അവസാന മത്സരത്തില്‍ ജയം തേടി ബ്ലാസ്റ്റേഴ്സ് ഡൈനാമോസിനെതിരെ

ന്യൂഡല്‍ഹി: അതിമോഹങ്ങളൊന്നുമില്ല. അവസാന മത്സരത്തിലെങ്കിലും ഒരു ജയം. അവസാന സ്ഥാനക്കാരെന്ന പേരുദോഷമൊഴിവാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിനോട് ബൈ പറയുക. ന്യൂഡല്‍ഹിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ളാസ്റ്റേഴ്സ് സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ മഞ്ഞപ്പടയുടെ മനം നിറയെ ഈയൊരു പ്രാര്‍ഥന മാത്രം. ഇതിനകം സെമിയോഗ്യത നേടിയ ഡല്‍ഹി ഡൈനാമോസിനാവട്ടെ ഒരു ജയം കൂടി നേടി സ്ഥാനം മെച്ചപ്പെടുത്തുക ലക്ഷ്യം.
13 കളിയില്‍ മൂന്ന് ജയവുമായി 12 പോയന്‍റുമായാണ് ബ്ളാസ്റ്റേഴ്സ് അവസാന സ്ഥാനത്തുള്ളത്. തൊട്ടുമുകളിലുള്ള മുംബൈ സിറ്റിക്ക് 13 പോയന്‍റാണുള്ളത്. അവസാന കളിയില്‍ ബ്ളാസ്റ്റേഴ്സ് ജയിക്കുകയും അടുത്ത കളിയില്‍ മുംബൈ, അത്ലറ്റികോ കൊല്‍ക്കത്തയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ മഞ്ഞപ്പടക്ക് ഏഴാം സ്ഥാനക്കാരായി രണ്ടാം സീസണോട് യാത്രപറയാം.
അതേസമയം, പോയന്‍റ് പട്ടികയിലെ സ്ഥാന നിര്‍ണയം സെമിയിലെ എതിരാളികളെ നിര്‍ണയിക്കുന്നതില്‍ പ്രധാനമായതിനാല്‍ ജയിച്ച് മുന്നേറാനാണ് ഡല്‍ഹിയുടെ പടയൊരുക്കം.
12 കളിയില്‍ 21 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹിയിപ്പോള്‍. ‘സെമികാണാതെ മടങ്ങുന്നതില്‍ നിരാശയുണ്ട്. മികച്ച പ്രകടനമായിരുന്നു. പക്ഷേ, പലപ്പോഴും ഗോള്‍ വഴങ്ങിയത് തോല്‍വിക്കിടയാക്കി. തിരിച്ചടികള്‍ക്കിടയിലും നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനം നല്‍കുന്നു. ഡല്‍ഹിക്കെതിരെ ജയിച്ച് അവസാന സ്ഥാനക്കാരുടെ പട്ടികയില്‍ നിന്നും മാറാനാണ് ഞങ്ങളുടെ ഇന്നത്തെ കളി’ -ബ്ളാസ്റ്റേഴ്സ് കോച്ച് ടെറി ഫെലാന്‍െറ വാക്കുകള്‍.സീസണിലെ ആദ്യപാദ മത്സരത്തില്‍ ഡല്‍ഹി 1-0ന് ബ്ളാസ്റ്റേഴ്സിനെ തോല്‍പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.