ചെന്നൈ: മരണമുഖത്ത് നില്‍ക്കുന്ന അയല്‍ക്കാര്‍ ശനിയാഴ്ച സീസണിലെ രണ്ടാം ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ജയം ഇരുകൂട്ടര്‍ക്കും അനിവാര്യം. പോയന്‍റ് പട്ടികയില്‍ എറ്റവും താഴത്തെട്ടിലെ സ്ഥാനക്കാരായ കേരള ബ്ളാസ്റ്റേഴ്സിനും ചെന്നൈയിന്‍ എഫ്.സിക്കും ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമാകില്ല. പ്ളേഓഫ് ഒരു വിദൂര സ്വപ്നമായി ഇരുകൂട്ടരെയും മോഹിപ്പിക്കുമ്പോള്‍, തോല്‍വിയേറ്റുവാങ്ങുന്നപക്ഷം ആ സ്വപ്നം അടുത്ത സീസണിലേക്ക് മാറ്റിവെക്കാനാകും വിധി.
കൊച്ചിയില്‍ നടന്ന ആദ്യ ഏറ്റുമുട്ടലില്‍ ചെന്നൈയിനെതിരെ നേടിയ സമനിലയാണ് നാലുകളികളുടെ ഇടവേളക്കുശേഷം ബ്ളാസ്റ്റേഴ്സിന്‍െറ പോയന്‍റ് പട്ടികയിലേക്ക് ഒരു പോയന്‍റ് സമ്മാനിച്ചത്. അതിനുശേഷം മഞ്ഞപ്പടക്ക് താരതമമ്യേന നല്ല കാലമാണ്. മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം മാത്രം തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന്‍െറ ആത്മവിശ്വാസവുമായാണ് ബ്ളാസ്റ്റേഴ്സ് ചൈന്നയിനെ അവരുടെ മടയില്‍ നേരിടാന്‍ ഇറങ്ങുന്നത്. ആതിഥേയരാകട്ടെ ബ്ളാസ്റ്റേഴ്സിനോട് അന്ന് വഴങ്ങിയ സമനിലയില്‍നിന്ന് ഒരിഞ്ചുപോലും മുന്നേറിയിട്ടില്ല. തുടര്‍ച്ചയായ മൂന്നു തോല്‍വികളുമായി സീസണിലെ തോല്‍വികളുടെ എണ്ണം ആറായതിന്‍െറ ആഘാതത്തിലാണ് ചെന്നൈയിന്‍. മൂന്നു മത്സരങ്ങളില്‍ രണ്ടു ഗോളുകള്‍മാത്രം അവരുടെ ബൂട്ടുകളില്‍നിന്ന് പിറന്നപ്പോള്‍, ഏറ്റുവാങ്ങിയത് ആറെണ്ണമാണ്. ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ മൂന്നു കളികളില്‍ നാലെണ്ണം വാങ്ങിയപ്പോള്‍ എട്ടെണ്ണം തിരിച്ചുകൊടുത്തു. ടെറി ഫെലാന്‍െറ കീഴില്‍ ബ്ളാസ്റ്റേഴ്സ് ഏറെ മുന്നേറിയിരിക്കുന്നു. ക്രിസ് ഡഗ്നല്‍-അന്‍േറാണിയോ ജര്‍മന്‍-കാവിന്‍ ലോബോ കൂട്ടുകെട്ടില്‍ തകര്‍പ്പന്‍ മുന്‍നിരയാണ് ഇപ്പോള്‍ ബ്ളാസ്റ്റേഴ്സിന്‍െറ ശക്തി.
മാര്‍ക്വീതാരം കാര്‍ലോസ് മാര്‍ചേനയെയും സ്ട്രൈക്കര്‍ സാഞ്ചസ് വാട്ടിനെയും നഷ്ടമായത് ടീമിന് നഷ്ടമാണെങ്കിലും അത് പ്രകടനത്തെ ബാധിക്കാതെ കാക്കാന്‍ ഈ മുന്‍നിരക്കാകുമെന്നാണ് കണക്കുകൂട്ടല്‍. പുറത്തായ താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങള്‍ പെട്ടെന്നത്തെുമെന്ന് ടെറി ഫെലാന്‍ പറഞ്ഞു. തോല്‍വികളുടെ തുടക്കത്തിനുശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈയിന് ഒരുപിടിതാരങ്ങളുടെ ഗോളടിമികവ് കരുത്ത് പകര്‍ന്നിരുന്നു. എലാനോ ബ്ളൂമര്‍, സ്റ്റീവന്‍ മെന്‍ഡോസ എന്നിവര്‍ക്ക് പക്ഷേ, തുടര്‍ച്ചയായ മത്സരങ്ങളില്‍ ആ മികവ് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. ഒപ്പം പരിക്കും സസ്പെന്‍ഷനും കോച്ച് മാര്‍കോ മറ്റെരാസിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ബ്ളാസ്റ്റേഴ്സിനെതിരായ മത്സരത്തിനായി താരങ്ങള്‍ കായികക്ഷമത നേടിയതായി മറ്റെരാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.