??????? ??????? ???????? ?????????????

നീലക്കുപ്പായത്തിലേക്ക് കൊയിലാണ്ടിയില്‍ നിന്നൊരു സിക്സര്‍

കോഴിക്കോട്: ‘നമ്പര്‍ 10, രോഹന്‍ എസ്’ -പതിമൂന്നാം വയസ്സില്‍ വലിയ സ്വപ്നങ്ങളുമായി സംസ്ഥാനതല മത്സരങ്ങള്‍ക്കായി ക്രീസിലിറങ്ങുമ്പോള്‍ രോഹന്‍െറ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. സചിന്‍ ടെണ്ടുല്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ അണിഞ്ഞ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ക്രീസിലിറങ്ങണം. സ്വന്തം ചിത്രത്തില്‍ രോഹന്‍ എന്നെഴുതി സചിന്‍െറ ജഴ്സി നമ്പറും ചേര്‍ത്ത് മൊബൈല്‍ ഫോണിന്‍െറ മുഖചിത്രമാക്കി അവന്‍ ആ മോഹം മനസ്സില്‍ കുറിച്ചിട്ടു. കുഞ്ഞുനാളിലേ താലോലിച്ച ഇന്ത്യന്‍ ജഴ്സിയിലേക്കുള്ള വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെ വിജയത്തിന്‍െറ ചവിട്ടുപടികളാക്കി. ഇന്ന്, ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിന്‍െറ അതിശയത്തിലാണ് രോഹന്‍ എസ്. കുന്നുമ്മല്‍ എന്ന 19കാരന്‍.

ദേശീയ സീനിയര്‍ ടീമിലേക്കുള്ള ചവിട്ടുപടിയായ അണ്ടര്‍ 19 ടീമിലേക്ക് വിളിയത്തെിയിരിക്കുന്നു. ഇംഗ്ളണ്ട് യൂത്ത് ടീമിനെതിരെ ഈ മാസം 30 മുതല്‍ മുംബൈയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മികവു തെളിയിച്ചാല്‍ കാത്തിരിക്കുന്നത് ലോകകപ്പ് ഉള്‍പ്പെടെയുള്ള വലിയ അവസരങ്ങള്‍.
യൂത്ത് ടീമില്‍ ഇടംനേടുന്ന ആറാമത്തെ മലയാളിയാണ് കൊയിലാണ്ടി കൊല്ലത്തെ കുന്നുമ്മല്‍ സുശീലിന്‍െറയും കൃഷ്ണയുടെയും മകനായ രോഹന്‍ എസ്. കുന്നുമ്മല്‍. പക്ഷേ, ആഭ്യന്തര ക്രിക്കറ്റില്‍ മുന്‍ഗാമികളെക്കാള്‍ മികവോടെയാണ് ഈ ഓപണിങ്ങ് ബാറ്റ്സ്മാന്‍ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധനേടുന്നത്.

ഇക്കഴിഞ്ഞ സീസണ്‍ അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫിയില്‍ സെഞ്ച്വറികളുടെ തിളക്കവുമായി ടോപ് സ്കോറര്‍. നാലു കളികളില്‍ ഒരു സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെ നേടിയത് 269 റണ്‍സ്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരള ജഴ്സിയില്‍ ഇരട്ട സെഞ്ച്വറിയോടെ (253) സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറര്‍. ഇതുവഴി ചലഞ്ചര്‍ ട്രോഫിയിലും മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിനുള്ള കേരള സീനിയര്‍ ടീമിലും ഇടംപിടിച്ചു. ഇതിനു പിന്നാലെയാണ് ദേശീയ യൂത്ത് ടീമിലേക്കുള്ള വിളിയത്തെുന്നത്. രാജ്യത്തെ ക്രിക്കറ്റ് നഗരികളായ മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള താരങ്ങളെ മറികടന്നാണ് കേരളത്തിന്‍െറ ഗ്രാമീണ മണ്ണില്‍നിന്നൊരു കൗമാരക്കാരന്‍ ദേശീയ കുപ്പായമണിയാനത്തെുന്നത്.

