റെയ്ക്ജാവിക്: ഒരു തെരുവ് ഒന്നാകെ കവിഞ്ഞുനിന്ന് ത്രസിക്കുകയായിരുന്നു. ഡ്രമ്മില്‍നിന്നുയരുന്ന ഓരോ താളത്തിനുമൊപ്പിച്ച് പതിനായിരങ്ങള്‍ ഒരു ഓര്‍ക്കസ്ട്രയിലെന്നകണക്കെ കൈകൊട്ടി. അപ്പോള്‍ ഐസ്ലന്‍ഡ് എന്ന ചെറുരാജ്യത്തിന്‍െറ ഹൃദയം ഒരേ ക്രമത്തില്‍ മിടിക്കുകയായിരുന്നു; അവരുടെ നാടിന്‍െറ പെരുമ ഈഫല്‍ ടവറിന്‍െറ നാട്ടില്‍ വാനോളം ഉയര്‍ത്തിയവരെ ഓര്‍ത്ത്.
യൂറോകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ വഴങ്ങി പുറത്തായെങ്കിലും ഐസ്ലന്‍ഡ് ടീമിന് നാട്ടുകാര്‍ നല്‍കിയ വരവേല്‍പ് ലോകകപ്പ് നേടിയ ടീമിനെപ്പോലെയായിരുന്നു. അപ്പോള്‍ ടീമംഗങ്ങള്‍ തോറ്റ സൈന്യത്തിലെ പടയാളികളെപ്പോലെയായിരുന്നില്ല. ജയിച്ച സൈന്യത്തിലെ പടനായകരെപ്പോലെയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ അത്രപോലും ജനസംഖ്യയില്ലാത്ത ഐസ്ലന്‍ഡ് ലോക ഫുട്ബാളില്‍ ആദ്യമായാണ് ഇങ്ങനെയൊരു മുന്നേറ്റം കാഴ്ചവെച്ചത്. യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ഹോളണ്ടിനെ പുറത്താക്കി തുടങ്ങിയ ഐസ്ലന്‍ഡ്, ഗ്രൂപ് മത്സരത്തില്‍ ഓസ്ട്രിയയെ തോല്‍പിച്ചപ്പോള്‍ ഹംഗറിക്കും പോര്‍ചുഗലിനുമെതിരെ ജയത്തിന് സമാനമായ സമനില പിടിച്ചുവാങ്ങി. പക്ഷേ, പ്രീക്വാര്‍ട്ടറിലായിരുന്നു കളി. 2-1ന് ഇംഗ്ളണ്ടിനെ കെട്ടുകെട്ടിച്ച് ഇംഗ്ളീഷ് ജനതയെ അവര്‍ കണ്ണീരിലാഴ്ത്തി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും എതിരാളികളുടെ വലയില്‍ രണ്ടു ഗോളുകള്‍ അടിച്ചുകയറ്റി രാജകീയമായായിരുന്നു പുറത്തേക്ക് പോയത്.
ഐസ് ലന്‍ഡുകാരെ സംബന്ധിച്ചിടത്തോളം ആഘോഷമാക്കാന്‍ ഇത് ധാരാളം. സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കളിക്കാരെ ആദരിച്ചു. അപ്പോള്‍ വ്യോമസേനയുടെ വിമാനങ്ങള്‍ തലക്കു മുകളില്‍ പറന്ന് വര്‍ണക്കാഴ്ചകളൊരുക്കി. വെള്ളം ചീറ്റിച്ച് മഴവില്‍ വരച്ചുവെച്ചു.
‘ഇതൊരു സ്വപ്നംപോലെ തോന്നുന്നു’ -ഫ്രാന്‍സിനെതിരെ ഗോളടിച്ച സ്ട്രൈക്കര്‍ കോള്‍ബെയിന്‍ സിങ്തോര്‍സണ്‍ ആരാധകരുടെ ആഹ്ളാദം കണ്ട് പറഞ്ഞതിങ്ങനെ. തലസ്ഥാനമായ റെയ്ക്ജാവികിലൂടെ ഇരുനില ബസിലാണ് താരങ്ങളെ ആനയിച്ചുകൊണ്ടുവന്നത്. ‘യക്ഷിക്കഥകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ, അപൂര്‍വമായേ സംഭവിക്കൂ എന്നുമാത്രം. ഐസ്ലന്‍ഡ് ടീം മൈതാനത്ത് കാഴ്ചവെച്ചത് അതാണ്’ -പ്രധാനമന്ത്രി സിഗുര്‍ദുര്‍ ഇന്‍ഗി ജോഹാന്‍സണ്‍ ആഹ്ളാദം പങ്കുവെച്ചു. താരങ്ങളും ആരാധകരും ചേര്‍ന്ന് ടീമിന്‍െറ നേട്ടം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.