കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സി ഒന്നാം സ്ഥാനത്തുള്ള അത് ലറ്റികോ ഡി കൊൽക്കത്തയെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ ജയം. സോണി നോർദെയുടെ ഇരട്ട ഗോളുകളാണ് മുംബൈയെ വിജയത്തോടെ സീസൺ അവസാനിപ്പിക്കാൻ സഹായിച്ചത്. പെനൽറ്റിയിലൂടെ സുനിൽ ഛേത്രിയാണ് മുംബൈയുടെ ശേഷിക്കുന്ന ഗോൾ നേടിയത്. ഇസുമിയും പെനൽറ്റിയിലൂടെ ഇയൻ ഹ്യൂമുമാണ് കൊൽക്കത്തക്ക് വേണ്ടി വലകുലുക്കിയത്.
മുംബൈക്കെതിരെ ജയിച്ച് ലീഗ് മത്സരങ്ങൾ അവസാനിപ്പിക്കാമെന്ന മോഹവുമായാണ് സ്വന്തം തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത ഇറങ്ങിയത്. എന്നാൽ ആദ്യ ഗോളും അവസാന ഗോളും മുംബൈ നേടിയ മത്സരത്തിൽ കൊൽക്കത്ത തൊറ്റ് മടങ്ങുകയായിരുന്നു. ഇഞ്ചുറി ടൈമിൽ സോണി നോർദെ നേടിയ ഗോളാണ് മുംബൈയെ ജയത്തിലേക്കെത്തിച്ചത്. സോണി നോർദെ തന്നെയാണ് മുംബൈക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ടുണീഷ്യയുടെ സലിം ബെനചൂർ നൽകിയ പാസിൽ നിന്ന് 26ാം മിനിറ്റിലായിരുന്നു നോർദെ ഗോളടിച്ചത്.
എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ലഭിച്ച പെനൽറ്റി ഗോളാക്കി ഇയൻ ഹ്യൂം മത്സരം സമനിലയിലാക്കി. ഇയൻ ഹ്യൂം ലീഗിൽ നേടുന്ന പത്താമത്തെ ഗോളാണിത്. 11 ഗോൾ നേടിയ ചെന്നൈയുടെ സ്റ്റീവൻ മെൻഡോസയാണ് ടൂർണമെൻറിലെ ടോപ്സ്കോറർ. യുവാൻ അഗ്വലേറയെ വീഴ്ത്തിയതിൽ നിന്ന് ലഭിച്ച പെനൽറ്റിയിൽ നിന്ന് സുനിൽ ഛേത്രി 82ാം മിനിറ്റിൽ ഗോൾ നേടി. ഛേത്രി ടൂർണമെൻറിൽ നേടുന്ന ഏഴാമത്തെ ഗോളാണിത്.
മുംബൈ ഒരു ഗോളിന് മുന്നിട്ട് നിൽക്കുമ്പോഴാണ് ഇസുമിയുടെ ഗോൾ 90ാം മിനിറ്റിൽ വരുന്നത്. ഇതോടെ മത്സരം സമനിലയിലായി. എന്നാൽ സെക്കൻറുകൾക്കകം തന്നെ നോർദെ വീണ്ടും വലകുലുക്കിയപ്പോൾ തങ്ങൾ ആദ്യം ഗോളടിക്കുന്ന മത്സരത്തിൽ തോറ്റിട്ടില്ലെന്ന റെക്കോർഡ് തകരാതെ കാത്തു മുംബൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.