രോഹന്‍ മാതാപിതാക്കളായ സുശീല്‍, കൃഷ്ണ, സഹോദരി ജിത, മുത്തച്ഛന്‍ ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പം സന്തോഷം പങ്കിടുന്നു
 

വലങ്കൈയന്‍ ഓപണിങ് ബാറ്റ്സ്മാനായ രോഹന്‍ കോഴിക്കോട്ടെ സസക്സ് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് പ്രഫഷനല്‍ കരിയര്‍ തേച്ചുമിനുക്കുന്നത്. ഒമ്പതാം വയസ്സില്‍ അച്ഛന്‍ സുശീലനൊപ്പം വലിയ ക്രിക്കറ്റ് കിറ്റും താങ്ങി അക്കാദമിയിലത്തെിയ കുഞ്ഞു രോഹന്‍, കഠിനാധ്വാനവും അര്‍പ്പണബോധവുംകൊണ്ടാണ് ദേശീയ ടീമോളം ഉയര്‍ന്നതെന്ന് കോച്ച് സന്തോഷ് കുമാറിന്‍െറ സാക്ഷ്യം.

ആറാം വയസ്സു മുതല്‍ ക്രിക്കറ്റില്‍ താല്‍പര്യം കാണിച്ച മകന്‍െറ ആദ്യ പരിശീലകന്‍ അച്ഛന്‍ സുശീലായിരുന്നു. പിന്നീട്, ഒമ്പതാം വയസ്സില്‍ സുഹൃത്ത് കൂടിയായ സന്തോഷ് കുമാറിന്‍െറ അക്കാദമിയിലയച്ചു. കളിയുടെ ബാലപാഠങ്ങള്‍ വളരെപ്പെട്ടെന്ന് സ്വായത്തമാക്കിയ രോഹന്‍ 13ാം വയസ്സില്‍ സംസ്ഥാന അണ്ടര്‍ -14 ടീമില്‍ അംഗമായി. പിന്നാലെ, അണ്ടര്‍-16ലും 19ലും കളിച്ചു.

സംസ്ഥാനതല മത്സരത്തില്‍ ഗോവക്കെതിരെ നേടിയ രണ്ടു മിന്നല്‍ സെഞ്ച്വറികള്‍ രോഹന്‍െറ പ്രതിഭ തെളിയിക്കുന്നതായിരുന്നു. സാധാരണ കളിക്കാരെക്കാള്‍ മികച്ച വേഗവും ന്യൂബാളുകളെ നേരിടാനുള്ള മിടുക്കും ഏതു ഷോട്ടും എളുപ്പത്തില്‍ പഠിച്ചെടുത്ത് പ്രയോഗിക്കാനുള്ള കഴിവുമാണ് രോഹന്‍െറ മികവെന്ന് കോച്ച് സന്തോഷ് കുമാര്‍. ഒപ്പം, നിരന്തര പരിശീലനവും.

ചലഞ്ചര്‍ ട്രോഫിയും കഴിഞ്ഞ് ബംഗളൂരുവിലെ ദേശീയ ക്യമ്പില്‍ പങ്കെടുത്ത് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് രോഹന്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ച വാര്‍ത്തയറിയുന്നത്. രണ്ടു ദിവസം കുടുംബവുമൊന്നിച്ച് കഴിഞ്ഞശേഷം 24ന് മുംബൈയിലേക്ക് തിരിക്കും. ബംഗളൂരുവില്‍ ജൂനിയര്‍ ഇന്ത്യ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ പരിശീലനം കഴിഞ്ഞത്തെുന്ന കൂടുതല്‍ കരുത്തനായ ബാറ്റ്സ്മാനായാവും ഇനി ഇന്ത്യന്‍ കുപ്പായത്തിലേക്ക് വരുന്നത്. ഏഷ്യാകപ്പ് ചാമ്പ്യന്‍ ടീമിലുണ്ടായിരുന്ന പൃഥ്വി ഷാ, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരും 18 അംഗ ടീമിലുണ്ട്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് രോഹന്‍. സ്വകാര്യ കമ്പനി മാനേജരായ അച്ഛന്‍ സുശീലന്‍െറയും കെ.ഡി.സി ബാങ്ക് മാനേജരായ അമ്മ കൃഷ്ണയുടെയും പിന്തുണതന്നെ കൗമാര താരത്തിന്‍െറ കരുത്ത്. സഹോദരി ജിത പൊയില്‍ക്കാവ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.

Tags:    
News Summary - rohit from koyilandi to indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.