കറാച്ചി: ക്രിക്കറ്റിൽ ഒത്തുകളിയും വാതുവെപ്പും അഴിമതിയും നടത്തി അവരവരുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന താരങ്ങളെ തൂക്കിക്കൊല്ലണമെന്ന് ആഭിപ്രായപ്പെട്ട് പാകിസ്താൻ ബാറ്റിങ് ഇതിഹാസം ജാവേദ് മിയാൻദാദ്. ഒത്തുകളിച്ച് രാജ്യദ്രോഹം ചെയ്യുന്ന താരങ്ങളോട് തനിക്ക് യാതൊരു സഹതാപവുമില്ലെന്നും മിയാൻദാദ് പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് മുൻ പാക് നാകയകൻ തെൻറ അഭിപ്രായമുന്നയിച്ചത്.
ഒത്തുകളിയിൽ പങ്കാളികളായ എല്ലാ താരങ്ങളെയും കഠിനമായിത്തന്നെ ശിക്ഷിക്കണം. അത് ഒരാളെ കൊല്ലുന്നതിന് തുല്യമായ കുറ്റമാണ്. അതുകൊണ്ട് അതിന് സമാനമായ ശിക്ഷ എന്ന നിലക്ക് വധശിക്ഷ തന്നെ അത്തരക്കാർക്ക് വിധിക്കണം. ഇൗ ശിക്ഷാ രീതി പ്രയോഗിക്കുക വഴി ഭാവിയിൽ ഒരു താരവും ഒത്തുകളിക്കാൻ ചിന്തിക്കുക പോലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരംകാര്യങ്ങൾ ഇസ്ലാം മതം പഠിപ്പിക്കുന്ന രീതികൾക്കെതിരാണ്. അതിന് തക്കതായ ശിക്ഷ തന്നെ നൽകണം അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതിക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കളിക്കാരെ പാകിസ്ഥാൻ ടീമിലേക്ക് മടങ്ങാൻ അനുവദിക്കേണ്ടതുണ്ടോ എന്ന ചർച്ചക്ക് ടീമിലെ പരിചയസമ്പന്നനായ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് തുടക്കമിട്ടിരുന്നു. മുൻ താരം ഷാഹിദ് അഫ്രീദിയടക്കം അതിനെ എതിർത്തിരുന്നു.
എന്നാൽ അത്തരക്കാരെ ടീമിലെടുക്കാൻ മുൻകൈ എടുക്കുന്നവർ സ്വയം ലജ്ജിക്കണമെന്നാണ് മിയാൻദാദിെൻറ അഭിപ്രായം. ഒത്തുകളിക്കാർ അവരുടെ കുടുംബത്തിനോടും രക്ഷിതാക്കളോടുപോലും ആത്മാർഥതയില്ലാത്തവരാണെന്നും അവർ ആത്മീയമായും വളരെ നീചൻമാരാണെന്നും അദ്ദേഹം തുറന്നടിച്ചു. അത്തരക്കാർക്ക് എളുപ്പം ഇത്തരം പ്രവർത്തിചെയ്യാനുള്ള ഇടമായി പാകിസ്താൻ മാറിയെന്നും തെറ്റായ മാർഗത്തിലൂടെ പണമുണ്ടാക്കി സ്വാധീനമുപയോഗിച്ച് ടീമിലേക്ക് തിരിച്ചുവരാനുള്ള സൗകര്യവും അവർക്ക് ലഭിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
1992ലെ ലോകകപ്പ് വിജയവും മിയാൻദാദ് ഒാർമപ്പെടുത്തി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തകർത്തവരോട് പൊറുത്ത് ടീമിലെടുക്കുന്നത് നല്ലതാണോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.