻ വലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.