പ്രതിഭാസ്പര്‍ശമുള്ള ഒട്ടേറെ ഭാവിവാഗ്ദാനങ്ങള്‍ തങ്ങളുടെ ഫുട്ബാള്‍ നഴ്സറികളില്‍ പിറവിയെടുക്കുന്നുവെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വിളിച്ചറിയിക്കുന്നതായിരുന്നു ബ്രസീലില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും യുവനിരയുമായെത്തി സേട്ട് നാഗ്ജി ഫുട്ബാള്‍ ടുര്‍ണമെന്‍റിന്‍െറ ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയ 35000ത്തോളം കാണികളുടെ മനം കവര്‍ന്ന അത് ലറ്റികോ പരാനെന്‍സ്-വാട്ട്ഫോര്‍ഡ് എഫ്.സി പോരാട്ടം. ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ ഫുട്ബാളിന്‍െറ അജയ്യത വരുംനാളുകളിലും തങ്ങളില്‍ ഭദ്രമാണെന്ന് 23 വയസ്സിനു താഴെയുള്ള ഒരുകൂട്ടം പുത്തന്‍ പ്രതിഭകള്‍ കളിക്കളത്തില്‍ വരച്ചുകാട്ടുന്നു. ബ്രസീലിന്‍െറയും ഇംഗ്ലണ്ടിന്‍െറയുമെല്ലാം മേല്‍വിലാസം ലോക ഫുട്ബാളില്‍ എഴുതിചേര്‍ത്ത പെലെ, റൊണാള്‍ഡോ, സീക്കോ, റൊളാള്‍ഡീഞ്ഞോ, നെയ്മര്‍, ബെക്കാം, വെയ്ന്‍ റൂണിമാരുടെ പിന്‍ഗാമികളാകാന്‍ കെല്‍പ്പുള്ളവരുടെ നീണ്ടനിര തന്നെ തങ്ങളുടെ അണിയറയിലുണ്ടെന്ന് ഈ കുട്ടികള്‍ തെളിയിക്കുന്നു. ഇവിടെയാണ് ഇന്ത്യന്‍ ഫുട്ബാളിന് പഠിക്കാനേറെയുള്ളത്.
ബ്രസീല്‍ ദേശീയ ലീഗിലെ മുന്‍ ചാമ്പ്യന്മാരെന്ന പേരും പെരുമയുമായെത്തിയ പരാനെന്‍സ് ടീം 23 വയസ്സിന് താഴെയുള്ള കളിക്കാരുമായാണ് കളിക്കമ്പത്തിന് കേള്‍വികേട്ട കോഴിക്കോട്ട് പന്ത് തട്ടാനത്തെിയത്. 21 വയസ്സിന് താഴെയുള്ളവരെയായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലൊന്നായ വാട്ട്ഫോര്‍ഡ് എഫ്.സിയും അണിനിരത്തിയത്.
പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാതെ പോയെങ്കിലും ലാറ്റിനമേരിക്കന്‍ യുറോപ്യന്‍ ഫുട്ബാള്‍ ശൈലികളുടെ മിന്നലാട്ടങ്ങള്‍ 90 മിനുട്ട് നീണ്ട മത്സരത്തില്‍ കണ്ടുവെന്നത് ആശ്വസിക്കാം. എതിര്‍ ടീമുകളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അറിയാത്തതിന്‍െറ പോരായ്മയോടെയായിരുന്നു മത്സരം പുരോഗമിച്ചത്. ഒരു അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കിട്ടിയ ആദ്യ അവസരം തികച്ചും വ്യത്യസ്തമായ കാണികള്‍, സാഹചര്യം -മത്സരം ശരാശരിയിലൊതുങ്ങിയതിന് കാരണങ്ങള്‍ വേറെ തിരയേണ്ടിവരില്ല.
ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ട്രൈക്കര്‍മാരായ ലൂയിസ് ഫെലിപ്പ് സോറസ്, പത്താം നമ്പര്‍ ജഴ്സിക്കാരന്‍ ജോ പെഡ്രോ സില്‍വ എന്നിവര്‍ ഏറെ പ്രതീക്ഷകള്‍ പകരുന്ന താരങ്ങളാണെന്നതിന് തെളിവ് അവരുടെ കേളി മികവ്തന്നെയാണ്. ഇംഗ്ലണ്ട് ടീമില്‍ അവരുടെ സ്കോട്ടിഷുകാരനായ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ജാകുബിയാകാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്. രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ വേറെയുമുണ്ടെന്നും ഇരുടീമുകളും കളിക്കളത്തില്‍ തെളിയിച്ചു.
ഗ്രൗണ്ടുമായി ഇണങ്ങിചേരാന്‍ ഇംഗ്ലണ്ട് ടീം വൈകിയെന്നതാണ് വസ്തുത. പരാനെന്‍സാകട്ടെ എതിരാളികളെക്കാള്‍ എളുപ്പം കളിയിലേക്കെത്തി. മികച്ച രണ്ടു ഗോളുകളുമായി വാട്ട്ഫോഡിനെ അവര്‍ കീഴടക്കിയെങ്കിലും അവസാന 15 മിനുട്ടുനേരം കളത്തില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് ടീം ഒരു ഗോളെങ്കിലും മടക്കാന്‍ അര്‍ഹതപ്പെട്ട കളിയാണ് പുറത്തെടുത്തത്. അടുത്ത മത്സരത്തിൽ തിരിച്ചുവരുമെന്ന ലിവര്‍പൂളിന്‍െറ മുന്‍ വിംഗര്‍ കൂടിയായ അവരുടെ പരിശീലകന്‍ ഹാരി കെവലിന്‍െറ വാക്കുകള്‍ മുഖവിലക്കെടുത്തേ പറ്റു. പരാനെന്‍സുമായുള്ള വാട്ട്ഫോഡ് ടീമായിരിക്കില്ല നാഗ്ജിയില്‍ അടുത്ത മത്സരത്തിന് അണിനിരക്കുക, അതുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.