നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് (4-1)

ഗുവാഹതി: ഇതുവരെ എവിടെയായിരുന്നു ഈ കളി. ഗോളടിക്കാനും ജയിക്കാനുമറിയാത്തവര്‍ എന്ന് കുറ്റപ്പെടുത്തി എഴുതിത്തള്ളിയവര്‍ക്ക് ഇതിലേറെ എങ്ങനെ മറുപടി നല്‍കാനാകും. തീര്‍ഥാടകരെപ്പോലെ വിജയദാഹവുമായി മലമുകളേറിയത്തെിയ മഞ്ഞപ്പട ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ നോര്‍ത് ഈസ്റ്റുകാര്‍ക്കു മുമ്പാകെ ആര്‍ത്തിരമ്പി. കൊച്ചിയില്‍ മുക്കാല്‍ ലക്ഷത്തോളം വരുന്ന ആരാധകരുടെ ആരവത്തില്‍ കളിമറന്നുപോയവര്‍, എതിരാളികള്‍ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി തകര്‍ത്തുകളിച്ചപ്പോള്‍ പിറന്നത് പ്രതീക്ഷകളുടെ കൊടുമുടിയേറ്റിയ വിജയം.

ഇതുവരെ ആരാധകരുടെ പഴികേട്ട ക്രിസ് ഡഗ്നല്‍, ഇരട്ടഗോളുമായി മഞ്ഞപ്പടയെ മുന്നില്‍നിന്ന് നയിച്ചു. ഇംഗ്ളീഷ് താരത്തിന് ഉറച്ച പിന്തുണയുമായി കാവിന്‍ ലോബോയും അന്‍േറാണിയോ ജര്‍മനും നിറഞ്ഞാടുകയും ചെയ്തു.  എതിരാളിയെ അവരുടെ മണ്ണില്‍ നാണംകെടുത്തിയ 4-1ന്‍െറ ഉജ്ജ്വല ജയവുമായി ബ്ളാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറി.
വടക്കുകിഴക്കുകാരെ മുന്നില്‍ കിട്ടുമ്പോള്‍ മാത്രം കലികയറുന്ന ആവേശമായി ഇത് അവസാനിക്കാതിരുന്നാല്‍, പ്രഥമ സീസണിലെ റണ്ണറപ്പുകാര്‍ക്ക് ഈ സീസണില്‍ ഇനിയും പ്രതീക്ഷക്ക് വകയുണ്ടെന്നുകൂടി പത്താം അങ്കം അടിവരയിടുന്നു.
കിക്കോഫിനു പിന്നാലെ 28ാം സെക്കന്‍ഡിലായിരുന്നു ഡഗ്നലിലൂടെ ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഗോള്‍ പിറന്നത്. ഐ.എസ്.എല്ലിലെ അതിവേഗ ഗോളെന്ന റെക്കോഡുമായി ഇത്. 76ാം മിനിറ്റില്‍ ഡഗ്നല്‍ വീണ്ടും വലകുലുക്കി ഇരട്ട ഗോള്‍ തികച്ചു. കാവിന്‍ ലോബോ (21), അന്‍േറാണിയോ ജര്‍മന്‍ (75) എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍.

നാലു മാറ്റങ്ങളുമായാണ് ടെറി ഫെലാന്‍ ബ്ളാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ സാഞ്ചസ് വാട്ടിന് പകരം അന്‍േറാണിയോ ജര്‍മന്‍ പ്ളെയിങ് ഇലവനിലത്തെി. റാഫിക്ക് പകരം കാവില്‍ ലോബോയിറങ്ങി.  വിക്ടര്‍ പുള്‍ഗയും സന്ദേശ് ജിങ്കാനും മഞ്ഞപ്പടയുടെ നിരയിലത്തെി.
ആദ്യ മിനിറ്റിലെ ഗോളില്‍ പകച്ച നോര്‍ത് ഈസ്റ്റ് സിമാവോ-വെലസ്-സഞ്ജു പ്രധാന്‍ കൂട്ടിലൂടെ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചു. ബ്ളാസ്റ്റേഴ്സ് ഗോളി സ്റ്റീവന്‍ ബൈവാട്ടറുടെ മികവും പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാന്‍, റാമേജ് കൂട്ടിന്‍െറ മിടുക്കുമായിരുന്നു മഞ്ഞപ്പടയുടെ ഗോള്‍വല കാത്തത്. എന്നാല്‍, ബ്ളാസ്റ്റേഴ്സ് മൂന്നാം ഗോള്‍ നേടിയതോടെ ഹൈലാന്‍ഡേഴ്സ് ആകെ തകര്‍ന്ന് തോല്‍വി സമ്മതിച്ച മട്ടായി.

