അര്‍ജന്‍റീനക്ക് കണ്ണീർ

കോഴിക്കോട്: ഡീഗോ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും ഇളംതലമുറയുടെ നിസ്സഹായതയും ലോകകിരീടത്തില്‍ ഉമ്മവെച്ച തോമസ് മ്യൂളറുടെയും മാനുവല്‍ നോയറുടെയും പിന്‍മുറക്കാരുടെ വിജയാരവവും വിരുന്നൊരുക്കി ഒരു ഫുട്ബാള്‍ പോരാട്ടം. നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്‍റീന അണ്ടര്‍ 23 ടീമിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോള്‍ ജയവുമായി ജര്‍മനിയില്‍നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക്കുകാര്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വാണു. അര്‍ജന്‍റീന കുപ്പായവും പതാകയുമായി നേരത്തേതന്നെ ഗാലറിയില്‍ ഇരിപ്പുറപ്പിച്ച ആരാധകപ്പടയുടെ ആവേശം ആറിത്തണുപ്പിച്ചുകൊണ്ട് ആദ്യ പകുതിയില്‍ തന്നെ ജര്‍മനിക്കാര്‍ രണ്ടു ഗോളടിച്ചു. 17ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കില്‍നിന്ന് വഴിമാറിയ പന്ത് ഗോളാക്കി ഫെലിക്സ് ബാഷ്മിഡാണ് ആദ്യം വലകുലുക്കിയത്. 25ാം മിനിറ്റില്‍ ഉജ്ജ്വലമായ ഷോട്ടിലൂടെ സൈമണ്‍ സെഫറിങ്സ് ലീഡുയര്‍ത്തി. രണ്ടാം പകുതിയിലെ 78ാം മിനിറ്റില്‍ പകരക്കാരന്‍ ക്രിസ്റ്റ്യന്‍ കോപലിലൂടെയായിരുന്നു മൂന്നാം ഗോള്‍ പിറന്നത്.
ഒളിമ്പിക്സിനൊരുങ്ങുന്ന അര്‍ജന്‍റീന യുവസംഘത്തിന്‍െറ സാമ്പിളുമായത്തെിയ കോച്ച് ജൂലിയോ ഒലാട്ടൊകോഷെയെയും വലിയ പ്രതീക്ഷകള്‍ പുലര്‍ത്തിയ ആരാധകരുടെയും കണ്ണുതുറപ്പിക്കുന്ന പ്രകടനവുമായാണ് മ്യൂണിക്കിലെ സമ്പൂര്‍ണ ജര്‍മന്‍പട വിജയം നേടിയത്. അടിമുടി കളി നിയന്ത്രിച്ചതിനൊപ്പം, വലകുലുക്കിയത് മൂന്നും എണ്ണം പറഞ്ഞ ഗോളുകള്‍. ഒപ്പം, വലക്കുപുറത്തേക്ക് പറന്ന അരഡസനോളം അവസരങ്ങളുമൊരുക്കി ജര്‍മനി ഭാവി ഫുട്ബാള്‍ ലോകവും തങ്ങളുടേതാണെന്ന് തെളിയിച്ചു.    

