ആവേശമായി റൊണാൾഡിന്യോ കോഴിക്കോട്ട്

കോഴിക്കോട്: ബ്രസീൽ സൂപ്പർ താരം റൊണാൾഡിന്യോ കോഴിക്കോട്ടെത്തി. ദുബൈയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ താരം അവിടെ നിന്ന് ചാർട്ടേഡ് വിമാനത്തിൽ രാവിലെ 10.10നാണ് കരിപ്പൂരിൽ ഇറങ്ങിയത്. വിമാനമിറങ്ങിയെങ്കിലും ആരാധകരുടെ തിരക്കുകാരണം 'റൊ'ക്ക് കുറച്ചുനേരത്തേക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. അരമണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ ഇരിക്കേണ്ടിവന്നു. തുടർന്ന് എ. പ്രദീപ്കുമാർ എം.എൽ.എ, കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് സിദ്ധിഖ് അഹ്മദ് എന്നിവർ ചേർന്ന് താരത്തെ വി.ഐ.പി റൂമിലേക്ക് മാറ്റുകയായിരുന്നു.

വൻ ആരാധകക്കൂട്ടമാണ് വിമാനത്താവളത്തിൽ താരത്തെ കാത്തുനിന്നത്. മുൻ ലോക ഫുട്ബാളറുടെ ചിത്രമുള്ള പ്ലക്കാർഡുകളേന്തിയായിരുന്നു ആരാധകർ എത്തിയത്.

പൊലീസ് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. തിരിക്കിനടയിൽ പണിപ്പെട്ടാണ് ബ്രസീൽ താരത്തെ പുറത്തെത്തിച്ചത്. തുടർന്ന് റോഡുമാർഗം കടവ് റിസോർട്ടിലേക്ക് തിരിച്ചു.ആരാധകരുടെ അഞ്ഞൂറോളം വരുന്ന ബൈക്കുകൾ താരത്തെ അനുഗമിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നാഗ്ജി ക്ലബ് ഫുട്ബാളിന്‍റെ ചടങ്ങിൽ റൊണാൾഡിന്യോ പങ്കെടുക്കുന്നത്. നാഗ്ജി കുടുംബത്തിൽ നിന്ന് അദ്ദേഹം ട്രോഫി ഏറ്റുവാങ്ങും. കടപ്പുറത്താണ് പരിപാടി. പാസ്സുള്ളവർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശം. കോഴിക്കോട്ടെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. സൗദിയിലെ ഇന്ത്യൻ ഫുട്ബാൾ ലീഗ് സംഘാടകരായ മൊണ്ട്യാൽ സ്പോർട്സ് മാനേജ്മെൻറിൻെറ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.