പൂണെ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ രണ്ടാം സെമിഫൈനലിൻെറ ആദ്യ പാദത്തിൽ നിലവിലെ ചാമ്പന്യൻമാരായ അത് ലറ്റികോ ഡി കൊൽക്കത്തക്കെതിരെ ചെന്നൈയിൻ എഫ്.സിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ചെന്നൈയിൻെറ ജയം. ബ്രൂണോ പെലിസരി, ജെജ ലാൽപെഖുലെ, സ്റ്റീവൻ മെൻഡോസ എന്നിവരാണ് ചെന്നൈയിന് വേണ്ടി സ്കോർ ചെയ്തത്. ഇതോടെ ചെന്നൈയെ മറികടന്ന് ഫൈനലിൽ കടക്കാൻ രണ്ടാം പാദത്തിൽ വൻ വിജയം കുറിക്കേണ്ടിവരും കൊൽക്കത്തക്ക്. ചെറിയമാർജിനിൽ തോറ്റാൽ പോലും ചെന്നൈയിൻ ഫൈനലിൽ എത്തും.
പൂണെയിലാണ് ചെന്നൈയിൻെറ ഹോം മത്സരം നടന്നത്. പ്രളയത്തെ തുടർന്ന് മത്സരം ചെന്നൈയിൽ നിന്നും പൂണെയിലേക്ക് മാറ്റുകയായിരുന്നു. ലീഗിൽ മികച്ച പ്രകടനം നടത്തിയ കൊൽക്കത്തക്കെതിരെ മികച്ച കളിയാണ് ചെന്നൈയിൻ പുറത്തെടുത്തത്. എലാനോ, മെഹ്റാജുദ്ദീൻ വാദൂ എന്നിവർ ഇല്ലാതെയാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങിയത്. ചെന്നൈയിന് വേണ്ടി മലയാളി താരം എം.പി സക്കീർ ഇന്ന് കളിക്കാനിറങ്ങി.
39ാം മിനിറ്റിൽ പെലിസരിയാണ് ആദ്യ ഗോൾ നേടിയത്. മാനുവൽ ബ്ലാസിലെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് പെലിസരി ഗോൾ നേടുകയായിരുന്നു. മികച്ചൊരു ഷോട്ടിനുമുമ്പിൽ കൊൽക്കത്ത ഗോളി അമരീന്ദർ സിങിന് കാര്യമായൊന്നും ചെയ്യാനായില്ല. സീസണിൽ പെലിസരി നേടുന്ന രണ്ടാമത്തെ ഗോളാണിത്.
ആദ്യപകുതിക്ക് ശേഷമാണ് മറ്റു രണ്ടു ഗോളുകളും വീണത്. അഡ്വാൻസ് ചെയ്ത് നിന്ന കൊൽക്കത്ത ഗോളിയെ വെട്ടിച്ച് ജെജയാണ് ഗോൾ നേടിയത്. സൂപ്പർ സ്ട്രൈക്കർ മെൻഡോസയായിരുന്നു പാസ് നൽകിയത്.
68ാം മിനിറ്റിലാണ് ചെന്നൈയിൻെറ മൂന്നാം ഗോളും സീസണിലെ തൻെറ 12ാം ഗോളും മെൻഡോസ നേടിയത്. കൊൽക്കത്ത പ്രതിരോധം വരുത്തിയ പിഴവിൽ നിന്നായിരുന്നു ഗോൾ. ഇത്തവണം ജെജയാണ് പാസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.