സീറോ അര്‍ജന്‍റീന
കളമുണരും മുമ്പേയത്തെിയ മഞ്ഞക്കാര്‍ഡ് അര്‍ജന്‍റീനയുടെ ശനിദശയുടെ കൂടി സൂചനയായിരുന്നു. വിങ്ങിലൂടെ എണ്ണയിട്ട യന്ത്രംകണക്കെ ജര്‍മന്‍ സംഘം നടത്തിയ മുന്നേറ്റത്തില്‍ അര്‍ജന്‍റീന കളി മറന്നുപോയി. അഞ്ചാം മിനിറ്റില്‍ തന്നെ ഫെലിക്സ് ബാഷ്മിഡിന്‍െറ ഇടതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തില്‍ അര്‍ജന്‍റീനയുടെ കെട്ടുപൊട്ടിയിരുന്നു. 3-4-2-1 പൊസിഷനില്‍ പ്രതിരോധത്തിനും വിങ്ങിലൂടെയുള്ള ആക്രമണത്തിനും മുന്‍തൂക്കം നല്‍കിയ മ്യൂണിക് സംഘത്തിന്‍െറ നീക്കങ്ങളുടെയെല്ലാം ചുക്കാന്‍ മുന്നേറ്റനിരയിലെ സെഫറിങ്സിന്‍െറയും നികളസ് അന്‍ഡര്‍മാര്‍ട്ടിന്‍െറയും ബൂട്ടുകളിലായിരുന്നു. പ്രതിരോധത്തില്‍നിന്ന് ഓവര്‍ലാപ്പിലൂടെ ഫാബിയന്‍ ഹ്യൂസ്ലറും ഫെലിക്സ് വെബറും പന്തൊഴുക്കും നിയന്ത്രിച്ചതോടെ ചാമ്പ്യന്‍ഷിപ്പിലെ ഏക ദേശീയ സംഘം ചിത്രത്തിലേ ഇല്ലാതായി. 11ാം മിനിറ്റില്‍ അര്‍ജന്‍റീന ഗോള്‍മുഖം പൊള്ളിച്ചുകൊണ്ട് ജര്‍മന്‍ പടയുടെ ഉഗ്രന്‍ മുന്നേറ്റം. ഒന്നാം പകുതി തീര്‍ത്തും ജര്‍മനിയുടെ പക്ഷത്തായി. രണ്ടാം പകുതിയില്‍ അലന്‍ സോസയും ബ്രയാന്‍ സാഞ്ചസും നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന ചില മുന്നേറ്റങ്ങളിലൂടെ അര്‍ജന്‍റീന സാന്നിധ്യമറിയിച്ചെങ്കിലും ജര്‍മന്‍ ഗോളി കയ് ഫ്രിറ്റ്സിനെ മറികടക്കാനായില്ല.

ഗോള്‍ഡന്‍ മൊമന്‍റ്സ്
17ാം മിനിറ്റ്: ബോക്സിനുള്ളില്‍ മ്യൂണിക് ടീമംഗം ഫെലിക്സ് ബാഷ്മിഡിനെതിരെ അര്‍ജന്‍റീന ഡിഫന്‍ഡര്‍ ഗബ്രിയേല്‍ ബാര്‍ബിയേറിയുടെ ഫൗളിന് റഫറിയുടെ പെനാല്‍റ്റി വിളി. കിക്കെടുത്ത മ്യൂണിക്കിന്‍െറ നാലാം നമ്പര്‍ ഫെലിക്സ് വെബറിന്‍െറ ഷോട്ട് അര്‍ജന്‍റീന ഗോളി ഫകുന്‍ഡോ ഫെരീറോ ഡൈവ് ചെയ്ത് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ പെനാല്‍റ്റിക്ക് വഴിയൊരുക്കിയ ബാഷ്മിഡ് തന്നെ വലകുലുക്കി. 1-0.

25ാം മിനിറ്റ്: തുടര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ അര്‍ജന്‍റീന പ്രതിരോധച്ചോര്‍ച്ച തുറന്നുകാട്ടി വീണ്ടും ഗോള്‍. വിങ്ങിലൂടെ 18ാം നമ്പര്‍ എയ്ഞ്ചലോ മേയറുടെ നീക്കത്തിലത്തെിയ പന്ത് അര്‍ജന്‍റീന ഡിഫന്‍ഡറുടെ ബൂട്ടിലൂടെ വഴിമാറിയപ്പോള്‍ മാര്‍ക്ക് ചെയ്യാതെ നിന്ന സൈമണ്‍ സെഫറിങ്സിന് പാകം. 25 വാര അകലെനിന്ന് വായുവിലുയര്‍ന്ന് ബാലന്‍സോടെ തൊടുത്ത ഷോട്ടില്‍ അര്‍ജന്‍റീന നെഞ്ചകം പിളര്‍ന്നുപോയി. 2-0.

78ാം മിനിറ്റ്: രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടെ ആക്രമണങ്ങള്‍ക്കിടെ മൂന്നാം ഗോള്‍. ഇടതു വിങ്ങിലൂടെ എയ്ഞ്ചലോ മെയറിലൂടെയത്തെിയ അതിവേഗ നീക്കത്തില്‍ അര്‍ജന്‍റീന പ്രതിരോധം പൊളിച്ച് പകരക്കാരനായിറങ്ങിയ ക്രിസ്റ്റ്യന്‍ കോപല്‍ ഗോള്‍ലൈന്‍ ഷോട്ടിലൂടെ കോരിയിട്ട പന്ത് ഗോളി ഫെരീറോയെ നിസ്സഹായനാക്കി വലയുടെ വലതു മൂലയില്‍. 3-0

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.