?????? ????????? ???????????? ??????? ??????? ??????????? ?????????? ?????????? ??????? ??????????? ??????? 23????? ????? ????????? ???????

അര്‍ജന്‍റീന പുറത്തേക്ക്; നിപ്രൊ സെമിയില്‍

കോഴിക്കോട്: ആവേശം നെഞ്ചേറ്റിയ മലയാളി ആരാധകരെ അര്‍ജന്‍റീന യുവനിര ഒരിക്കല്‍ക്കൂടി തോല്‍പിച്ചു. അര്‍ജന്‍റീന പതാകയും ജഴ്സിയും ബാന്‍ഡ്വാദ്യവുമായി ഗാലറിയുടെ മുക്കാല്‍ ഭാഗവും നിറച്ച് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ബ്വേനസ് എയ്റിസോ റൊസാരിയോയോ പോലെയാക്കിയ ആരാധകര്‍ അവസാനം ഇഷ്ടടീമിനെ കൈവിട്ട് കൂകിവിളിച്ചു. നിരാശ എതിരാളികള്‍ക്കുള്ള പിന്തുണയായി മാറിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ പിറന്ന ഇരട്ടഗോളോടെ യുക്രെയ്ന്‍കാരായ നിപ്രൊ പെട്രോസ്ക് തുടര്‍ച്ചയായ രണ്ടാം ജയവുമായി സേട്ട് നാഗ്ജി ഫുട്ബാളിന്‍െറ സെമിയിലേക്ക്. രണ്ടു കളിയും തോറ്റ അര്‍ജന്‍റീന യുവസംഘത്തിന്‍െറ സെമി സ്വപ്നം ഏതാണ്ട് അസ്തമിച്ചു.

അവസരങ്ങളൊരുക്കുന്നതിലും അതേ വേഗത്തില്‍ അവ കളഞ്ഞുകുളിക്കുന്നതിലും ഇരുടീമുകളും മത്സരിച്ചപ്പോള്‍ ഇഞ്ചുറി ടൈമിലെ 91, 93 മിനിറ്റുകളിലായിരുന്നു അര്‍ജന്‍റീന അണ്ടര്‍ 23ന്‍െറ കഥകഴിച്ച രണ്ടു ഗോളും പിറന്നത്. മരണക്കളിയിലേക്ക് നീങ്ങിയ അന്ത്യനിമിഷത്തില്‍ യുറി വാകുല്‍കോയും പകരക്കാരനായിറങ്ങിയ വിറ്റാലി കിര്‍യേവുമാണ് യുക്രെയ്ന്‍കാരുടെ സെമിബെര്‍ത്തുറപ്പിച്ച ഗോളുകള്‍ നേടിയത്. 85ാം മിനിറ്റില്‍ നിപ്രൊ അര്‍ജന്‍റീന വലകുലുക്കിയിരുന്നെങ്കിലും റഫറിയുടെ ഓഫ്സൈഡ് ഫ്ളാഗ് ഗോള്‍ നിഷേധിച്ചു.ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഷംറോക്കിനെതിരെ വന്‍ മാര്‍ജിനില്‍ ജയിക്കുകയും നിപ്രൊ, മ്യൂണിക്കിനെ വ്യക്തമായ ലീഡില്‍ തോല്‍പിക്കുകയും ചെയ്താലേ അര്‍ജന്‍റീനക്ക് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളൂ.
കളിയിലുടനീളം ഇരു നിരയും സൃഷ്ടിച്ച അവസരങ്ങളില്‍ പകുതിയെങ്കിലും ഗോളായിരുന്നെങ്കില്‍ അരഡസനിലേറെ തവണ വലകുലുങ്ങിയേനെ. നിപ്രൊ 13 തവണ ഷോട്ടുകള്‍ പായിച്ചപ്പോള്‍ 20 തവണയാണ് അര്‍ജന്‍റീന എതിര്‍ പോസ്റ്റിലേക്ക് ചാട്ടുളിപോലെ പന്തുമായി കുതിച്ചത്. ഗോളിലേക്ക് പായിച്ച ഷോട്ടുകളുടെ എണ്ണത്തിലും പകുതിയിലേറെ മുന്‍തൂക്കം അര്‍ജന്‍റീനക്കായിരുന്നു.

ജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ളെന്ന ബോധ്യത്തോടെയായിരുന്നു അര്‍ജന്‍റീനയുടെ തുടക്കം. 1860 മ്യൂണിക്കിനെ നേരിട്ട ഒരു മാറ്റം മാത്രമേ കോച്ച് ജൂലിയോ ഒലാര്‍ട്ടികോഷ്യ ടീമില്‍ വരുത്തിയുള്ളൂ. അതേസമയം, ഷംറോക്കിനെതിരെ ജയത്തോടെ തുടങ്ങിയ നിപ്രൊ പ്ളെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ആദ്യ പകുതിയില്‍ അര്‍ജന്‍റീനയുടെ ബൂട്ടിലായിരുന്നു കളി മുഴുവന്‍. തങ്ങളെക്കാള്‍ ഉയരക്കാരായ നിപ്രൊ പ്രതിരോധത്തെ വെള്ളംകുടിപ്പിച്ച് എട്ടാം നമ്പര്‍ മൗറോ മോര്‍ടിസും ഒമ്പതാം നമ്പര്‍ പെഡ്രോ സോസയും പന്തുമായി പലതവണ കുതിച്ചു. പക്ഷേ, പെനാല്‍റ്റി ബോക്സിലെ അഞ്ചു ഡിഫന്‍ഡര്‍മാരെ വരെ നിര്‍ത്തിയ നിപ്രൊ എല്ലാ കുതിപ്പും തച്ചുടച്ചു. ഹൈബാളിലൂടെ പന്തത്തെിക്കാനായി അടുത്ത ശ്രമം. എന്നാല്‍, അവിടെയും എതിരാളിയുടെ ഉയരവും ഗോളി ഇഹോര്‍ വര്‍സാബയുടെ പ്രകടനവും ഗോളുകള്‍ നിഷേധിച്ചു.

രണ്ടാം പകുതിയില്‍ നിപ്രൊ കൂടുതല്‍ ആസൂത്രിതമായി. എതിര്‍ നീക്കങ്ങളുടെ നെടുന്തൂണായ ഓര്‍ടിസിന് കത്രികപ്പൂട്ടൊരുക്കിയതിനൊപ്പം യൂറി വാല്‍കുകോയും വ്ളാഡിസ്ലാവ് കൊഷെര്‍ജിനും വിങ്ങിലൂടെ മാറിമാറി അര്‍ജന്‍റീന ഗോള്‍മുഖം റെയ്ഡ്ചെയ്തു. പക്ഷേ, മിന്നുന്ന ഫോമിലായിരുന്നു ഗോളി ഫകുന്‍ഡോ ഫെരീറോ. നിര്‍ഭാഗ്യവും തിരിച്ചടിയായി. അവസാന മിനിറ്റുകളടുത്തപ്പോള്‍ പന്ത് ഇരുപകുതിയിലേക്കും വിശ്രമമില്ലാതെ കുതിക്കുകയായിരുന്നു. പക്ഷേ, അവസാന മിനിറ്റിലെ കൂട്ടാക്രമണത്തില്‍ സ്വന്തം ഗോള്‍മുഖം കരുതാന്‍ മറന്നത് അര്‍ജന്‍റീനക്ക് വിനയായി. ഒപ്പം, നിപ്രൊക്ക് അര്‍ഹിച്ച ജയവും. അര്‍ജന്‍റീനയുടെ മൗറോ ഓര്‍ടിസാണ് മാന്‍ ഓഫ് ദ മാച്ച്.

ഗോള്‍ 1-0: എഫ്.സി നിപ്രൊ 91ാം മിനിറ്റ്
അര്‍ജന്‍റീന ഗോള്‍മുഖത്തോടു ചേര്‍ന്ന് നിപ്രൊക്ക് ലഭിച്ച ഫ്രീകിക്ക് അര്‍ജന്‍റീന പ്രതിരോധത്തില്‍ കുരുങ്ങിയെങ്കിലും മാര്‍ക്ക്ചെയ്യാതെ കിടന്ന യുറി വാല്‍കുകോ പന്ത് റാഞ്ചി പറന്നു. പിന്നാലെ കൂടിയ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് പന്ത് നിയന്ത്രണത്തില്‍ ഉറപ്പിച്ചശേഷം ഗോളിയെ കബളിപ്പിച്ച് വലയുടെ മൂലയിലേക്ക്. ഗാലറിയെ സ്തബ്ധരാക്കി നിപ്രൊയുടെ ആഘോഷം.

2-0:എഫ്.സി നിപ്രൊ 93ാം മിനിറ്റ്
ഗോളില്‍ പകച്ചുപോയ അര്‍ജന്‍റീന തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏകപക്ഷീയമായ പ്രത്യാക്രമണം. മധ്യവരയില്‍നിന്ന് യുറി വാല്‍കുകോ നല്‍കിയ ക്രോസിലൂടെ വിറ്റാലി കിര്‍യേവ് മുന്നേറുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. പെനാല്‍റ്റി ബോക്സ് വരെ ഓടിയ കിര്‍യേവ് ഗോളിയുടെ ബാലന്‍സ് തെറ്റിച്ച് പന്ത് കോരിയെറിയുമ്പോള്‍ തുറന്നിട്ട പോസ്റ്റ് വീണ്ടും കുലുങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.