ഐ.എസ്.എല്ലിൽ ബ്രസീലിയന്‍ സെമി

ന്യൂഡല്‍ഹി: ആരു ജയിച്ചാലും ബ്രസീല്‍ ആരാധകര്‍ക്ക് സന്തോഷിക്കാം. സന്ദര്‍ശക സംഘത്തിന് തന്ത്രങ്ങളോതാന്‍ ‘വൈറ്റ് പെലെ’ സീകോയും, മറുതലക്കല്‍ കളിക്കാരനും പരിശീലകനുമായി ബുള്ളറ്റ്മാന്‍ റോബര്‍ട്ടോ കാര്‍ലോസും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ ആദ്യ നോക്കൗട്ട് അങ്കത്തില്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഡല്‍ഹി ഡൈനാമോസും എഫ്.സി ഗോവയും പന്തുതട്ടുമ്പോള്‍ മൈതാനത്തും പുറത്തും നിറയുന്നത് ബ്രസീലിയന്‍ ആവേശം. പരിശീലകരില്‍ മാത്രമൊതുങ്ങുന്നില്ല ബ്രസീലിയന്‍ മയം. ഇരുടീമിലും കളത്തിലിറങ്ങുന്നതിലേറെയും കാനറികളുടെ നാട്ടുകാര്‍ തന്നെ.
ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരെന്ന പകിട്ടുമായത്തെുന്ന ഗോവ ഡല്‍ഹിയെ അവരുടെ തട്ടകത്തിലാണ് നേരിടുന്നത്. ഗ്രൂപ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം ഗോവയോടൊപ്പമായിരുന്നെങ്കിലും സ്വന്തം കാണികള്‍ക്കു മുന്നില്‍ തലയുയര്‍ത്തിപ്പിടിക്കാന്‍ ഡല്‍ഹി ശ്രമിക്കുന്നതോടെ മത്സരം കടുക്കും.
പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെിയ ഗോവ മൊത്തം 29 ഗോളുകള്‍ നേടിയപ്പോള്‍ 18 ഗോളുകള്‍ മാത്രമാണ് ഡല്‍ഹിയുടെ സമ്പാദ്യം. സെമിഫൈനലിസ്റ്റുകളില്‍ ഏറ്റവും കുറവ് ഗോള്‍ നേടിയ സംഘവും കാര്‍ലോസിന്‍െറ ഡല്‍ഹിയാണ്. നിലവിലെ ഫോമില്‍ ഗോവയെ മറികടക്കുക റോബര്‍ട്ടോ കാര്‍ലോസിനും സംഘത്തിനും ദുഷ്കരമാകുമെന്നതില്‍ സംശയമില്ല. ഗോവക്കെതിരെയുള്ള അവസാന മത്സരത്തില്‍  സ്വന്തം ഗ്രൗണ്ടില്‍ 3-2നാണ് ഡല്‍ഹി അടിയറവ് പറഞ്ഞത്.

 ടൂര്‍ണമെന്‍റില്‍ ഇതുവരെയുള്ള കേളീശൈലിയും ആരാധകരെ ത്രസിപ്പിക്കുന്നു. കാര്‍ലോസ് പ്രതിരോധത്തിന് ഊന്നല്‍ കൊടുക്കുമ്പോള്‍ ആക്രമണമാണ് സീക്കോയുടെ മന്ത്രം. ഏത് പ്രതിരോധനിരയിലും വിള്ളല്‍ വീഴ്ത്താന്‍ശേഷിയുള്ള ഒരുപിടി താരങ്ങളാണ് സീക്കോയുടെ മുതല്‍ക്കൂട്ട്. മലയാളി താരം അനസ് എടത്തൊടികയും ജോണ്‍ അര്‍നെ റീസെയും നേതൃത്വം നല്‍കുന്ന ഡല്‍ഹി പ്രതിരോധം എങ്ങനെ ഗോവന്‍ ആക്രമണത്തെ ചെറുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. സസ്പെന്‍ഷന്‍ കഴിഞ്ഞ് പ്ളേമേക്കര്‍ ലിയോ മോറ കൂടി ആദ്യ ഇലവനില്‍ ചേരുന്നതോടെ ഗോവ കൂടുതല്‍ കരുത്താര്‍ജിക്കും.  മധ്യനിരയില്‍ ജോഫ്രെ മാറ്റ്യു, ജൊനാഥന്‍ ലൂക്ക എന്നിവരും മുന്നേറ്റനിരയില്‍ ഡുഡു ഒമാഗ്ബെമി, റീനാള്‍ഡോ, തോങ്കോസിം ഹവോകിപ് എന്നിവരും താളം കണ്ടത്തെിയാല്‍ ഗോവക്ക് കാര്യങ്ങള്‍ എളുപ്പമാകും. മൂവരും ഈ സീസണില്‍ ഹാട്രിക് ഗോള്‍ നേട്ടം ആഘോഷിച്ചവരാണ്. മറുവശത്ത് ഫ്ളോറന്‍റ് മലൂദയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഡല്‍ഹി  ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. ഡല്‍ഹിയുടെ ഗോള്‍നേട്ടങ്ങളില്‍ പ്രധാന സൂത്രധാരന്‍ മൗലൂദയായിരുന്നു. ആദ്യ 10 കളികളില്‍നിന്ന് എട്ടു ഗോള്‍ മാത്രമായിരുന്നു ഡല്‍ഹി നേടിയത്. ‘ഇത് 180 മിനിറ്റ് കളിയാണ്. ഇന്നത്തെ കളിയെ മാത്രം ആശ്രയിച്ചല്ല അന്തിമവിധി. ഈ മത്സരത്തിലും ഞങ്ങള്‍ നന്നായി കളിക്കും.’ -ഡല്‍ഹി കോച്ച് കാര്‍ലോസ് പറയുന്നു.

ഡല്‍ഹിക്കെതിരെ റൗണ്ട് മത്സരങ്ങളിലെ രണ്ടിലും ഞങ്ങള്‍ വിജയം കണ്ടു. ഡല്‍ഹിയിലും അതു തുടരുമെന്ന് ഗോവന്‍ കോച്ച് സീക്കോയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.