മൂന്ന് ഗോള്‍ ജയം; എഫ്.സി ഗോവ ഫൈനലില്‍

മഡ്ഗാവ്: കാല്‍പന്ത് ആരാധകര്‍ ആശിച്ചപോലെ സ്വന്തം മുറ്റത്തെ കലാശപ്പോരിന് സീകോയുടെ എഫ്.സി ഗോവയുണ്ടാവും. ആദ്യ പാദ സെമിയില്‍ ഡല്‍ഹിയോടേറ്റ ഒരു ഗോള്‍ തോല്‍വിയുടെ പാപഭാരത്തില്‍ ഫട്ടോര്‍ഡയിലെ കളിമുറ്റത്ത് നാട്ടുകാരുടെ ആരവങ്ങള്‍ക്കൊപ്പം ഗോവ രണ്ടാം പാദത്തില്‍ പൊരുതിയപ്പോള്‍ പിറന്നത് മോഹിച്ചപോലൊരു ജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ കുട്ടികളുടെ വലയിലേക്ക് അടിച്ചുകയറ്റിയാണ് ഗോവയുടെ ആദ്യ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ 0-1നേറ്റ തോല്‍വി ഉള്‍പ്പെടെ 3-1 അഗ്രിഗേറ്റിലാണ് ഗോവ ഫൈനലില്‍ ഇടംനേടിയത്.
കളിയുടെ 11ാം മിനിറ്റില്‍ ജൊഫ്രി മാറ്റ്യൂവിന്‍െറ ത്രില്ലിങ് ഗോളിലൂടെ തുടങ്ങിയ ഗോവക്കുവേണ്ടി 27ാം മിനിറ്റില്‍ റാഫേല്‍ കൊയ്ലോ രണ്ടാം ഗോളടിച്ചു. 84ാം മിനിറ്റില്‍ ഡുഡു ഒമഗ്ബെമി കൂടി സ്കോര്‍ ചെയ്തതോടെ പട്ടികയും പൂര്‍ത്തിയായി.
ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ തുറന്നുവിട്ട ആവേശം കളത്തിലേക്കും പടര്‍ന്നൊഴുകിയപ്പോള്‍ കളി കുമ്മായവര കടന്ന് കൈയാങ്കളിയിലത്തെി. 88ാം മിനിറ്റില്‍ റഫറിയുമായി കൊമ്പുകോര്‍ത്ത ഡല്‍ഹി ഫോര്‍വേഡ് ആദില്‍ നബി ചുവപ്പുകാര്‍ഡുമായി പുറത്തായതും റോബര്‍ട്ടോ കാര്‍ലോസിന്‍െറ ചൂടന്‍ രംഗങ്ങളുമായതോടെ കളി കൊഴുത്തു.
ഇന്നത്തെ ചെന്നൈയിന്‍-അത്ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം സെമിയിലെ വിജയികളാവും 20ന് ഫട്ടോര്‍ഡയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗോവയുടെ എതിരാളി.

സീകോ തിരുത്തി; ഗോവ നേടി
ആദ്യ പാദത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ചതിന് നല്‍കിയത് സീകോ നല്‍കിയ വില തോല്‍വിയായിരുന്നു. പക്ഷേ, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിലത്തെിയപ്പോള്‍ സീകോ അത് തിരുത്തി. അഞ്ചു മാറ്റങ്ങളുമായി ടീമിനെ ഒരുക്കിയ പരിശീലകന്‍ ആദ്യ മിനിറ്റുമുതല്‍ ഇരമ്പിയാര്‍ക്കാനായിരുന്നു കുട്ടികള്‍ക്ക് നല്‍കിയ ഉപദേശം. രണ്ടുഗോള്‍ വ്യത്യാസത്തില്‍ ജയം അനിവാര്യമായ മത്സരത്തില്‍ ഡുഡു, റാഫേല്‍, മനദര്‍ ദേശായി, ബിക്രംജിത്, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്ളെയിങ് ഇലവനിലത്തെി. ഡുഡുവും റാഫേലും നയിച്ച മുന്നേറ്റത്തിന് പന്തത്തെിക്കാനുള്ള നിയോഗവുമായി ജൊഫ്രിയും ലിയോ മൗറയും. വിങ്ങില്‍ മന്ദര്‍ ദേശായും റോമിയോയും ചേര്‍ന്നതോടെ ആദ്യ നിമിഷം മുതല്‍ ഗോവ ഇരമ്പിയാര്‍ത്തു.
ഡല്‍ഹിയാവട്ടെ കഴിഞ്ഞ കളിയില്‍നിന്ന് ഒരു മാറ്റവുമില്ലാതെയാണിറങ്ങിയത്. റോബിന്‍ സിങ് നയിച്ച മുന്നേറ്റത്തിന് പിന്തുണയുമായി ആദില്‍ നബിയും ഫ്ളോറന്‍റ് മലൂദയും മധ്യനിരയില്‍നിന്ന് കളി നിയന്ത്രിച്ചു.
