ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക;  206 റണ്‍സ് വിജയം

പോര്‍ട്ട് എലിസബത്ത്: അവശേഷിച്ച അഞ്ചുവിക്കറ്റുകളും ആദ്യ 14 ഓവറില്‍തന്നെ എറിഞ്ഞിട്ടതോടെ ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം. ആതിഥേയരെ 206 റണ്‍സിന് തോല്‍പിച്ച ഫാഫ് ഡുപ്ളസിസും സംഘവും ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലത്തെി. അഞ്ചാം ദിനം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിനെ (59) കെയില്‍ ആബോട്ട് പുറത്താക്കിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിടുന്നത്. വെറും 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശ്രീലങ്കയുടെ വിക്കറ്റ് വീഴ്ച പൂര്‍ത്തിയാവുകയായിരുന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക- 286,406/6ഡി. ശ്രീലങ്ക: 205,281

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 286 റണ്‍സിന് അവസാനിപ്പിക്കാന്‍ ശ്രീലങ്കക്കായെങ്കിലും ലീഡ് വഴങ്ങാനായിരുന്നു സന്ദര്‍ശകരുടെ നിയോഗം(205). എന്നാല്‍, രണ്ടാം ഇന്നിങ്സില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ദക്ഷിണാഫ്രിക്ക സ്റ്റീഫന്‍ കുക്ക് (117) ക്വിന്‍റണ്‍ ഡി കോക്ക് (69) ഫാഫ് ഡുപ്ളസിസ് (67) ഡീന്‍ എല്‍ഗര്‍(52) ഹാഷിം അംല (48) എന്നിവരുടെ മികവില്‍ 406 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഡിമുത്ത് കരുണരത്നെ (43) കൗഷല്‍ സില്‍വ (48) കുശാല്‍ മെന്‍ഡിസ് (58) എയ്ഞ്ചലോ മാത്യൂസ് (59) എന്നിവര്‍ പൊരുതിയെങ്കിലും മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടതോടെ വന്‍ റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് തിങ്കളാഴ്ച കേപ് ടൗണില്‍ ആരംഭിക്കും.
 

Tags:    
News Summary - sri lanka south africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.