ഫ്രാന്‍സില്‍ യൂറോകപ്പ് തിരക്കിനിടെ സിദാന്‍ മുംബൈയില്‍

മുംബൈ: നാട്ടില്‍ യൂറോകപ്പ് അരങ്ങേറുമ്പോള്‍ മുംബൈയില്‍ സ്വകാര്യ ചടങ്ങിന്‍െറ തിരക്കിലാണ് ഫ്രാന്‍സിന് ലോകകപ്പും യൂറോകപ്പും നേടിക്കൊടുത്ത സൂപ്പര്‍ താരം സിനദിന്‍ സിദാന്‍. പത്ത് വര്‍ഷം മുമ്പ് ലോകകപ്പ് ഫുട്ബാള്‍ ഫൈനലില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍കോ മറ്റരാസിയെ തലകൊണ്ടിടിച്ചതില്‍ ഖേദമുണ്ടെന്ന് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി മുംബൈയിലത്തെിയ സിദാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘2006ല്‍ സംഭവിച്ചതില്‍ എനിക്ക് അഭിമാനമില്ല. അതുപോലെ പെരുമാറാന്‍ ഒരു താരത്തോടും ഞാന്‍ ഉപദേശിക്കാറില്ല’. യുവതാരങ്ങളോട് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യത്തിനാണ് 2006 ഫൈനലിലെ സംഭവങ്ങള്‍ സിദാന്‍ വിശദീകരിച്ചത്. എതിരാളികളില്‍നിന്ന് എന്ത് പ്രകോപനമുണ്ടായാലും സ്വയം നിയന്ത്രിക്കാനാണ് യുവതാരങ്ങളോട് പറയാനുള്ളത്.

തെറ്റുകള്‍ ജീവിതത്തിന്‍െറ ഭാഗമാണെന്നും അതില്‍നിന്ന് പാഠം പഠിക്കണമെന്നും റയല്‍ മഡ്രിഡിനെ ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളാക്കിയ സിദാന്‍ പറഞ്ഞു. 2002ല്‍ കളിക്കാരനെന്ന നിലയില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയത് വിസ്മയകരമായ അനുഭവമായിരുന്നെന്നും ഇത്തവണ പരിശീലകനായുള്ള കിരീടനേട്ടം വമ്പന്‍ സംതൃപ്തിയാണ് നല്‍കിയതെന്നും സിദാന്‍ പറഞ്ഞു. കളിക്കാരനായുള്ള പരിചയം ഉപയോഗപ്പെടുത്തിയാണ് പരിശീലകനായി മുന്നേറുന്നതെന്നും മുന്‍ ഫ്രഞ്ച് നായകന്‍ പറഞ്ഞു. യൂറോകപ്പ് വമ്പന്‍ പോരിടമാണെന്നും എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കേണ്ട അവസരമാണിതെന്നും സ്വന്തം നാട്ടില്‍ വെള്ളിയാഴ്ച തുടങ്ങിയ യൂറോകപ്പിന് തീവ്രവാദ ഭീഷണിയെക്കുറിച്ച് സിദാന്‍ അഭിപ്രായപ്പെട്ടു. വംശീയമായ ഒറ്റപ്പെടുത്തലുകള്‍ ഫ്രഞ്ച് ടീമില്‍ താന്‍ അനുഭവിച്ചിട്ടില്ളെന്ന് അല്‍ജീരിയന്‍ വംശജനായ സിസു പറഞ്ഞു.


പ്രായം കുറവാണെങ്കിലും വിവിധ ലീഗുകളില്‍ കളിച്ചുപരിചയമുള്ള ഫ്രാന്‍സിന് യൂറോ കപ്പ് നേടാന്‍ കെല്‍പുണ്ട്. നാട്ടില്‍ കളിക്കുന്നതിന്‍െറ സമ്മര്‍ദമുണ്ടെന്ന് തോന്നുന്നില്ല. ബെല്‍ജിയം മികച്ച ടീമുകളിലൊന്നാണെന്നും സിദാന്‍ പറഞ്ഞു. രാത്രി വര്‍ളിയില്‍ നടന്ന പ്രദര്‍ശന മത്സരം കാണാന്‍ സിദാനത്തെിയിരുന്നു. അഞ്ചുവീതം ഇന്ത്യന്‍താരങ്ങള്‍ അണിനിരന്ന മത്സരമായിരുന്നു അത്. ബൈച്യുങ് ബൂട്ടിയ, സുനില്‍ ഛേത്രി, സുബ്രതാ പോള്‍, റെനഡി സിങ്, ഗൗര്‍മാങ്കി സിങ്, മന്ദര്‍ റാവു ദേശായ്, ജയേഷ് റാണ, സന്ദേശ് ജിങ്കാന്‍ തുടങ്ങിയവരാണ് കളിച്ചത്. ഭാര്യ വെറോണിക്കയും സിദാനൊപ്പമുണ്ട്. ശനിയാഴ്ചയും ഇന്ത്യയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.