????????????? ?????? ?????? ???????? ??? ????????? ??????????????

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: പാരിസിലാണ് പോര്

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇന്ന് പാരിസില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ സിറ്റിയെയും ജര്‍മനിയില്‍ വോള്‍ഫ്സ്ബുര്‍ഗ്-റയല്‍ മഡ്രിഡിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് കിക്കോഫ്.

പി.എസ്.ജി x മാഞ്ചസ്റ്റര്‍ സിറ്റി

ചെല്‍സിയുടെ മോഹങ്ങളെ കെട്ടുകെട്ടിച്ച് മറ്റൊരു ഇംഗ്ളീഷ് വേട്ടക്കായി കാത്തിരിക്കുകയാണ് ഫ്രഞ്ച് ലീഗ് വണ്‍ ജേതാക്കളായ പാരിസ് സെന്‍റ് ജര്‍മന്‍. പ്രീക്വാര്‍ട്ടറിലെ ഇരു പാദങ്ങളിലുമായി 4-2നായിരുന്നു പി.എസ്.ജിയുടെ ജയം. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി വരുന്നത് പ്രീക്വാര്‍ട്ടറില്‍ യുക്രെയ്ന്‍ ക്ളബ് ഡൈനാമോ കിയവിനെ 3-1ന് തോല്‍പിച്ച്.

എട്ടുവര്‍ഷത്തിലേറെയായി പി.എസ്.ജിയും സിറ്റിയും പരസ്പരം കണ്ടുമുട്ടിയിട്ട്. 2008 യുവേഫ കപ്പ് ഗ്രൂപ് റൗണ്ടിലായിരുന്നു മത്സരം. ഗോള്‍രഹിതമായി അവസാനിച്ച ഈ കളിയായിരുന്നു ഫ്രഞ്ച് ക്ളബിനെതിരെ സിറ്റിയുടെ ഏക അങ്കവും. പക്ഷേ, അന്നുകണ്ടവരല്ല ഇന്ന് കൊമ്പുകോര്‍ക്കുന്നത്. ലോകത്തെ സൂപ്പര്‍താരങ്ങളായി പാരിസുകാര്‍ അടിമുടി മാറി. തുടര്‍ച്ചയായി നാലു തവണ ഫ്രഞ്ച് ലീഗ് കിരീടനേട്ടക്കാര്‍. സിറ്റിയും പഴയ സിറ്റിയല്ല. ദാരിദ്ര്യകാലത്തില്‍നിന്ന് എണ്ണപ്പണത്തിന്‍െറ പകിട്ടിലേക്ക് മാറിയ ഇംഗ്ളീഷുകാര്‍ ഇതിനിടെ രണ്ടു തവണ പ്രീമിയര്‍ ലീഗ് ജേതാക്കളായി. ഇപ്പോഴാവട്ടെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലത്തെുകയും ചെയ്തു. യൂറോപ്യന്‍ കിരീടസാധ്യത ഏറെയും കല്‍പിക്കുന്നവരായാണ് സിറ്റി ആദ്യ പാദ അങ്കത്തിന് പാരിസിലേക്ക് പറന്നത്. പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തിന്‍െറ ടെന്‍ഷനിടയിലാണ് ഇവരുടെ യൂറോപ്യന്‍ മത്സരവും.

അതേസമയം, ടെന്‍ഷന്‍ ഫ്രീയാണ് പി.എസ്.ജി. ഫ്രഞ്ച് കിരീടം സ്വന്തമാക്കിക്കഴിഞ്ഞവര്‍ക്ക് ഇനിയുള്ള ഒരേയൊരു ലക്ഷ്യം യൂറോപ്യന്‍ കിരീടം.
പ്രതിരോധത്തിലും മുന്നേറ്റത്തിലും കരുത്തരായ താരങ്ങളുടെ സാന്നിധ്യമാണ് പാരിസുകാരുടെ കരുത്ത്. ഗോളടിച്ചുകൂട്ടാന്‍ സ്വീഡിഷ് ഇതിഹാസം സ്ളാറ്റന്‍ ഇബ്രാഹിമോവിച്. പ്രതിരോധത്തില്‍ ബ്രസീലുകാരായ ഡേവിഡ് ലൂയിസും തിയാഗോ സില്‍വയും. ബ്ളെയ് മതൗഡി, യാവിയര്‍ പാസ്റ്റോറെ, മാക്സ്വെല്‍ എന്നിവരും ടീമിന്‍െറ കുതിപ്പിലെ കുന്തമുനകള്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ അര്‍ജന്‍റീന താരം എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുമില്ല.

അതേസമയം, മിന്നുന്ന ഫോമിലാണ് സിറ്റിയും. ഇബ്രയെയും ലൂയിസിനെയും വരുതിയിലാക്കിയാല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം വിജയിച്ചുവെന്ന ആത്മവിശ്വാസം ഇംഗ്ളീഷുകാര്‍ക്കുണ്ട്. എന്തായാലും ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്ന പോരാട്ടം പാരിസിലാവുമെന്നുറപ്പ്.

വോള്‍ഫ്സ്ബുര്‍ഗ്  x റയല്‍ മഡ്രിഡ്

എല്‍ക്ളാസികോയില്‍ ബാഴ്സലോണയെ വീഴ്ത്തിയ ഊര്‍ജവുമായാണ് റയല്‍ ജര്‍മനിയിലെ ഫോക്സ്വാഗണ്‍ അറീനയിലത്തെുന്നത്. തോല്‍വിയറിയാതെ 39 മത്സരം കടന്ന ബാഴ്സയുടെ താരപ്പടയെ നൂകാംപില്‍ 2-1ന് കീഴടക്കിയ റയല്‍ ടീം  ശക്തമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.

പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ടീം എ.എസ് റോമയെ 4-0ത്തിന് തകര്‍ത്തായിരുന്നു റയലിന്‍െറ ക്വാര്‍ട്ടര്‍ പ്രവേശം. പരിക്കോ സസ്പെന്‍ഷനോ ഇല്ലാതെ ഫുള്‍ഫിറ്റ്നസോടെയാണ് ടീം ജര്‍മനിയിലത്തെിയതും. പ്രതിരോധം പെപെ-റാമോസ് സഖ്യവും മുന്നേറ്റം ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ ത്രിമൂര്‍ത്തികളും നോക്കുന്നതോടെ റയല്‍ എത്ര ഗോളടിച്ചുകൂട്ടുമെന്നതിലേ തര്‍ക്കമുള്ളൂ. അതേസമയം, ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ പ്രവേശമാണ് വോള്‍ഫ്സ്ബുര്‍ഗിന്. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാമത്തെ മാത്രം സാന്നിധ്യവും. നഷ്ടപ്പെടാനൊന്നുമില്ലാതെ പോരാടുന്നവരെ വിലകുറച്ചുകാണരുതെന്ന് സിനദിന്‍ സിദാന്‍ റയലിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.