മുംബൈ: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താനെ ബി.സി.സി.ഐ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ രഞ്ജി സീസണിനിടെയാണ് പത്താൻ മരുന്നടിച്ചത്. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പത്രക്കുറിപ്പിലൂടെ ബോർഡ് ഇക്കാര്യം സമ്മതിച്ചു. പത്താൻ ഒരു നിരോധിത വസ്തു ഉപയോഗിച്ചതായും ഇത് കഫ് സിറപ്പുകളിൽ സാധാരണയായി കണ്ടുവരുന്നതാണെന്നും ബോർഡ് അറിയിച്ചു. ഇതേതുടർന്ന് അഞ്ച് മാസത്തേക്ക് പത്താനെ വിലക്കുകയായിരുന്നു.
2017 മാർച്ച് 16ന് ബി.സി.സി.ഐ യുടെ ഉത്തേജക മരുന്ന് പരിശോധനയുടെ ഭാഗമായി പത്താൻ സമർപിച്ച മൂത്ര സാംപിളുകളിലാണ് ഉത്തേജകം കണ്ടെത്തിയത്. ടെർബുട്ടാലിൻ എന്ന നിരോധിത വസ്തുവാണ് കണ്ടെത്തിയത്. നിരോധിത വസ്തു കണ്ടെത്തിയതിനെ തുടർന്ന് ബി.സി.സി.ഐ ഉത്തേജകവിരുദ്ധ വിഭാഗം പത്താനെ ടീമിൽ ഉൾപെടുത്തരുതെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സീസണിൽ ബറോഡക്കായി ഒരു രഞ്ജി മത്സരമാണ് പത്താൻ കളിച്ചത്. ഒക്ടാബറിനു ശേഷം പത്താൻ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. 2017 ആഗസ്റ്റ് 15 മുതൽ അഞ്ച് മാസം പത്താനെ ബി.സി.സി.ഐ പുറത്തിരുത്തുകയായിരുന്നു. ഇനി ജനുവരി 14ഒാടെ പത്താന് ക്രിക്കറ്റിലേക്ക് തിരികെയെത്താം.
ബ്രൊസീറ്റ് എന്ന മരുന്നിൽ നിന്നാണ് ടെർബുറ്റാലിൻ പത്താൻെറ ശരീരത്തിലെത്തിയത്. ഇത് ഉപയോഗിക്കണമെങ്കിൽ പത്താനോ ഡോക്ടറോ അനുവാദം വാങ്ങേണ്ടതുണ്ട്. പനിക്കായി കഫ് സിറപ്പ് കുടിച്ചപ്പോൾ സംഭവിച്ചതാണെന്ന പത്താൻെറ വാദം ബി.സി.സി.ഐ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ നിരോധിത മരുന്നടിച്ച് പിടിക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് പത്താൻ. നേരത്തേ 2012ൽ ഐ.പി.എല്ലനിടെ പിടിക്കപ്പെട്ട ഡൽഹി ബൗളർ പ്രദീപ് സംഗ്വാന് 18 മാസം വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബി.സി.സി.ഐക്ക് മേലും സമ്മർദമേറി. നേരത്തേ ഇന്ത്യൻ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പരിശോധിക്കുന്നത് ബി.സി.സി.ഐ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.