ഗോള്‍ഡന്‍ മൊമന്‍റ്സ്
0-1 (28 സെക്കന്‍ഡ്-ക്രിസ് ഡഗ്നല്‍): കാണികളുടെ കാഴ്ച പന്തിനു പിറകെ കൂടുംമുമ്പേ ബ്ളാസ്റ്റേഴ്സ് വലകുലുക്കി. കിക്കോഫിനു പിന്നാലെ പിറന്ന ആദ്യ നീക്കം. ഇടതു വിങ്ങില്‍നിന്ന് ഹൊസു പ്രീറ്റോയുടെ ടച്ചില്‍ എത്തിയ പന്ത് അന്‍േറാണിയോ ജര്‍മന്‍ അളന്നുമുറിച്ച് പെനാല്‍റ്റിബോക്സിലേക്ക് നല്‍കിയപ്പോള്‍ ഇംഗ്ളീഷ് താരം ക്രിസ് ഡഗ്നലിന് പിഴച്ചില്ല. ഞൊടിയിട വേഗത്തില്‍ പന്ത് വലയിലേക്ക് ചത്തെിയിടുമ്പോള്‍ ടൈമറില്‍ 28 സെക്കന്‍ഡ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ ബ്ളാസ്റ്റേഴ്സ് താരത്തിന്‍െറ പേരില്‍ കുറിക്കപ്പെട്ടു.



0-2 (21 മിനിറ്റ്-കാവിന്‍ ലോബോ): കളമുണരുംമുമ്പേ വഴങ്ങിയ ഗോളിന്‍െറ ആഘാതത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംഘം തിരിച്ചത്തൊന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രണ്ടാം ഗോള്‍. മധ്യവരക്കരികില്‍നിന്ന് ഹൊസു നല്‍കിയ ഹൈബാള്‍ ക്രോസ് ഓഫ്സൈഡ് കെണി പൊട്ടിച്ച് പിടിച്ചെടുത്ത ലോബോയുടെ കുതിപ്പിനെ തടയാന്‍ എതിരാളികള്‍ ആരുമില്ലായിരുന്നു. മലയാളി ഗോളി ടി.പി. രഹനേഷിന്‍െറ കാലിനിടയിലൂടെ ലോബോ വലയിലേക്ക് അടിച്ചുകയറ്റി.

0-3 (75’-അന്‍േറാണിയോ ജര്‍മന്‍): മൈതാനം നിറഞ്ഞുകളിച്ച ജര്‍മന് അര്‍ഹിച്ചൊരു ഗോള്‍. രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച നോര്‍ത് ഈസ്റ്റിന്‍െറ ആക്രമണച്ചൂടിനെ തളര്‍ത്തുന്നതായിരുന്നു പോസ്റ്റിന്‍െറ വലതു മൂലയില്‍നിന്ന് ഇംഗ്ളീഷ് താരം തൊടുത്തുവിട്ടത്. ഹൊസുവായിരുന്നു ഈ ഗോളിനു പിന്നിലും ബൂട്ട് ചലിപ്പിച്ചത്.

0-4 (76’ -ക്രിസ് ഡഗ്നല്‍): ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടെ മൂന്നാം ഗോള്‍ വഴങ്ങിയ നോര്‍ത് ഈസ്റ്റിന്‍െറ അവസാന ശ്വാസവും എടുത്ത നാലാം ഗോള്‍. ഡഗ്നലിന്‍െറ ക്ളാസ് നീക്കവുമായിരുന്നു ഇത്. ലോബോ നല്‍കിയ ക്രോസില്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഡഗ്നലിന്‍െറ ഉജ്ജ്വല ഗോള്‍.

1-4 (91’ -നികളസ് വെലസ്): ഡിയോമാന്‍സി കമാറയുടെ ക്രോസില്‍നിന്ന് പന്തെടുത്ത വെലസ് ഇടതു വിങ്ങിലൂടെ ആതിഥേയരുടെ ആശ്വാസ ഗോള്‍ നേടി.

ബ്ളാസ്റ്റേഴ്സിന്‍െറ പ്രതീക്ഷ
10 കളിയില്‍ മൂന്ന് ജയവുമായി 11 പോയന്‍റുള്ള ബ്ളാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണിപ്പോള്‍.
ശേഷിക്കുന്ന നാല് കളിയില്‍ മൂന്ന് എവേയും ഒരു ഹോം മാച്ചും. ചെന്നൈയിന്‍, മുംബൈ സിറ്റി, ഡല്‍ഹി എന്നിവരെ അവരുടെ നാട്ടിലും ഗോവയെ കൊച്ചിയിലും നേരിടും. നാലും ജയിച്ചാല്‍ സെമി സാധ്യത ശക്തം. മറ്റ് ടീമുകളുടെ ഫലവും മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. ഇതിനിടയിലെ ഒരു തോല്‍വിപോലും സ്വപ്നങ്ങള്‍ തകിടംമറിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.