ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റിങ് ലോകചാമ്പ്യൻ മീരാഭായ് ചാനുവിനും രാജ്യത്തെ പരമോന്നത കായികപുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന ശിപാർശ. വിവിധ ഇനങ്ങളിലെ 20 പേർക്കാണ് അർജുന പുരസ്കാര ശിപാർശ.
മലയാളി താരം ജിൻസൺ ജോൺസൺ, നീരജ് ചോപ്ര, ഹിമ ദാസ് (അത്ലറ്റിക്സ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), രോഹൻ ബൊപ്പണ്ണ (ടെന്നിസ്), സിക്കി റെഡ്ഡി (ബാഡ്മിൻറൺ), സതീഷ്കുമാർ (ബോക്സിങ്), ശുഭാങ്കർ ശർമ (ഗോൾഫ്), മൻപ്രീത് സിങ്, സവിത കുമാരി (ഹോക്കി), രവി റാത്തോഡ് (പോളോ), റാഹി സർനോബാത്, അങ്കൂർ മിത്തൽ, ശ്രേയസി സിങ് (ഷൂട്ടിങ്), മാണിക ബാത്ര, ജി. സത്യൻ (ടേബ്ൾ ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കദിയൻ (വുഷു), അങ്കൂർ ധാമ (പാരാ അത്ലറ്റിക്സ്), മനോജ് സർക്കാർ (പാരാ ബാഡ്മിൻറൺ) എന്നിവരാണ് അർജുന പുരസ്കാര ജേതാക്കൾ. സചിൻ ടെണ്ടുൽകർക്കും (1997) മഹേന്ദ്ര സിങ് ധോണിക്കും (2007) ശേഷം ഖേൽരത്ന ലഭിക്കുന്ന ക്രിക്കറ്ററാവും കോഹ്ലി.
കഴിഞ്ഞ മൂന്നു വർഷവും ഖേൽരത്നക്ക് കോഹ്ലിയെ ബി.സി.സി.െഎ ശിപാർശ ചെയ്തിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. 2016ൽ റയോ ഒളിമ്പിക്സിെല മികച്ച പ്രകടനത്തിന് സാക്ഷി മാലിക്, പി.വി. സിന്ധു, ദീപ കർമാകർ എന്നിവർക്കും 2017ൽ ഹോക്കി താരം സർദാർ സിങ്ങിനും പാരാ അത്ലറ്റ് ദേവേന്ദ്ര ജജാരിയക്കുമായിരുന്നു ഖേൽരത്ന. വെയ്റ്റ്ലിഫ്റ്റിങ് 48 കിലോ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് ജേത്രിയുമാണ് 24കാരിയായ ചാനു. പരിക്കുമൂലം ഏഷ്യൻ ഗെയിംസ് നഷ്ടമായ താരം 2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമാണ്. ഏഴര ലക്ഷം രൂപയാണ് ഖേൽരത്ന പുരസ്കാരത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.