പക്ഷേ, കിക്കോഫിനു പിന്നാലെ സീകോയെഴുതിയ തിരക്കഥ വള്ളിപുള്ളി വിടാതെ ഗ്രൗണ്ടില്‍ നടപ്പാവുകയായിരുന്നു. ഒന്നാം മിനിറ്റില്‍ ലിയോ മൗറ നടത്തിയ റോക്കറ്റ് വേഗത്തിലെ മുന്നേറ്റം, തലനാരിഴ വ്യത്യാസത്തില്‍ ഗോള്‍പോസ്റ്റില്‍ അകന്നുപോയി. തൊട്ടുപിന്നാലെ, റോബിന്‍ സിങ്ങിന്‍െറ മുന്നേറ്റത്തെ ലൂസിയോ തടഞ്ഞിട്ടു.
ഏഴാം മിനിറ്റിലാണ് ജൊഫ്രിയുടെ വലതുവിങ്ങിലെ ഓപറേഷനില്‍ റീസെ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അധികം വൈകും മുമ്പേ ഗോവക്ക് ആത്മവിശ്വാസമേകിയ ഗോളും പിറന്നു. ഏതുനിമിഷവും വലകുലുങ്ങുമെന്ന മൂഡിലായിരുന്നു കളി. 11ാം മിനിറ്റില്‍ മൗറയുടെ ഫ്രീകിക്കിലൂടെ പന്ത് വലതുവിങ്ങിലേക്ക് പറന്നിറങ്ങിയപ്പോള്‍ പന്ത് റാഞ്ചിയെടുത്ത് ജൊഫ്രി പറന്നു. തടയാനത്തെിയ റീസെയെ കബളിപ്പിച്ച് ബോക്സിന്‍െറ മൂലയില്‍നിന്ന് തൊടുത്ത ഷോട്ട് ഡല്‍ഹി ഗോളി ഡൊബ്ളാസിന്‍െറ അക്രോബാറ്റിക് സേവിങ്ങും കടന്ന് വലയിലേക്ക്. പ്രണോയ് ഹാല്‍ദറുടെ അസിസ്റ്റായിരുന്നു സഹായിച്ചത്.
അഗ്രിഗേറ്റ് ഒപ്പമത്തെിയതോടെ ഗോവയുടെ പകുതി ലക്ഷ്യം പൂര്‍ത്തിയായി. ആവേശം ഇരട്ടിച്ച ആതിഥേയര്‍ ആക്രമണത്തിന് വീണ്ടും മൂര്‍ച്ചകൂട്ടുകയായിരുന്നു. 23ാം മിനിറ്റില്‍ റൊമിയോയുടെ രണ്ട് മുന്നേറ്റങ്ങള്‍ റീസെ തടഞ്ഞിട്ടു. പക്ഷേ, 27ാം മിനിറ്റിലെ ശ്രമം പാഴായില്ല. വലതുവിങ്ങിലൂടെ തന്നെ ബിക്രംജിത് നല്‍കിയ ലോങ് ക്രോസില്‍ പന്തുമായി കുതിച്ച റാഫേല്‍ കൊയ്ലോ ബോക്സിന്‍െറ മൂലയില്‍ നിന്നെടുത്ത ഷോട്ടില്‍ റീസെ വീണ്ടും നിരായുധനായി. ഗോളിയെയും കടന്ന് പന്ത് പോസ്റ്റിന്‍െറ വലതു മൂലയില്‍. ഗോവക്ക് ലീഡ്.
തുടര്‍ച്ചയായി പരാജയപ്പെട്ട റീസെയെ 30ാം മിനിറ്റില്‍ തന്നെ കാര്‍ലോസ് പിന്‍വലിച്ചു. പകരമത്തെിയ ഹാന്‍സ് മുല്‍ഡര്‍ക്കും ഗോവന്‍ കുത്തൊഴുക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നാം പകുതി പിരിയും മുമ്പേ മൂന്ന് അവസരങ്ങള്‍ കൂടി ഗോവ സൃഷ്ടിച്ചിരുന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കം കാണിക്കാനായിരുന്നു ഡല്‍ഹിയുടെ ശ്രമം. ഗോവന്‍ മുന്നേറ്റത്തില്‍ ചിതറിപ്പോയ കളി തന്ത്രത്തിലേക്ക് തിരിച്ചുവരാന്‍ ഡല്‍ഹിക്ക് എളുപ്പം കഴിഞ്ഞില്ല. 58ാം മിനിറ്റില്‍ നബിക്ക് പകരം, സൂപ്പര്‍ സബ്സ്റ്റിറ്റ്യൂഷന്‍ റിച്ചാര്‍ഡ് ഗാഡ്സെ എത്തിയിട്ടും പന്തില്‍ കാര്യമായ നിയന്ത്രണമേറ്റെടുക്കാന്‍ ഡല്‍ഹിക്കാര്‍ക്കായില്ല. അതേസമയങ്ങളിലെല്ലാം ഗോവക്കാര്‍ ഗോള്‍മുഖത്തേക്ക് പന്ത് ചലിപ്പിക്കുകയും ചെയ്തു. 84ാം മിനിറ്റില്‍, റോമിയോ ഫെര്‍ണാണ്ടസിന്‍െറ ക്രോസിലൂടെയായിരുന്നു ഡുഡുവിന്‍െറ ഗോള്‍ പിറന്നത്. മൂന്നാം ഗോളും വഴങ്ങിയതിനു പിന്നാലെ ഡല്‍ഹി താരങ്ങളുടെ നിയന്ത്രണവും തെറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.